അമേരിക്കയെ കൊണ്ട് മാപ്പുപറയിപ്പിച്ച ചൈനീസ് വീര്യവും ഒമാന്‍ തീരത്തെ ഇന്ത്യന്‍ മൗനവും
Discourse
അമേരിക്കയെ കൊണ്ട് മാപ്പുപറയിപ്പിച്ച ചൈനീസ് വീര്യവും ഒമാന്‍ തീരത്തെ ഇന്ത്യന്‍ മൗനവും
ആര്യ. പി
Friday, 19th June 2026, 1:31 pm

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ അഹങ്കാരവുമായി ലോകപൊലീസ് ചമഞ്ഞു നടക്കുന്ന അമേരിക്കയും അവരുടെ സഖ്യകക്ഷികളായ നാറ്റോയും ഒരിക്കലും മറക്കാത്ത, ഒരു കറുത്ത അധ്യായത്തിന്റെ കഥയാണിത്.

1999 മെയ് 7 ലെ അര്‍ദ്ധരാത്രിയില്‍ ബെല്‍ഗ്രേഡില്‍ വീണ ബോംബുകള്‍ ഒരു കെട്ടിടം തകര്‍ത്തു. ചൈന എന്ന ഏഷ്യന്‍ ശക്തിയുടെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുത്ത ഒരു നയതന്ത്ര യുദ്ധത്തിന്റെ തുടക്കമായിരുന്നു അത്.

യുഗോസ്ലാവിയയിലെ നാറ്റോ ബോംബാക്രമണത്തിന്റെ ഭാഗമായി അമേരിക്കന്‍ വ്യോമസേനയുടെ അത്യാധുനിക ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനമായിരുന്നു ബെല്‍ഗ്രേഡിലെ ചൈനീസ് എംബസിക്ക് മുകളില്‍ മാരകമായ ബോംബുകള്‍ വര്‍ഷിച്ചത്.

യുദ്ധപശ്ചാത്തലത്തില്‍ എംബസി ജീവനക്കാരെ, ചൈന നേരത്തെ തന്നെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിരുന്നെങ്കിലും ആ ആക്രമണത്തില്‍ ചൈനീസ് മാധ്യമപ്രവര്‍ത്തകരായ ഷാവോ യുന്‍ഹുവാന്‍, സു സിന്‍ഹു, അദ്ദേഹത്തിന്റെ ഭാര്യ സു യിങ് എന്നിവര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഇരുപതിലധികം നയതന്ത്രജ്ഞര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ചൈനീസ് എംബസിക്ക് നേരെ നടന്ന അമേരിക്കയുടെ ബോംബാക്രമണം ലോകത്തെ ഞെട്ടിച്ചു.

ലക്ഷ്യം മാറിപ്പോയതാണെന്നും, 440 മീറ്റര്‍ അകലെയുള്ള യുഗോസ്ലാവ് ആയുധ ഇറക്കുമതി ആസ്ഥാനമാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്നുമുള്ള സ്ഥിരം അമേരിക്കന്‍ ‘അബദ്ധ’ ന്യായീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി.

‘ഞങ്ങളുടെ പക്കലുണ്ടായിരുന്ന പഴയ ഭൂപടത്തില്‍ ചൈനീസ് എംബസിയുടെ സ്ഥാനം ഇതായിരുന്നില്ല. സി.ഐ.എയ്ക്ക് പിഴവ് പറ്റി.’ എന്നായിരുന്നു സി.ഐ.എ ഡയറക്ടര്‍ ജോര്‍ജ്ജ് ടെനെറ്റിന്റെ പ്രതികരണം.

‘ആക്രമണം നടത്തുന്നതിന് മുന്‍പ്, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, എംബസികള്‍ എന്നിവയുള്‍പ്പെടുന്ന ‘നോ-സ്ട്രൈക്ക്’ ഡാറ്റാബേസ് പരിശോധിച്ച് ലക്ഷ്യസ്ഥാനങ്ങള്‍ ഉറപ്പുവരുത്തിയിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു.

