ഇങ്ങനെ വേണം ടെസ്റ്റ് കളിക്കാന്‍; ഇന്ത്യന്‍ ബാറ്റര്‍മാര്‍ കണ്ട് പഠിക്കണം
THE ASHES
ഇങ്ങനെ വേണം ടെസ്റ്റ് കളിക്കാന്‍; ഇന്ത്യന്‍ ബാറ്റര്‍മാര്‍ കണ്ട് പഠിക്കണം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th December 2025, 2:56 pm

ആഷസിലെ പിങ്ക് ബോള്‍ ടെസ്റ്റ് ഗാബയില്‍ തുടരുകയാണ്. നിലവില്‍ ഇംഗ്ലണ്ട് മൂന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയിട്ടുണ്ട്. ഏഴ് ഓവറുകള്‍ പിന്നിടുമ്പോള്‍ ത്രീ ലയണ്‍സ് 46 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. സാക്ക് ക്രോളി (26 പന്തില്‍ 26), ബെന്‍ ഡക്കറ്റ് (16 പന്തില്‍ 14) എന്നിവരാണ് ക്രീസിലുള്ളത്.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയരായ ഓസ്‌ട്രേലിയ 511 റണ്‍സിന് പുറത്തായിരുന്നു. ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഓസീസിന്റെ സ്റ്റാര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്.  77 റണ്‍സാണ് രണ്ടാം ടെസ്റ്റില്‍ താരം നേടിയത്. 141 പന്തുകള്‍ നേരിട്ടായിരുന്നു താരത്തിന്റെ ഈ പ്രകടനം. 13 ഫോറുകളാണ് ഇടം കൈയ്യന്‍ ബൗളറുടെ ബാറ്റില്‍ നിന്ന് പിറന്നത്.

ബാറ്റിങിനിടെ മിച്ചൽ സ്റ്റാർക്ക് Photo: Johns/x.com

ലോകത്തിലെ ഒരു പറ്റം മികച്ച ബൗളര്‍മാര്‍ക്ക് എതിരെ പൊരുതി നിന്നാണ് സ്റ്റാര്‍ക്ക് ഇത്തരമൊരു പ്രകടനം ബാറ്റ് കൊണ്ട് നടത്തിയതെന്നാണ് ശ്രദ്ധേയം. ഇംഗ്ലണ്ട് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, ബ്രൈഡന്‍ കാര്‍സ്, ബെന്‍ സ്റ്റോക്‌സ്, വില്‍ ജാക്സ് എന്നിവര്‍ മാറിമാറി പന്തെറിഞ്ഞിട്ടും താരം പിടിച്ച് നിന്നു.

111ാം ഓവറില്‍ ബ്രൈഡന്‍ കാര്‍സിന് വിക്കറ്റ് നല്‍കി പുറത്താവുമ്പോള്‍ ഓസീസിന്റെ ടോപ് സ്‌കോററായാണ് സ്റ്റാര്‍ക്ക് തിരികെ നടന്നത്. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ടീമിനായി ബൗള്‍ കൊണ്ടും തിളങ്ങിയിരുന്നു. ആറ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അതിന് ശേഷമാണ് ബാറ്റ് കൊണ്ടും മികവാര്‍ന്ന പ്രകടനം നടത്തി സ്റ്റാര്‍ക്ക് ആരാധകരുടെ മനം കവര്‍ന്നത്.

ആദ്യ ഇന്നിങ്സിൽ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മിച്ചൽ സ്റ്റാർക്ക് Photo: Harimohan/x.com

ഒമ്പതാം നമ്പറില്‍ ഇറങ്ങിയാണ് സ്റ്റാര്‍ക്ക് പിടിച്ച് നിന്ന് ഫിഫ്റ്റി അടിച്ചതെന്നും ഇതിനോട് ചേര്‍ത്ത് വെക്കണം. ഒപ്പം ഇന്ത്യയുടെ ബാറ്റര്‍മാര്‍ തുടര്‍ച്ചയായി പരാജയപെടുമ്പോളാണ് ഓസീസിന്റെ ഒരു വാലറ്റക്കാരന്‍ ബാറ്റ് കൊണ്ടും തിളങ്ങുന്നത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. അപ്പോഴാണ് ബൗളറായ സ്റ്റാര്‍ക് ബാറ്റ് കൊണ്ടും വിരുന്നൊരുക്കുന്നത്.

സ്റ്റാര്‍ക്കിന് പുറമെ, ജെയ്ക്ക് വെര്‍തെറാള്‍ഡ് 78 പന്തില്‍ 72 റണ്‍സും നേടി. ഒപ്പം മാര്‍നസ് ലബുഷാന്‍ (78 പന്തില്‍ 65), സ്റ്റീവ് സ്മിത് (85 പന്തില്‍ 61) എന്നിവരും മികച്ച പ്രകടനം നടത്തി.

Content Highlight: The Ashes: Mitchell Starc score fifty against England after 6 wicket haul in first innings