ഗിഗ് തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും കേന്ദ്രത്തിന്റെ പരിഗണനയിലില്ല: രാഹുല്‍ ഗാന്ധി
India
ഗിഗ് തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും കേന്ദ്രത്തിന്റെ പരിഗണനയിലില്ല: രാഹുല്‍ ഗാന്ധി
നിഷാന. വി.വി
Wednesday, 18th March 2026, 9:11 am

ന്യൂദല്‍ഹി: ഗിഗ് തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ഗിഗ് തൊഴിലാളികളുടെ അന്തസ്സും സുരക്ഷയും അധ്വാനവും ഗവണ്‍മെന്റിന്റെ മുന്‍ഗണനാ പട്ടികയിലില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അടുത്തിടെ ഗിഗ് തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയെന്നും അവരുടെ പരാതികള്‍ കേട്ടതിനു ശേഷം ലോക്‌സഭയില്‍ സര്‍ക്കാരിനോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മിനിമം വേതനം, അപകടവിവരങ്ങള്‍, മരണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗിഗ് തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും ഭരണകൂടത്തിന്റെ മുന്‍ഗണനയില്‍ ഇല്ലെന്നാണ് സര്‍ക്കാരിന്റെ ഈ മൗനം കാണിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ നിരത്തിക്കൊണ്ടായിരുന്നു ഫേസ്ബുക്കിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

‘വാസ്തവത്തില്‍, നീതി ആയോഗിന്റെ ഡാറ്റ പ്രകാരം, രാജ്യത്ത് ഉടന്‍ തന്നെ 20 ദശലക്ഷത്തിലധികം ഗിഗ് തൊഴിലാളികള്‍ ഉണ്ടാകും. എന്നിട്ടും ഇന്നത്തെ കണക്കനുസരിച്ച്, ഏകദേശം 8,80,000 തൊഴിലാളികള്‍ മാത്രമേ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.

ഇന്‍ഷുറന്‍സ് പദ്ധതികളുടെ സ്ഥിതി ഇതിലും ദയനീയമാണ്. ജീവന്‍ ജ്യോതി ബീമ യോജനയ്ക്ക് കീഴില്‍ 23,831 ഗിഗ് തൊഴിലാളികള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. സുരക്ഷാ ബീമ യോജനയ്ക്ക് കീഴില്‍ വെറും 1,30,000 പേര്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.

ഈ ഗിഗ് സമ്പദ് വ്യവസ്ഥയില്‍ ഗിഗ് തൊഴിലാളികള്‍ യഥാര്‍ത്ഥ പങ്കാളികളാകുമോ, അതോ അവര്‍ വെറും കോര്‍പ്പറേറ്റ് അടിമകളായി തുടരുമോ? ഈ സമ്പദ് വ്യവസ്ഥയിലെ നേട്ടങ്ങള്‍ തൊഴിലാളികളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അവര്‍ക്ക് ന്യായമായ വരുമാനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ രാഹുല്‍ ഗാന്ധി ഗിഗ് തൊഴിലാളികളുമായി സംവദിക്കുകയും
ഗിഗ് സമ്പദ്വ്യവസ്ഥയില്‍ നിന്ന് തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ശക്തവും ഉത്തരവാദിത്തമുള്ളതുമായ സര്‍ക്കാര്‍ നടപടിക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം മേഖലയിലുണ്ടെന്നും ബി.ജെ.പി സര്‍ക്കാര്‍ ഇതിനെതിരെ കണ്ണടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഗിഗ് മേഖലയിലെ വലിയൊരു വിഭാഗം തൊഴിലാളികള്‍ ദളിത്, ആദിവാസി സമൂഹങ്ങളില്‍ നിന്നുള്ളവരാണെന്നും ഇത് അവരുടെ ചൂഷണം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വിവേചനങ്ങള്‍ക്കെതിരെയും മിനിമം വേതനം ഉറപ്പാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും ഗിഗ് തൊഴിലാളികള്‍ രാജ്യവ്യാപക പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു.

Content Highlight: The Centre is not considering the safety and dignity of gig workers: Rahul Gandhi

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.