എംബസിയുടെ പഴയ വിലാസമാണ് പട്ടികയില്‍ ഉണ്ടായിരുന്നത് എന്നതിനാല്‍ ഒരു തരത്തിലുള്ള അപകടസാധ്യതയും ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി കണ്ടില്ലെന്ന ന്യായവും അമേരിക്ക നിരത്തി.

എന്നാല്‍ ഈ ‘ഭൂപടക്കഥ’ വെറുമൊരു നാടകമാണെന്ന് വൈകാതെ തെളിഞ്ഞു. ബ്രിട്ടീഷ് പത്രമായ ദി ഒബ്സര്‍വറും ഡാനിഷ് പത്രമായ പൊളിറ്റിക്കനും നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു.

നേപ്പിള്‍സിലെ നാറ്റോ ഫ്ലൈറ്റ് കണ്‍ട്രോളറുടെ കമ്പ്യൂട്ടറിലും ഭൂപടത്തിലും ചൈനീസ് എംബസിയുടെ കൃത്യമായ വിലാസം ഉണ്ടായിരുന്നു!

രണ്ട് മാസം മുന്‍പ് യുഗോസ്ലാവിയ വെടിവച്ചിട്ട അമേരിക്കയുടെ എഫ്-117 സ്റ്റെല്‍ത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചൈനീസ് എംബസി ശേഖരിച്ചിട്ടുണ്ടെന്ന സംശയത്തിലും, യുഗോസ്ലാവ് സൈന്യത്തിന് ചൈനീസ് എംബസി രഹസ്യ സന്ദേശങ്ങള്‍ കൈമാറുന്നുണ്ടെന്ന നിഗമനത്തിലുമാണ് അമേരിക്ക മനഃപൂര്‍വ്വം ബോംബറിഞ്ഞത് എന്ന് ഈ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഇതിന് പിന്നാലെ ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍, ‘ചില സൈനിക പ്രവര്‍ത്തനങ്ങള്‍ നാറ്റോയുടെ കര്‍ശനമായ ചട്ടക്കൂടുകള്‍ക്ക് പുറത്താണ് അമേരിക്ക നടത്തിയത്’ എന്ന് ചൂണ്ടിക്കാട്ടി.

നാറ്റോയുടെ കമാന്‍ഡ് ഘടനയ്ക്ക് പുറത്തുനിന്നുകൊണ്ട് അമേരിക്ക സ്വന്തം നിലയ്ക്ക് ദൗത്യങ്ങള്‍ നടത്തിയത് യു.എസും നാറ്റോയിലെ മറ്റ് സഖ്യകക്ഷികളും, പ്രത്യേകിച്ച് ഫ്രാന്‍സും തമ്മില്‍ കടുത്ത തര്‍ക്കങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.

ആക്രമണത്തിനായി അമേരിക്ക ഉപയോഗിച്ച ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനം വിന്യസിക്കാന്‍ യഥാര്‍ത്ഥത്തില്‍ നാറ്റോയ്ക്ക് അധികാരമില്ലായിരുന്നു.

എന്നാല്‍ ആക്രമണത്തിന് പിന്നാലെ വെറുതെയിരിക്കാന്‍ ചൈന തയ്യാറായിരുന്നില്ല. നടന്നത് ‘ക്രൂരമായ ആക്രമണവും ചൈനീസ് പരമാധികാരത്തിന്മേലുള്ള കടുത്ത ലംഘനവുമാണെന്ന് ചൈന ഔദ്യോഗിക ടെലിവിഷനിലൂടെ പ്രസ്താവനയിറക്കി.

