പെര്‍ത്തില്‍ നടക്കുന്ന ഒന്നാം ആഷസ് ടെസ്റ്റില്‍ ആദ്യ ദിനം തന്നെ ബൗളര്‍മാര്‍ അരങ്ങ് വാഴുന്ന കാഴ്ച്ചയാണ് കണ്ടത്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ആതിഥേയരായ ഓസ്‌ട്രേലിയ ഒമ്പതിന് 123 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ 13 പന്തില്‍ മൂന്ന് നേടിയ നഥാന്‍ ലിയോണും ഒരു പന്ത് പോലും നേരിടാതെ ബ്രണ്ടന്‍ ഡൊഗ്ഗെറ്റുമാണ് കങ്കാരുക്കള്‍ക്കായി ക്രീസിലുള്ളത്.
ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ സ്റ്റാര്‍ക്ക് തകര്‍ത്തപ്പോള്‍ സന്ദര്‍ശകര്‍ക്കായി മറുപടി നല്‍കിയത് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് തന്നെയാണ്. താരം മത്സരത്തില്‍ ഫൈഫറുമായാണ് തിളങ്ങിയത്. ആറ് ഓവറുകള്‍ മാത്രം എറിഞ്ഞ് 23 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ട് നായകന്‍ വിട്ടുകൊടുത്തത്. താരം പന്തെറിഞ്ഞത് 3.83 എക്കോണമിയിലാണ്.
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും സ്റ്റോക്‌സ് തന്റെ ഷെല്‍ഫില്‍ എത്തിച്ചു. 43 വര്‍ഷങ്ങള്‍ക്ക് ശേഷം ആഷസില്‍ ഫൈഫര്‍ നേടുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 1982ല്‍ ബോബ് വില്ലിസാണ് അവസാനമായി ആഷസില്‍ ഫൈഫര്‍ നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍. അതിന് ശേഷം ബെന്‍ സ്റ്റോക്‌സ് മാത്രമാണ് ഈ നേട്ടത്തിലെത്തിയത്.
(താരം – ബൗളിങ് ഫിഗര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
ബെന്‍ സ്റ്റോക്‌സ് – 5/23 – പെര്‍ത്ത് – 2025*
ബോബ് വില്ലിസ് – 5/66 – ബ്രിസ്ബെയ്ന്‍ – 1982
ഫ്രെഡി ബ്രൗണ്‍ – 5/49 – മെല്‍ബണ്‍ – 1982
ഗബ്ബി അലന്‍ – 5/36 – ബ്രിസ്ബെയ്ന്‍ – 1936
ജോണി ഡഗ്ലസ് – 5/46 – മെല്‍ബണ്‍ – 1912
സ്റ്റാന്‍ലി ജോക്‌സണ്‍ – 5/52 – നോട്ടിങ്ഹാം – 1905
സ്റ്റോക്‌സിനെ കൂടാതെ മത്സരത്തില്‍ ജോഫ്ര ആര്‍ച്ചര്‍, ബ്രൈഡന്‍ കാഴ്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പിഴുതു.
ഓസ്ട്രേലിയ്ക്കായി അലക്‌സ് കാരി 26 പന്തില്‍ 26 റണ്‍സെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 50 പന്തില്‍ 24 റണ്‍സ് സ്‌കോര്‍ ചെയ്തു. ഒപ്പം ട്രാവിസ് ഹെഡ് (35 പന്തില്‍ 21), സ്റ്റീവ് സ്മിത് (49 പന്തില്‍ 17), മിച്ചല്‍ സ്റ്റാര്‍ക് (12 പന്തില്‍ 12) എന്നിവരും തിളങ്ങി.
നേരത്തെ, ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ കങ്കാരുക്കള്‍ 172 റണ്‍സിന് പുറത്താക്കിയിരുന്നു. ത്രീലയണ്‍സിനായി ഹാരി ബ്രൂക്ക് 61 പന്തില്‍ 52 റണ്‍സ് എടുത്തപ്പോള്‍ ഒല്ലി പോപ്പ് 58 പന്തില്‍ 46 റണ്‍സും സ്വന്തമാക്കി. കൂടാതെ, ജെയ്മി സ്മിത് 22 പന്തില്‍ 33 റണ്‍സും ചേര്‍ത്തു.
ഓസ്ട്രേലിയ്ക്കായി സ്റ്റാര്‍ക്ക് ഏഴ് വിക്കറ്റുകള്‍ നേടി തിളങ്ങി. ബ്രണ്ടന്‍ ഡൊഗ്ഗെറ്റ് രണ്ടും ഗ്രീന്‍ ഒരു വിക്കറ്റും വീഴ്ത്തി.
Content Highlight: The Ashes: Ben Stokes became first England captain to take fifer in Ashes after 43 years