ന്നാ താന്‍ പോയി ഡാന്‍സ് കളി
DISCOURSE
ന്നാ താന്‍ പോയി ഡാന്‍സ് കളി
കെ.ജി. സൂരജ്
Monday, 1st August 2022, 10:00 pm
താളങ്ങള്‍ മുറുകിവരുമ്പോള്‍ ലിംഗഭേദമന്യേ ഇരിപ്പിടങ്ങളില്‍ നിന്നും ആദ്യമുയര്‍ന്ന് നൃത്തത്തിലാറാടുന്നവര്‍ പൊതുവില്‍ തൊഴിലാളികളാണ്, യുവതയും. ഉത്സവപ്പറമ്പുകളില്‍, മെയ് ദിന റാലികളില്‍, യുവജനോത്സവങ്ങളില്‍ അങ്ങനെ ഔപചാരികതകളെ നിമിഷാര്‍ധത്തില്‍ അപ്രസക്തമാക്കി സംഗീതത്തിന്റെ/ നൃത്തത്തിന്റെ, അതുല്‍പാദിപ്പിക്കുന്ന രസാവഹങ്ങളായ ആനന്ദാനുഭവങ്ങളെക്കുറിച്ചെല്ലാം ഏറിയും കുറഞ്ഞും പറഞ്ഞുവെയ്ക്കാനാകാത്തവര്‍ ആരാണുണ്ടാകുക.

ചെണ്ടമേളം, ഭാഷാ ഭേദമെന്യേ വെടിച്ചില്ല് പാട്ടുകള്‍/ നാടന്‍പാട്ടുകള്‍ തുടങ്ങിയവയുടെ മാന്ത്രികതകളില്‍ സ്വയംമറന്ന് നൃത്തം ചെയ്യാത്തവര്‍ ആരാണുണ്ടാകുക. അപ്പോള്‍ മനസ് ശരീരങ്ങളില്‍ പ്രയോഗിക്കുന്ന അസാധ്യമായ ചലനനിയമങ്ങളെ, അവയുടെ ‘തോന്നിയപാട്’ ആവിഷ്‌കരണങ്ങളെ നൃത്തം കലാരൂപത്തിന്റെ നിയതപരിപ്രേക്ഷ്യങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനാകുമോ എന്നത് സംബന്ധിച്ചെല്ലാം നൃത്തം ചെയ്യാനാകാത്ത അക്കാദമിക വിദഗ്ധര്‍ വിലയിരുത്തട്ടെ. വിഷയം, ആത്യന്തികമായി എങ്ങനെയാണ് താളമേളങ്ങളില്‍ ഒരാള്‍ക്ക് സ്വയം അലിഞ്ഞു കലരാതിരിക്കാനാകുക എന്നതുമാത്രമാണ്.

ഔപചാരിക ബലംപിടിത്തങ്ങളുടെ ചതുരവടിവുകളില്‍ പരിമിതപ്പെടുന്നവരുടെ ഉള്ളുകളില്‍പോലും ഏതോ താളം ഉറപ്പായും ചുവടുവെയ്ക്കുന്നുണ്ടാകാം. ശാരീരികമായ പ്രത്യേകതകളാല്‍ ഇളകിയാടാന്‍ കഴിയാത്തവരുണ്ട്. അവരും നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഭാവങ്ങളാല്‍ ചലനാത്മകമാകുന്നത് കണ്ടിട്ടില്ലേ.

താളങ്ങള്‍ മുറുകിവരുമ്പോള്‍ ലിംഗഭേദമന്യേ ഇരിപ്പിടങ്ങളില്‍ നിന്നും ആദ്യമുയര്‍ന്ന് നൃത്തത്തിലാറാടുന്നവര്‍ പൊതുവില്‍ തൊഴിലാളികളാണ്, യുവതയും. ഒരുവിധ മുന്‍ധാരണകളുമില്ലാതെ എത്ര സന്തോഷകരമായാണ് ആകസ്മികമാംവിധം രൂപപ്പെടുന്ന സംഘബോധത്തിലൂടെ ജീവിതം ആവിധം ആസ്വാദ്യകരമാകുന്നത്.