ഐക്യരാഷ്ട്രസഭയിലെ ചൈനീസ് അംബാസഡര്‍ ഈ സംഭവത്തെ ‘നാറ്റോയുടെ കിരാതമായ പ്രവൃത്തി’ എന്ന് വിശേഷിപ്പിച്ചു. ഇത് യു.എന്‍. ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ജനീവ കണ്‍വെന്‍ഷന്‍ തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബോംബാക്രമണത്തിന് തൊട്ടുപിന്നാലെ ചേര്‍ന്ന അടിയന്തര ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജിയാങ് സെമിന്‍ തന്റെ അമര്‍ഷം തുറന്നടിച്ചു. ‘എനിക്ക് കടുത്ത ഞെട്ടലും രോഷവുമാണ് തോന്നുന്നത്. സംഭവിച്ചത് നിസാര കാര്യമല്ല.
തികച്ചും നിര്‍ണായകമായ സാഹചര്യമാണ്. ചൈനീസ് ജനതയെ ഭീഷണിപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല!

‘ മാവോ സെതുങ്ങും ഷൗ എന്‍ലൈയും ആണവായുധങ്ങളും ഉപഗ്രഹങ്ങളും വികസിപ്പിക്കുന്നതിലേക്ക് ചൈനയെ നയിച്ചിട്ടില്ലായിരുന്നെങ്കില്‍, ‘നമ്മള്‍ ഇതിനകം തന്നെ ആക്രമിക്കപ്പെടുമായിരുന്നു,’ എന്ന് അദ്ദേഹം തുറന്നടിച്ചു.

തൊട്ടുപിന്നാലെ, 1999 മെയ് 12-ന് ഹോങ്കോങ്ങിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍, ചരിത്രത്തില്‍ അപൂര്‍വമായ രീതിയില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ 540 എന്ന ഏകകണ്ഠമായ വോട്ടുകളോടെ ‘നാറ്റോയെ അപലപിക്കുന്ന’ പ്രമേയം പാസാക്കി.

പാശ്ചാത്യ മാധ്യമങ്ങള്‍ അമേരിക്കയുടെ ഭൂപടത്തിലെ പിഴവിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ചൈന അത് പൂര്‍ണ്ണമായും തള്ളി.

1999 മെയ് 12-ന്, എംബസി ബോംബാക്രമണം നടന്ന് അഞ്ചാം ദിവസം നടത്തിയ തന്റെ ആദ്യത്തെ പരസ്യപ്രസ്താവനയില്‍, ചൈനീസ് പ്രധാനമന്ത്രി ഷു റോങ്ജി നാറ്റോ സഖ്യത്തെ ‘കപടവിശ്വാസികള്‍’ എന്ന് അഭിസംബോധന ചെയ്തു.

‘മനുഷ്യാവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കണമെന്നും വംശീയ ഉന്മൂലനത്തെ എതിര്‍ക്കണമെന്നും ഇക്കൂട്ടര്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നത് അവരുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെ മൂടിവെക്കാനുള്ള വെറും ഒരു പുകമറയ്ക്ക് വേണ്ടി മാത്രമാണെന്ന് ് അദ്ദേഹം പ്രസ്താവിച്ചു.

ഇതോടൊപ്പം, ഈ ക്രൂരതയ്ക്ക് അമേരിക്കയും നാറ്റോയും ചൈനീസ് ഗവണ്‍മെന്റിനോടും ജനങ്ങളോടും പരസ്യമായി മാപ്പ് പറയണമെന്ന കര്‍ശന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

തൊട്ടുപിന്നാലെ ചൈനയില്‍ ജനകീയ രോഷം ആഞ്ഞടിച്ചു. ബീജിങ്, ഷാങ്ഹായ്, ഗ്വാങ്ഷോ നഗരങ്ങളിലെ അമേരിക്കന്‍ എംബസികളിലേക്ക് ലക്ഷക്കണക്കിന് ചൈനീസ് വിദ്യാര്‍ത്ഥികള്‍ ഇരച്ചുകയറി.

