വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്നു ആടിന്റെ മൂന്നാം ഭാഗം. ആ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ തന്നെ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രകടനത്തോടെ മുന്നേറുകയാണ്.
റിലീസിന് പിന്നാലെ തന്നെ ചിത്രത്തിലെ ഓരോ ഡയലോഗും പ്രേക്ഷകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിരിയുടെ മാലപ്പടക്കം തീർത്ത കോമഡി മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
ചിത്രത്തിലെ ഓരോ കഥാപാത്രവും തങ്ങളുടെ ഭാഗം മികച്ച രീതിയിൽ അവതരിപ്പിച്ചപ്പോഴും, ഡ്യൂഡ് എന്ന കഥാപാത്രം ഒരു പടി മുന്നിലാണ്. ഡയലോഗ് ഡെലിവറിയിലും എക്സ്പ്രഷനിലും വിസ്മയിപ്പിച്ച വിനായകൻ, ചിലപ്പോൾ താഴെ പോകാമായിരുന്ന സിനിമയെ പോലും ഉയർത്തിപ്പിടിച്ചെന്ന അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ഉയരുന്നത്.
തിയേറ്ററിൽ നിന്ന് പുറത്തേക്ക് വന്നാലും വിനായകന്റെ ഡയലോഗുകളും പ്രകടനവും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുകയാണ്.
ഇപ്പോഴിതാ തിയേറ്ററുകളിൽ വലിയ കൈയടി നേടിയ ഒരു രംഗമാണ് സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നത്. ടൈം ട്രാവൽ ചെയ്ത് പഴയ കാലത്തിലേക്ക് പോകുന്ന ഡ്യൂഡ്, അവിടെ സർബത്ത് ഷമീറിനെ കണ്ടപ്പോൾ പറയുന്ന ഡയലോഗ് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
‘ആ ഓടിയവനെ കണ്ടിട്ട് മറ്റേ നാരങ്ങ ഇടിക്കാരനെ പോലെ ഉണ്ടല്ലോ.. എന്നിട്ട് അയാൾ എന്തിനാണ് ഓടിയത്, ഞാൻ അല്ലെ ഓടണ്ടേ’ എന്ന ഡയലോഗ് തിയേറ്ററിൽ വലിയ ചിരിയാണ് പടർത്തുന്നത്.
ആദ്യ രണ്ട് ഭാഗങ്ങളിലേതുപോലെ തന്നെ കൗണ്ടർ കോമഡിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ധർമജനും ജയസൂര്യയും തമ്മിലുള്ള കോമഡി മികച്ചതായിരുന്നുവെങ്കിലും, ഒറ്റയ്ക്ക് എത്തിയ ഡ്യൂഡ് ആ രംഗങ്ങളെയും മറികടന്ന് ഷോ സ്റ്റീലറായി മാറുകയായിരുന്നു.
ആട്, Photo: Screengrab/ YouTube
ഡ്യൂഡായും അസം ഖാനായും രണ്ട് വേഷങ്ങളിൽ വിനായകൻ കാഴ്ചവയ്ക്കുന്ന പ്രകടനം ഏറെ ശ്രദ്ധേയമാണ്.
എല്ലാ ചിത്രങ്ങളിലും നൂറ് ശതമാനം പ്രകടനം കാഴ്ചവെക്കുന്ന വിനായകൻ, ആട് 3ലും അതേ നിലവാരം നിലനിർത്തിയിരിക്കുകയാണ്. ചിത്രത്തിലെ മറ്റു ശ്രദ്ധേയ കഥാപാത്രങ്ങളായ ചാത്തൻ സേവ്യർ, പപ്പൻ, സർബത്ത് ഷമീർ എന്നിവരെ പോലും മറികടക്കുന്ന തരത്തിലാണ് ഡ്യൂഡിന്റെ പ്രകടനം എന്നതാണ് ആരാധകരുടെ വിലയിരുത്തൽ.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.