ഉത്സവപ്പറമ്പുകളില്‍, മെയ് ദിന റാലികളില്‍, യുവജനോത്സവങ്ങളില്‍ അങ്ങനെ ഔപചാരികതകളെ നിമിഷാര്‍ധത്തില്‍ അപ്രസക്തമാക്കി സംഗീതത്തിന്റെ/ നൃത്തത്തിന്റെ, അതുല്‍പാദിപ്പിക്കുന്ന രസാവഹങ്ങളായ ആനന്ദാനുഭവങ്ങളെക്കുറിച്ചെല്ലാം ഏറിയും കുറഞ്ഞും പറഞ്ഞുവെയ്ക്കാനാകാത്തവര്‍ ആരാണുണ്ടാകുക. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഔപചാരികമായ നിലയില്‍ നൃത്തം അഭ്യസിച്ചിട്ടില്ലാത്ത എത്രയോപേര്‍ ഈവിധം സ്വതസിദ്ധമായ നിലയില്‍ സര്‍ഗാത്മകതയിലേക്ക് ചുവടുവെച്ച് കയറുന്നു.

 

‘ന്നാ താന്‍ കേസ് കൊട്’

സന്തോഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം നിര്‍വഹിച്ച് കുഞ്ചാക്കോ ബോബന്‍ മുഖ്യകഥാപാത്രമാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചലച്ചിത്രത്തിലെ ഉത്സവപ്പറമ്പും ഗാനമേളയും പശ്ചാത്തലമാകുന്ന ഇടിവെട്ട് സീനും ഡാന്‍സുമാണ് അനൗപചാരിക നൃത്തസങ്കേതങ്ങളെ സംബന്ധിച്ച സൂക്ഷ്മ ചര്‍ച്ചകള്‍ക്കും സമാനാനുഭവങ്ങളുടെ ഓര്‍ത്തെടുക്കലുകള്‍ക്കും വിധേയമാകുന്നത്. എണ്‍പതുകളില്‍ പുറത്തുവന്ന കാതോട് കാതോരം എന്ന സിനിമയിലെ ഒ.എന്‍.വി കുറുപ്പ് രചിച്ച് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ‘ദേവദൂതര്‍ പാടി’ എന്ന ഗാനമാണ് പുതിയ സിനിമയില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൊന്നാകെ കുഞ്ചാക്കോ ബോബന്റെ നൃത്തച്ചുവടുകളും ശരീരഭാഷയും മാനറിസവും ഇതിനോടകം തരംഗമായിട്ടുണ്ട്. സര്‍വ സാധാരണക്കാരായ മനുഷ്യര്‍ക്ക് തങ്ങളുടെ സന്തോഷങ്ങളുമായി എളുപ്പത്തില്‍ ബന്ധപ്പെടുത്താനാകുന്ന, തങ്ങളെ തന്നെ പ്രതിഫലിപ്പിക്കുന്ന പ്രസ്തുത ഗാനഭാഗം അതുകൊണ്ടുതന്നെ പ്രചുരപ്രചാരം നേടുന്നതില്‍ അത്ഭുതമില്ല.

എണ്ണ തേച്ച് പറ്റിച്ചൊതുക്കിയ തലമുടി, അലസമായ താടി, മിതത്വമുള്ള വസ്ത്രധാരണം (കൈലി- ഷര്‍ട്ട്), എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യപാദത്തിലും സജീവമായിരുന്ന ബ്രേക്ക് ഡാന്‍സിനെ അനുസ്മരിപ്പിക്കുംവിധം രസകരവും സ്വാഭാവികവുമായ അംഗചലനങ്ങള്‍, അതിഭാവുകത്വമശേഷമില്ലാത്ത ഉത്സവ പശ്ചാത്തലം തുടങ്ങി റിയലിസത്തെ കൈപ്പിടിയിലൊതുക്കുന്ന ഫ്രെയിമുകളാണ് ഗാനഭാഗത്തിന്റെ പ്രത്യേകത.