‘അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടുക’ എന്ന മുദ്രാവാക്യം ചൈനയിലാകെ മുഴങ്ങി. അമേരിക്കന്‍ പതാകകള്‍ തെരുവില്‍ കത്തിയെരിഞ്ഞു. ചെങ്ഡുവിലെ യു.എസ് കോണ്‍സല്‍ ജനറലിന്റെ വസതിക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. ബീജിങ്ങിലെ അമേരിക്കന്‍ അംബാസഡര്‍ ജെയിംസ് സാസറും ഉദ്യോഗസ്ഥരും ദിവസങ്ങളോളം എംബസിക്ക് ഉള്ളില്‍ ഭയന്നുവിറച്ച് തടവിലാക്കപ്പെട്ട അവസ്ഥയിലായി. ഈ പ്രതിഷേധങ്ങള്‍ക്കെല്ലാം ചൈനീസ് പൊലീസിന്റെയും സര്‍ക്കാരിന്റെയും മൗനാനുവാദവുമുണ്ടായിരുന്നു.

അമേരിക്കയുമായുള്ള എല്ലാ നയതന്ത്ര-സൈനിക ഇടപാടുകളും ചൈന ഒറ്റയടിക്ക് മരവിപ്പിച്ചു. അന്നത്തെ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ബെയ്ജിങ്ങിലേക്ക് തുടര്‍ച്ചയായി വിളിച്ച ഫോണ്‍ കോളുകള്‍ ചൈനീസ് ഭരണകൂടം നിഷ്‌കരുണം നിരസിച്ചു. ദിവസങ്ങളോളം ചൈനയിലെ അമേരിക്കന്‍ ഡിപ്ലോമാറ്റുകള്‍ക്ക് മരണഭയത്തോടെ കഴിയേണ്ടി വന്നു. ചൈനയുടെ ഈ കടുത്ത നിലപാട് അമേരിക്കയെ അന്താരാഷ്ട്ര തലത്തില്‍ പൂര്‍ണമായും പ്രതിരോധത്തിലാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും നടത്തിയ ക്ഷമാപണങ്ങള്‍ തുടക്കത്തില്‍ ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ പോലും തയ്യാറായില്ല.

ദിവസങ്ങളോളം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജിയാങ് സെമിന്‍ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഫോണ്‍ കോളുകള്‍ നിരസിച്ചു.

ഒടുവില്‍ മെയ് 14-ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജിയാങ് സെമിന്‍ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഫോണ്‍ കോള്‍ സ്വീകരിക്കാന്‍ തയ്യാറായി. 30 മിനിറ്റ് നീണ്ട ആ സംഭാഷണത്തില്‍ ക്ലിന്റണ്‍ ചൈനീസ് ജനതയോടും ഭരണകൂടത്തോടും ആഴത്തില്‍ ‘ഖേദം’ പ്രകടിപ്പിക്കുന്നതായി അറിയിച്ചു.

ക്ലിന്റന്റെ ക്ഷമാപണം ചൈന ടെലിവിഷന്‍ വഴി ജനങ്ങളെ കാണിക്കുകയും, പ്രകടനക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്ത ശേഷമാണ് പ്രതിഷേധങ്ങള്‍ അടങ്ങിയത്.

അമേരിക്ക നല്‍കേണ്ടി വന്ന വലിയ വില

അവിടെയും തീര്‍ന്നില്ല, അമേരിക്ക ചൈനയുടെ നിബന്ധനകള്‍ക്ക് മുന്നില്‍ പൂര്‍ണ്ണമായി മുട്ടുകുത്തി. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമായി 4.5 മില്യണ്‍ ഡോളര്‍ അമേരിക്ക നല്‍കേണ്ടി വന്നു.

