ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ സഹകരണ മേഖലയുടെ മരണമണിയോ?
Indian Economy
ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ സഹകരണ മേഖലയുടെ മരണമണിയോ?
അളക എസ്. യമുന
Friday, 18th September 2020, 6:21 pm

ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ 2020 ലോക് സഭയില്‍ പാസായിരിക്കുകയാണ്. ബാങ്കുകളായി പ്രവര്‍ത്തിക്കുന്ന പല സഹകരണ സംഘങ്ങളുടെയും സാമ്പത്തിക ആരോഗ്യത്തെ സംബന്ധിച്ച് വളരെ സൂക്ഷ്മത പുലര്‍ത്തുന്നതിനാലാണ് സര്‍ക്കാരിന് ഓര്‍ഡിനന്‍സിലേക്ക് പോകേണ്ടിവന്നതെന്നാണ് ബില്‍ പാസാക്കിക്കൊണ്ട് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്.

എന്നാല്‍ ഈ ബില്‍ പാസായതോടെ സഹകരണ ബാങ്കുകളുടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. സംസ്ഥാന ബാങ്കുകളെ റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമായിട്ടാണ് ഇതിനെ സഹകരണ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

പുതിയ നിയന്ത്രണ ഭേദഗതി നിയമം സഹകരണ ബാങ്കുകള്‍ക്ക് മേല്‍ വാണിജ്യ ബാങ്കുകള്‍ക്ക് സമാനമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതാണെന്നും ഇവര്‍ പറയുന്നു.

ജൂണില്‍ കേന്ദ്രമന്ത്രിസഭ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമായാണ് ബില്‍ കൊണ്ടുവന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ബാങ്കിങ് മേഖലയ്ക്കുണ്ടായ സമ്മര്‍ദ്ദം കണക്കിലെടുത്താണ് ഓര്‍ഡിനന്‍സെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. മാര്‍ച്ചില്‍ ബില്‍ കൊണ്ടുവന്നെങ്കിലും പാസാക്കാനായിരുന്നില്ല. പിന്നാലെ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു.

സഹകരണ സംഘങ്ങള്‍ പിരിച്ചുവിടാന്‍ സംസ്ഥാനങ്ങളുടെ അനുമതി വേണമെന്നതുള്‍പ്പെടെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അവതരിപ്പിച്ച ആറ് ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളിയാണ് ലോക് സഭയില്‍ ബില്‍ പാസാക്കിയത്.

സഹകരണ മേഖല നല്‍കിയ ചരിത്രപരമായ സംഭാവനകളെ തിരസ്‌കരിക്കുകയാണ് ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി ബില്‍ എന്നാണ് എം.കെ രാഘവന്‍ എം.പി ബില്ലിനെ പ്രതികൂലിച്ചുകൊണ്ട് പറഞ്ഞത്. റിസര്‍വ് ബാങ്ക് സഹകരണ സ്ഥാപനങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിന് പകരം സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കുന്നതിന് താത്പര്യമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഗ്രാമീണ മേഖലയിലെ തുടര്‍ച്ചയായ പരിവര്‍ത്തനം സംഭവിച്ചത് സഹകരണ ബാങ്കുകളുടെ വലിയ സംഭാവനകളാണെന്നും രാഘവന്‍ എം.പി പറഞ്ഞു.

അതേസമയം, കേരളത്തിലെ സഹകരണ മേഖലയില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് സഹകരണബാങ്കുകള്‍ വഹിക്കുന്നതെന്ന് പറഞ്ഞ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി രാജ്യത്തെ സഹകര മേഖലയെ സംരക്ഷിക്കുന്നതിനായി ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് വിടണമെന്നാണ് ആവശ്യപ്പെട്ടത്.

ഭേദഗതി നിയമത്തിനെതിരെ വ്യപകമായി പ്രതിഷേധം ഉയര്‍ന്നുവരുമ്പോഴും തങ്ങളെടുത്ത തീരുമാനത്തില്‍ തെറ്റില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. നിക്ഷേപകരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കാനാണ് ബില്ല് കൊണ്ടുവന്നതെന്നും സഹകരണ ബാങ്കുകളിലെ അംഗങ്ങളുടെ അധികാരം ഇതുവഴി കുറയില്ലെന്നുമാണ് നിര്‍മലാ സീതാരാമന്‍ പറയുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 420 സഹകരണ ബാങ്കുകള്‍ രാജ്യത്ത് തകര്‍ന്നുവെന്നും ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ ഭേദഗതിയെന്നും നിര്‍മലാ സീതാരാമന്‍ അവകാശപ്പെടുന്നു.

എന്നാല്‍ സഹകരണ ബാങ്കുകളുടെ അധികാരം ഏറ്റെടുക്കുന്ന അതേസമയത്ത് അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകുമോ എന്ന് പ്രമുഖ സഹകാരിയും സി.എം.പി നേതാവുമായ സി.പി ജോണ്‍ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.

നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ഇവിടെ ഡെപ്പോസിറ്റ് പ്രശ്‌നം ഉണ്ടായാല്‍ പൈസ കൊടുക്കാന്‍ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ ഈ 420 എന്ന സംഖ്യ വളരെ ചെറിയ സംഖ്യയാണെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകളും കുഴപ്പിത്തിലായില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യയിലാകെ പതിനായിരിക്കണക്കിന് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുണ്ടെന്നും അവയെ എങ്ങനെയാണ് കേന്ദ്ര സര്‍ക്കാറിന് നിയന്ത്രിക്കാന്‍ സാധിക്കുക എന്നും അദ്ദേഹം ചോദിക്കുന്നു. ഈ ബില്ല് കേന്ദ്രം തന്നെ ആലോചിക്കാതെ ചെയ്തതാണെന്നും സി.പി ജോണ്‍ പറഞ്ഞു.