കുഞ്ചാക്കോ ബോബന്റെ നൃത്തം തങ്ങളെ അശേഷം ഹഠാകര്‍ഷിച്ചില്ലെന്ന നിലയില്‍ അഭിപ്രായപ്രകടനം നടത്തിയവരും ചിത്രത്തിലുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ മാത്രം ജീവിതം കണ്ടെത്തുന്ന നെറ്റിസന്‍മാരുടെ അത്തരം വിലയിരുത്തലുകളില്‍ അത്ഭുതം അശേഷമില്ല. ഒരിക്കലെങ്കിലും ഒരുത്സവപ്പറമ്പില്‍ ആള്‍ക്കൂട്ടത്തില്‍ സ്വയം മറന്ന് നൃത്തം ചെയ്ത അനുഭവം ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടാകാനേ ഇടയില്ല. അതിനാല്‍ തന്നെ ഒരു കുളിരും അവരില്‍ കോരാനുമില്ല.

സ്ത്രീകള്‍- ട്രാന്‍സ് ജെന്റര്‍ വ്യക്തികള്‍- നൃത്തം

ഗാനമേള പുരോഗമിക്കുമ്പോള്‍ സ്വയംമറന്ന് നൃത്തം ചെയ്യുന്ന ഒരു കാതിക്കുടംകാരന്‍ കെ.പി. ഡേവിസേട്ടനെ ഓര്‍മ വരുന്നുണ്ട്. കമ്യൂണിസ്റ്റാണ്, കൈലിയും ടീ ഷര്‍ട്ടുമാണ് വേഷം. അഭിനേതാവ് സുരേഷ് ഗോപിയെ ഓര്‍മിപ്പിക്കുന്ന ശരീര സവിശേഷതകളുള്ള ഷാപ്പ് ജീവനക്കാരനായ കെ.പി. ഡേവിസേട്ടന്‍ നൃത്തം ചെയ്യുമ്പോള്‍ ശരീരത്തിലേക്ക് ടോര്‍ച്ച് ലൈറ്റുകള്‍ മിന്നിച്ച് കൃത്രിമ വെളിച്ച വിന്യാസമൊരുക്കിയിരുന്ന ആസ്വാദകരും ഓര്‍മയിലുണ്ട്. അദ്ദേഹം ആടുമ്പോൾ നാടാകെ ആടുന്നു!തൃശൂര്‍ പൂരവും ഇലഞ്ഞിത്തറ മേളവും എങ്ങനെയാണ് ഒരു ജനസഞ്ചയത്തെയാകെ ഒറ്റച്ചരടില്‍കോര്‍ത്ത് ഇളക്കിമറിയ്ക്കുന്നതെന്നതും ചരിത്രമാണ്.

സമാനമോ വിഭിന്നമോ ആയ സാഹചര്യങ്ങളില്‍ സുരക്ഷിതമായി സ്വയം മറന്ന് ആടാനും പാടാനുമടക്കം സ്ത്രീകള്‍ക്ക്, ട്രാന്‍സ് ജെന്റര്‍ വ്യക്തികള്‍ക്ക് ആഗ്രഹമുണ്ടാകില്ലേ. അതിനാവശ്യമായ സാമൂഹിക സാഹചര്യങ്ങള്‍ നിലവിലുണ്ടോ.

പൊതുഇടങ്ങള്‍ ആവിധം സാംസ്‌കാരികമായി പരുവപ്പെട്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ എന്തുകൊണ്ട്, എന്നതിലേക്കടക്കം വെളിച്ചം വീശുംവിധം സമകാലീന ചര്‍ച്ചകളെ വികസിക്കുമ്പോഴാണ് ലിംഗനീതി- പദവി അടക്കമുള്ള സങ്കീര്‍ണമായ സാംസ്‌കാരിക പ്രശ്ങ്ങള്‍ക്ക് മേല്‍ സൈദ്ധാന്തികതകളുടെ കനപ്പാടുകളില്ലാതെ ചോദ്യങ്ങളുയര്‍ത്തുന്നതിനാകുക.