തകര്‍ന്ന ചൈനീസ് എംബസിക്ക് പകരമായി 28 മില്യണ്‍ ഡോളര്‍ (ഏകദേശം 230 കോടിയിലധികം രൂപ) അമേരിക്കന്‍ കോണ്‍ഗ്രസ് ചൈനയ്ക്ക് നഷ്ടപരിഹാരമായി പാസാക്കി നല്‍കി. (തിരിച്ച് ചൈനയിലെ അമേരിക്കന്‍ ഓഫീസുകള്‍ക്ക് പ്രതിഷേധക്കാര്‍ വരുത്തിയ നാശനഷ്ടത്തിന് ചൈന 2.87 മില്യണ്‍ ഡോളര്‍ നല്‍കി).

ഇതിനു പുറമേ, തെറ്റായ കോര്‍ഡിനേറ്റ് നല്‍കിയെന്ന പേരില്‍ സി.ഐ.എ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും മറ്റ് ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ തരംതാഴ്ത്താനും അമേരിക്ക നിര്‍ബന്ധിതരായി.

ഈ സംഭവത്തിന് ശേഷം ചൈന തങ്ങളുടെ സൈനിക നയം പൂര്‍ണമായി മാറ്റി. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കാനും, സൈബര്‍ വാര്‍ഫെയര്‍, ആന്റി-സാറ്റലൈറ്റ് മിസൈലുകള്‍ എന്നിവ വികസിപ്പിക്കാനും അവര്‍ ഈ ദുരന്തത്തെ ഊര്‍ജ്ജമാക്കി.

പൗരന്മാരുടെ ചോരയ്ക്ക് വിലപറഞ്ഞ, ലോകശക്തിയായ അമേരിക്കയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിക്കുകയും, നഷ്ടപരിഹാരം വാങ്ങുകയും ചെയ്ത ഈ സംഭവം, ആര്‍ജ്ജവമുള്ള ഭരണാധികാരികള്‍ സ്വന്തം രാജ്യത്തിന്റെ പരമാധികാരത്തെ എങ്ങനെ കാത്തുസൂക്ഷിക്കുന്നു എന്നതിന്റെ എക്കാലത്തെയും മികച്ച ഉദാഹരണമാണ്.

2020-ല്‍ ബെല്‍ഗ്രേഡിലെ ആ പഴയ എംബസി നിന്നിരുന്ന മണ്ണില്‍ ചൈന തങ്ങളുടെ പ്രൗഢമായ ഒരു സാംസ്‌കാരിക കേന്ദ്രം പണിതുയര്‍ത്തി ആ ഓര്‍മ്മ പുതുക്കി നിലനിര്‍ത്തുന്നു.

ചരിത്രം ഇങ്ങനെയൊക്കെയായിരിക്കെയാണ്, ഒമാന്‍ തീരത്ത് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും ഇന്ത്യന്‍ ഭരണകൂടം ദുരൂഹമായ മൗനം പുലര്‍ത്തുന്നതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

ഇന്ന് ഇന്ത്യയെ നയിക്കുന്നവര്‍ക്ക് സ്വന്തം സൈനികരുടെ ജീവനേക്കാള്‍ വലുത് അമേരിക്കയുടെ സൗഹൃദമാണോ?

സ്വന്തം രാജ്യത്തിനും പൗരന്മാര്‍ക്കും ഭരണാധികാരികള്‍ എത്രത്തോളം മൂല്യം കല്‍പ്പിക്കുന്നു എന്നതിന്റെ തെളിവാണ് 1999-ല്‍ ചൈന കാണിച്ച ആര്‍ജ്ജവം. അതിനു മുന്നിലാണ് ഒമാന്‍ തീരത്തെ ഇന്ത്യന്‍ വീഴ്ചകളും മോദി സര്‍ക്കാരിന്റെ നയതന്ത്രവും ഇന്ന് വിചാരണ ചെയ്യപ്പെടുന്നത്.

The Chinese grit that made America apologize, and the Indian silence on the Omani coast”

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.