പുതിയ ബില്ലില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്ന സെക്ഷനുകള്‍ സഹകരണ മേഖലയെ വളരെ ദോഷമായി ബാധിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. സഹകരണ ബാങ്കുകളെ സംരക്ഷിക്കുന്നതിിനല്ല മറിച്ച് ഒതുക്കിത്തീര്‍ക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഭേദഗതി ബില്ലിലെ വകുപ്പ് 12 വളരെ വിവാദപരമാണെന്നാണ് രാഘവന്‍ എം.പി അഭിപ്രായപ്പെട്ടത്. സഹകരണ ബാങ്കുകളുടെ ഓഹരികള്‍ കൈമാറ്റം ചെയ്യാനും, ആര്‍ക്കും വാങ്ങാനും കഴിയുമെന്നും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ ഇത് ബോര്‍ഡിനെ തന്നെ അട്ടിമറിക്കത്തക്ക രീതിയിലേക്ക് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സഹകരണ സ്ഥാപനങ്ങളില്‍ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ഭേദഗതിയിലെ സെക്ഷന്‍ 36 എഎ ക്കുറിച്ചും വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. സെക്ഷന്‍ 36 എഎ യിലൂടെ ബോര്‍ഡ് ചെയര്‍മാനെ നീക്കാന്‍ ആര്‍.ബി.ഐക്ക് ഇതുവഴി അധികാരമുണ്ടാകുമെന്നും ഈ തീരുമാനം എവിടെയും ചോദ്യം ചെയ്യപ്പെടാന്‍ അവസരം ഉണ്ടാകില്ലെന്നുമാണ് സെക്ഷന്‍ 36 എഎ ക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനം.

ഭേദഗതിയിലെ സെക്ഷന്‍ 4 സബ്‌സെക്ഷന്‍ എം ഏറ്റവും അപകടരമാണെന്ന് സി.പി ജോണ്‍ പറഞ്ഞു. ഇതിലൂടെ സഹകരണ സംഘങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിനും അധികാരം കിട്ടുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ഡൂള്‍ ന്യൂസിനോട് വ്യക്തമാക്കി.

ഭേദഗതി ബില്‍ സഹകരണ മേഖലയെ ഷൈലോക്കുമാര്‍ക്കും ബ്ലേഡ് മാഫിയകള്‍ക്കും എറിഞ്ഞുകൊടുക്കുന്ന നടപടിയാണെന്നാണ് എ.എം ആരിഫ് പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളില്‍ തകര്‍ച്ച നേരിട്ട ബാങ്കുകള്‍ പോലെയല്ല കേരളത്തിലെ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സഹകരണ മേഖലയ്ക്ക് വലിയ പങ്കാണുള്ളതെന്നും ആരിഫ് വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷമായി സഹകരണ ബാങ്കുകളുടെയും ചെറുകിട ബാങ്കുകളുടെയും നിക്ഷേപകര്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും നിക്ഷേപകരെ സംരക്ഷിക്കുന്നതിനായാണ് ഭേദഗതി കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നുമാണ് ബില്ലിനെ അനുകൂലിച്ച് ധനമന്ത്രി പറഞ്ഞത്. എന്നാല്‍ ആര്‍ക്കും നിക്ഷേപം നഷ്ടപ്പെടുന്ന സാഹചര്യമില്ലെന്നും എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുമുണ്ടെന്നും പറഞ്ഞ ആരീഫ് ഈ നിയമഭേദഗതിയോടെ സഹകരണമേഖലയുടെ മരണമണിയാണ് മുഴങ്ങുന്നതെന്നും ബില്ല് പാസാക്കാതെ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പറഞ്ഞു.

സഹകരണ സംഘങ്ങള്‍ എന്നു പറയുന്നത് പ്രാദേശികമായ ഒരു പരിപാടിയാണെന്നും പഞ്ചായത്തിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ അധികാരം കൊണ്ടുവരിക എന്നുപറയുന്നത് വിരോധാഭാസമാണെന്നും സി.പി. ജോണ്‍ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് വിഡ്ഡി ത്തവും അനാവശ്യവുമായ കാര്യമാണെന്ന് പറഞ്ഞ സി.പി ജോണ്‍ എന്താണ് കേന്ദ്രത്തിന്റെ റോള്‍ എന്നതിനെക്കുറിച്ച് കേന്ദ്രത്തിന് തന്നെ ധാരണയില്ലെന്നും പറഞ്ഞു. സഹകരണ ബാങ്കുകളുടെ മേലെയുള്ള വിവരംകെട്ട കടന്നുകയറ്റമായാണ് കേന്ദ്രത്തിന്റെ നീക്കത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. പിഞ്ഞാണക്കടയിലെ മൂരിക്കുട്ടനെപോലെയാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയില്‍ എല്ലാ സംസ്ഥാനങ്ങളിലേയും സഹകരണ  ബാങ്കുകളെ  ഉള്‍ക്കൊള്ളിച്ച് മെഗാ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉണ്ടാക്കിയാല്‍ ഇന്ത്യയിലെ ഏറ്റവും നല്ല ബാങ്കായി അത് മാറുമെന്നും ഇത്തരത്തിലുള്ള കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കേണ്ടതും ചെയ്യേണ്ടതെന്നുമുള്ള നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

content highlights: impact of banking  Banking Regulation (Amendment) Bill, 2020 on cooperative sector of kerala

 

 

 

 

 

 

 

അളക എസ്. യമുന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.