 

മലയാളികളുടെ ട്രെന്റ് സെറ്ററുകള്‍

തരംഗമായ കുഞ്ചാക്കോ ബോബന്‍ നൃത്തച്ചുവടുകള്‍, അതിനോട് കിടപിടിക്കുന്ന തൃശൂര്‍ അരണാട്ടുകര സ്വദേശി എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥന്‍ ടൈറ്റസ് ഈനാശുവിന്റെ തൃശൂര്‍ പൂരാസ്വാദന നൃത്തം, കണ്ണൂര്‍ ജില്ലയിലെ കല്ല്യാണ വീട്ടിലെ തലേനാള്‍ ഒരുക്കങ്ങളില്‍ നാട്ടുകാരും വീട്ടുകാരും ഒരുപോലെ പങ്കുചേര്‍ന്ന് സംഘബോധത്താല്‍ നൃത്തച്ചുവടുകള്‍ വെയ്ക്കുന്ന താളാത്മകമായ റീല്‍, ആദ്യ കൊവിഡ് തരംഗകാലയളവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ യുവ ഡോക്ടര്‍മാര്‍ ജാനകി എം. ഓംകാര്‍- നവീന്‍ കെ. റസാക്ക് എന്നിവര്‍ ചടുലമായ ചുവടുവെപ്പുകളോടെ റാസ്പുട്ടിന് ഗാനത്തിന് നല്‍കിയ നൃത്തദൃശ്യാവിഷ്‌കാരം, അതേ കാലയളവില്‍ ഓട്ടോറിക്ഷാ തൊഴിലാളി കെ.പി. നൈസല്‍ കൊവിഡ് ബാധിതനായ തന്റെ സുഹൃത്തിനെ സാന്ത്വനിപ്പിക്കാന്‍ സ്വന്തം മൊബൈല്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്ത് അയച്ചുനല്‍കിയ ‘പെര്‍ഫെക്റ്റ് ഓക്കേ’ എന്ന സംഭാഷണ ഗാനം, അതേ ഉള്ളടക്കത്തിന് സംഗീതജ്ഞന്‍ അശ്വിന്‍ ഭാസ്‌കര്‍ നല്‍കിയ റീമേക്ക് തുടങ്ങിയവയെല്ലാം സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുമണ്ഡലത്തില്‍ സൃഷ്ടിച്ച സ്വാധീനം, അനുരണനങ്ങള്‍, തുടര്‍ചര്‍ച്ചകള്‍; ആട്ടം, പാട്ട് എന്നിവകളുടെ യാഥാസ്ഥിതികമായ പാരമ്പര്യങ്ങളെ അടിമുടി പുനര്‍നിര്‍വചിക്കുന്നതിന്റേയും സിദ്ധിവൈഭവങ്ങള്‍ക്ക് മുമ്പില്‍ സാമ്പത്തികമായ കീഴ്‌മേല്‍ ബന്ധങ്ങള്‍ തകര്‍ന്നുതരിപ്പണമാകുന്നതിന്റേയും രേഖാചിത്രങ്ങളാണ്.

ജാനകി എം. ഓംകാര്‍- നവീന്‍ കെ. റസാക്ക് എന്നിവരുടെ ചടുലമായ ചുവടുവെപ്പുകള്‍ ഹിന്ദുത്വവാദികളെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കിയത്. വിശ്വഹിന്ദു പരിഷത് നേതാവ് അഭിഭാഷകന്‍ ആര്‍. കൃഷ്ണരാജിന് ലോകത്തിനെ ഒന്നാകെ ആഹ്‌ളാദിപ്പിച്ച പ്രസ്തുത ഹൃസ്വനൃത്തം, പൊളിഞ്ഞ് പാളീസായ സംഘപരിവാര്‍ നുണപ്രചാര വേല ‘ലവ് ജിഹാദ്’ ആരോപിക്കാനുള്ള അസഹിഷ്ണുതാപൂര്‍ണമായ ഗൂഢപദ്ധതിയായിരുന്നു.

