സൈജു കുറുപ്പിന്റെ മോഹിനിയാട്ടം ഒ.ടി.ടി റിലീസിന് ശേഷവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.
ഭരതനാട്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തിയ സിനിമ തിയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇപ്പോൾ പ്രേക്ഷകരുടെ വ്യത്യസ്തമായ ചർച്ചകളിലൂടെയും വൈറലാകുകയാണ്. പ്രത്യേകിച്ച് ചിത്രത്തിലെ ഒരു ചെറിയ രംഗത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾ നടക്കുന്നത്.
മോഹിനിയാട്ടം, Photo: IMDb
സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ കുടുംബത്തിനുള്ളിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് പ്രമേയം.
സുരാജ് അവതരിപ്പിച്ച ഗോവിന്ദരാജ എന്ന കഥാപാത്രത്തിന്റെ മരണവും അതിന് പിന്നാലെ ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രധാന ത്രില്ലിങ് ഘടകങ്ങളിലൊന്ന്. എന്നാൽ ഇപ്പോൾ പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത് സിനിമയിലെ ഒരു ചെറിയ തീരുമാനം മുഴുവൻ കഥയുടെ ഗതി തന്നെ മാറ്റിയേനെയെന്നാണ്.
ചിത്രത്തിലെ ഒരു രംഗത്തിൽ ശ്രീജ രവി അവതരിപ്പിക്കുന്ന രുക്മിണിയുടെ വീട്ടിലേക്ക് സമീപത്തെ ഒരു കുട്ടി വസ്ത്രം തയ്ക്കാൻ എത്തുന്നുണ്ട്.
അതേ സമയം വീടിനുള്ളിൽ കുടുംബവും ഗോവിന്ദരാജും തമ്മിൽ സംഘർഷം നടക്കുകയായിരുന്നു. കുട്ടി പുറത്തുനിൽക്കുന്നതിനാൽ അവൾ ഒന്നും കേൾക്കാതിരിക്കാൻ ഗോവിന്ദരാജിന്റെ വായ മൂടാൻ കുടുംബാംഗങ്ങൾ ശ്രമിക്കുന്നു. പിന്നീട് ആ സംഘർഷത്തിനിടയിലാണ് ഗോവിന്ദരാജിന്റെ മരണം സംഭവിക്കുന്നത്.
മോഹിനിയാട്ടം, Photo: IMDb
‘ആ സമയത്ത് കുട്ടിയോട് ഒരു ‘നോ’ എന്ന് പറഞ്ഞിരുന്നെങ്കിൽ കഥ തന്നെ മാറിയേനേ’ എന്ന രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഒരു ചെറിയ ‘നോ’ പറയാൻ മടിച്ചതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന വ്യാഖ്യാനമാണ് പ്രേക്ഷകർ മുന്നോട്ട് വയ്ക്കുന്നത്.
ജീവിതത്തിൽ ചില സമയങ്ങളിൽ വ്യക്തമായി ‘നോ’ പറയേണ്ടതിന്റെ പ്രാധാന്യം സിനിമ വളരെ സ്വാഭാവികമായി കാണിച്ചുതന്നുവെന്നാണ് പലരുടെയും അഭിപ്രായം.
ആ കുട്ടിയെ അപ്പോൾ തിരികെ അയച്ചിരുന്നെങ്കിൽ ഒരു കൊലപാതകം വരെ സംഭവിക്കില്ലായിരുന്നു, നമ്മളിൽ പലർക്കും നോ പറയാൻ അറിയാത്തതാണ് പ്രശ്നം, ചെറിയ തീരുമാനങ്ങൾ പോലും ജീവിതം മാറ്റിമറിക്കും എന്നിങ്ങനെയുള്ള കമന്റുകളാണ് സിനിമ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പേജുകളിലും വ്യാപകമായി പങ്കുവെക്കപ്പെടുന്നത്.
സിനിമയിലെ ചെറിയൊരു രംഗം പോലും പ്രേക്ഷകരെ ഇത്തരത്തിൽ ചിന്തിപ്പിക്കാൻ കഴിഞ്ഞത് തന്നെയാണ് മോഹിനിയാട്ടം എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ആരാധകർ വിലയിരുത്തുന്നത്.
Content Highlight: The audience is discussing the movie Mohiniyattam.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.