ആക്രമിക്കപ്പെട്ടത് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചെത്തി മടങ്ങുമ്പോള്‍; ഇറാനിയന്‍ കപ്പലാക്രമിച്ച യു.എസ് നടപടിയില്‍ കേന്ദ്രം പ്രതികരിക്കണം: പ്രതിരോധ വിദഗ്ധര്‍
India
ആക്രമിക്കപ്പെട്ടത് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചെത്തി മടങ്ങുമ്പോള്‍; ഇറാനിയന്‍ കപ്പലാക്രമിച്ച യു.എസ് നടപടിയില്‍ കേന്ദ്രം പ്രതികരിക്കണം: പ്രതിരോധ വിദഗ്ധര്‍
രാഗേന്ദു. പി.ആര്‍
Thursday, 5th March 2026, 10:31 am

ന്യൂദല്‍ഹി: ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ദേന’ ശ്രീലങ്കന്‍ കടലില്‍ മുക്കിയ യു.എസ് നടപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് പ്രതിരോധ വിദഗ്ധര്‍. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചെത്തിയ കപ്പലും ഇറാനിയന്‍ ഉദ്യോഗസ്ഥരുമാണ് അപകടത്തിലായതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

2026 മിലാന്‍ ഇന്റര്‍നാഷണല്‍ ഫ്ളീറ്റില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഐറിസ് ദേന ആക്രമിക്കപ്പെട്ടത്. വിശാഖപട്ടണത്ത് നടക്കുന്ന മിലാന്‍ ഫ്ളീറ്റില്‍ ഇത്തവണ 71 യുദ്ധക്കപ്പലുകളാണ് പങ്കെടുത്തത്.

ഈ കപ്പലുകളുടെ സംയുക്ത സൈനികാഭ്യാസത്തിന് ശേഷമാണ് ഐറിസ് സേന ഇറാനിലേക്ക് മടങ്ങിയത്.  ഇന്ത്യന്‍ സമുദ്രാര്‍ത്തി പിന്നിട്ട ശേഷമാണ് ഇറാനിയന്‍ യുദ്ധക്കപ്പല്‍ ആക്രമിക്കപ്പെട്ടത്.

‘യുണൈറ്റഡ് ത്രൂ ഓഷ്യൻസ്’ എന്നായിരുന്നു വിവിധ നാവിക സേനകള്‍ ചേര്‍ന്ന് നടത്തിയ സൈനികാഭ്യാസത്തിന്റെ മുദ്രാവാക്യം.

ഇറാന്‍ നാവികസേനാ മേധാവി റിയര്‍ അഡ്മിറല്‍ ഷഹ്റാം ഇറാനി ഉള്‍പ്പെടെ വിശാഖപട്ടണത്ത് എത്തിയിരുന്നു. ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം ഇറാനിലേക്ക് മടങ്ങിയത്.

മിലാന്‍ ഫ്ളീറ്റില്‍ അമേരിക്കന്‍ യുദ്ധക്കപ്പല്‍ അടക്കം പങ്കെടുക്കുമെന്നായിരുന്നു വിവരം. മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന യു.എസ്.എസ് മിങ്നിയാണ് ഫ്ളീറ്റില്‍ പങ്കെടുക്കാനിരുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ യു.എസ് സംയുക്ത സൈനികാഭ്യാസത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഇതിനുപിന്നാലെയാണ് ഫെബ്രുവരി 28ന് യു.എസും ഇസ്രഈലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം ആരംഭിച്ചത്. ഫെബ്രുവരി 25നാണ് മിലാന്‍ ഫ്ളീറ്റ് അവസാനിച്ചത്.

ആക്രമിക്കപ്പെടുമ്പോള്‍ ഇറാനിയന്‍ യുദ്ധക്കപ്പലില്‍ 180ഓളം നാവികാരാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ 101 പേരെ കാണാതായതായും 78 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ശ്രീലങ്കന്‍ നാവികസേനാ 32 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കപ്പലില്‍ നിന്ന് അപായ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്ന് ലങ്കന്‍ സേന പറഞ്ഞിരുന്നു.

Content Highlight: The Center should respond to the US action that attacked the Iranian ship: Defense experts

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.