അതിനെ ആര്‍. കൃഷ്ണരാജ് ‘ഡാന്‍സ് ജിഹാദ്’ എന്നുവിളിക്കുന്നു. ഹിന്ദുത്വവിഷത്തിന്റെ കുമിഞ്ഞൊഴുകലിനെതിരെ അതിശക്തമായ സാമൂഹിക പ്രതിഷേധവും പ്രതികരണങ്ങളുമാണ് സാര്‍വദേശീയമായി ഉയര്‍ന്നുവന്നത്. കലയും വര്‍ഗീയവാദവും എങ്ങനെയാണ് പാലും മുതിരയും പോലെയാകുന്നത് എന്നത് താലിബാനിസത്തിന്റെ ഇന്ത്യന്‍ പതിപ്പായ ഹിന്ദുത്വയിലൂടെ സുവ്യക്തമാകുന്നു.

 

ഡി.ജെ/ റേവ് പാര്‍ട്ടികള്‍

ഇവയില്‍ നിന്നെല്ലാം വിഭിന്നമായി അടച്ചിട്ട മുറികളിലോ തുറസുകളിലോ തന്നെ സംഘടിപ്പിക്കപ്പെടുന്ന ഡി.ജെ പാര്‍ട്ടികള്‍ നൃത്തത്തിന്റേയും സംഘതാളത്തിന്റെയും വേദികളാകാറുണ്ട്. വിനോദത്തിന്റെ, വ്യവസായവല്‍കരണത്തിന്റെ ഭാഗമായ ഇത്തരം ആള്‍ക്കൂട്ട ആഘോഷങ്ങള്‍ വിവര- വാര്‍ത്താവിനിമയ- വിനോദ കുത്തകള്‍ക്ക് ‘ജനപ്രിയ’തയുടെ അളവുകോലാണ്.

പാശ്ചാത്യവല്‍കരണത്തിന്റെ ഭാഗമായി ലോകമെമ്പാടും സജീവമായ റേവ് പാര്‍ട്ടികളുടെ തനിപ്പതിപ്പുകള്‍ ഇന്ത്യയിലും വ്യാപകമാണ്. വെയര്‍ ഹൗസുകള്‍, ക്ലബുകള്‍, പൊതു- സ്വകാര്യ ഇടങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഡിസ്ക് ജോക്കികള്‍ (ഡി.ജെ) ഒരുക്കുന്ന ഇലട്രോണിക്ക് സംഗീത നൃത്തപരിപാടികള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നു.

ആയിരക്കണക്കിന് പേരാണ് ഈവിധമുള്ള പാര്‍ട്ടികളില്‍ ഉല്ലസിച്ചാനന്ദം കണ്ടെത്തുന്നത്. ലഹരി വസ്തുക്കളുടെ വ്യാപകമായ ഉപയോഗം ഇത്തരം പാര്‍ട്ടികളുടെ പ്രധാന സവിശേഷതയാണ്. കേരളത്തിലും സമാനമായ പരിപാടികളുടെ വികൃതാനുകരണങ്ങള്‍ ധാരാളമുണ്ടാകുന്നുണ്ട്. എല്‍.എസ്.ഡി സ്റ്റാംപ് (ലൈസര്‍ജിക് ആസിഡ് ഡൈഈതൈലമൈഡ്), എം.ഡി.എം.എ (മെത്തലീന്‍ഡയോക്‌സി മെത്താംഫീറ്റമിന്‍), ഹാഷിഷ് ഓയില്‍, കഞ്ചാവ് അടക്കമുള്ള നിരോധിത ലഹരി പദാര്‍ത്ഥങ്ങള്‍ യുവതയെ ലക്ഷ്യമാക്കി ഇവിടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

എത്ര മണിക്കൂര്‍ വേണമെങ്കിലും ക്ഷീണരഹിതമായി നൃത്തം ചെയ്യുന്നതിനും ഉറക്കമില്ലാതെ ചെലവഴിക്കാനാകുമെന്നതുമെല്ലാമാണ് ആരോഗ്യ സംബന്ധമായ കനത്ത പ്രത്യാഘാതങ്ങളുള്ള ഇത്തരം ലഹരി ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പ്രിയതരമാകുന്നത്.

