കേന്ദ്രം വാദിക്കുന്നത് വികസിത് ഗുജറാത്തിന് വേണ്ടി മാത്രം; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തഴയുന്നതിന്റെ തെളിവ്: രേവന്ത് റെഡ്ഡിയുടെ യു.എസ് യാത്രാനുമതി നിഷേധിച്ചതില്‍ പ്രിയങ്ക് ഖാര്‍ഗെ
India
കേന്ദ്രം വാദിക്കുന്നത് വികസിത് ഗുജറാത്തിന് വേണ്ടി മാത്രം; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തഴയുന്നതിന്റെ തെളിവ്: രേവന്ത് റെഡ്ഡിയുടെ യു.എസ് യാത്രാനുമതി നിഷേധിച്ചതില്‍ പ്രിയങ്ക് ഖാര്‍ഗെ
നിഷാന. വി.വി
Monday, 24th August 2026, 7:50 am

ന്യൂദല്‍ഹി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് യു.എസ് യാത്രാനുമതി നിഷേധിച്ച നടപടിയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കേന്ദ്രം തെരഞ്ഞെടുത്ത സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അഭിവൃദ്ധി തടയുകയാണ് കേന്ദ്ര സര്‍ക്കാരെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പത്ത് ദിവസത്തെ യു.കെ, യു.എസ് സന്ദര്‍ശനത്തിന് പദ്ധതിയിട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം യു.കെയില്‍ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

‘ഇത്തരത്തില്‍ യാത്രാനുമതി നിഷേധിക്കുന്നത് അങ്ങേയറ്റം അന്യായമാണ് . വിദേശ നിക്ഷേപമുണ്ടാവുന്നത് ഒരു സംസ്ഥാനത്തിന് ഗുണം ചെയ്യുന്ന കാര്യമാണ്. അത് രാഷ്ട്രത്തെ ശക്തിപ്പെടുത്തും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരം ശ്രമങ്ങളെ തടയുകയാണ്. ഈ സമീപനം അടിസ്ഥാനപരമായി തെറ്റാണ്. ഇതിനെ ശക്തമായി അപലപിക്കുന്നു,’ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

തെലങ്കാനയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള പ്രവാസി ഇന്ത്യക്കാരുടെ വലിയൊരു സമൂഹം അമേരിക്കയിലുണ്ടെന്നും ഇക്കാരണത്താല്‍ മുഖ്യമന്ത്രിമാര്‍ അവിടെ സന്ദര്‍ശിച്ച് മൂലധന നിക്ഷേപത്തിനുള്ള സാധ്യത തിരിച്ചറിയേണ്ടത് പ്രധാനമാണെന്ന് രേവന്ത് റെഡ്ഡിയുടെ യു.എസ് സന്ദര്‍ശനത്തിന് മുമ്പ് ഖാര്‍ഗെ പറഞ്ഞിരുന്നു.

കേന്ദ്രം വികസിത് ഗുജറാത്തിന് വേണ്ടി മാത്രമാണ് വാദിക്കുന്നതെന്നും എല്ലാ നിക്ഷേപങ്ങളും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാത്രം തിരിച്ച് വിടുകയാണെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.

‘തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക യു.എസ് സന്ദര്‍ശനത്തിന് രാഷ്ട്രീയ അനുമതി നിഷേധിക്കുന്നത് കേന്ദ്രം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ എങ്ങനെ പരിഗണിക്കുന്നു എന്നതിന്റെ തെളിവാണ്. പരിപാടി ‘അനുചിതമായിരുന്നു’ എന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം ലജ്ജാകരമാണ്. എന്താണ് അനുചിതം? നിങ്ങളുടെ സംസ്ഥാനത്തിനായി പ്രമുഖ സര്‍വകലാശാലകള്‍ സന്ദര്‍ശിച്ച് ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുന്നത്? പിന്നെ എന്താണ് ഉചിതം? ഗുജറാത്തിനും മറ്റ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും എതിരായി എല്ലാ നിക്ഷേപങ്ങളെയും സ്ഥാപനങ്ങളെയും സഹകരണങ്ങളെയും വളച്ചൊടിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: The Centre advocates only for a ‘Viksit Gujarat’; denial of US travel clearance to Revanth Reddy is proof of the neglect towards South Indian states: Priyank Kharge.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.