സുപ്രധാനമായ ചോദ്യം, നൃത്തം ചെയ്യാന്‍ ലഹരിയുടെ പിന്‍ബലം ആവശ്യമുണ്ടോ എന്നതാണ്. ഇല്ല എന്നുതന്നെയാണ് ഉത്തരം.

ഉത്സവപ്പറമ്പുകളിലെ നൃത്തങ്ങളെ പൊലീസ് പൊതുവിൽ പ്രോത്സാഹിപ്പിക്കാറില്ല. തല്ല് കൂട്ടത്തല്ലായി ക്രമസമാധാന പ്രശ്ങ്ങളിലേക്ക് എത്തിപ്പെടുമെന്ന അനുഭവ ധാരണകളാണ് ആവിധം ക്രമീകരണങ്ങള്‍ക്ക് കാരണം. പൊലീസുകാരായ ചിലരെങ്കിലും തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന ഇത്തരം ആനന്ദങ്ങളെ അന്തരീക്ഷത്തിലേക്ക് ചൂരല്‍ ചുഴറ്റി ചെറുപുഞ്ചിരിയോടെ ദീര്‍ഘനിശ്വാസങ്ങളാല്‍ അതിജീവിക്കുന്നുണ്ടാകാം.

ഉത്സവപ്പറമ്പ് നൃത്തങ്ങള്‍- ഒരു നോണ്‍ ക്ലാസിക്കല്‍ കല

ചോദ്യം രണ്ട്, നൃത്തത്തെ നിയതമായ പെരുമാറ്റ സംഹിതകള്‍ക്കുള്ളില്‍ നിലനിര്‍ത്താനാകുമോ എന്നതാണ്. ഇല്ലയെന്ന് തന്നെയാണ് അതിനും ഉത്തരം. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അധികരിച്ച് വികസിച്ചുവന്ന ഭരതനാട്യം, കഥക്, കഥകളി, കുച്ചുപ്പുടി, മണിപ്പൂരി, മോഹിനിയാട്ടം, ഒഡീസ്സി, സാത്രിയ അടക്കമുള്ള ഇന്ത്യന്‍ ‘ക്ലാസിക്കല്‍’ നൃത്തരൂപങ്ങളെ ഉത്സവപ്പറമ്പിലെ നോണ്‍ ക്ലാസിക്കല്‍ നൃത്താവിഷ്‌കാരങ്ങളുമായി താരതമ്യം ചെയ്ത് മാര്‍ക്കിടുന്നവരുമുണ്ട്. അവരത് ചെയ്തുകൊള്ളട്ടെ.

കഥകളി, മോഹിനിയാട്ടം, തിരുവാതിരകളി, കോല്‍ക്കളി, ഓട്ടന്‍തുള്ളല്‍, കൂടിയാട്ടം, ചാക്യാര്‍കൂത്ത് തുടങ്ങിയ ‘പരമ്പരാഗത’ കേരളീയനൃത്ത- കലാരൂപങ്ങളുടെ ആഖ്യാന- വ്യാഖ്യാനങ്ങളിലും വിപുലമായുണ്ടാകുന്ന പരിഷ്‌കരണ ശ്രമങ്ങളിലും അവരസ്വസ്ഥത തുടരും. അതുകൊണ്ടാണല്ലോ ‘ശുദ്ധ സംഗീത’വാദികള്‍ക്കെന്നപോലെ’ ‘ശുദ്ധ നൃത്ത’വാദികള്‍ക്കും കളത്തില്‍ ഇടമില്ലാതാകുന്നത്, പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിന് നഞ്ചിയമ്മമാര്‍ അര്‍ഹരാകുന്നത്.

അപ്പ എങ്ങനെ, പൂണ്ട് വെളയാടാം അല്ലേ…

Content Highlight: The ‘art’ of carefree dancing which became a discussion after the dance of Kunchacko Boban in ‘Nna, Thaan Case Kodu’ movie