ബിരുദതല വിദ്യാഭ്യാസം സൗജന്യമാക്കാനുള്ള പ്രഖ്യാപനം വിപ്ലവകരം: ടി.ടി ശ്രീകുമാര്‍
Kerala
ബിരുദതല വിദ്യാഭ്യാസം സൗജന്യമാക്കാനുള്ള പ്രഖ്യാപനം വിപ്ലവകരം: ടി.ടി ശ്രീകുമാര്‍
നിഷാന. വി.വി
Thursday, 29th January 2026, 2:18 pm

തിരുവനന്തപുരം: ബിരുദതല വിദ്യാഭ്യാസം സൗജന്യമാക്കാനുള്ള ബജറ്റ് പ്രഖ്യാപനം വിപ്ലകരമെന്ന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ടി.ടി ശ്രീകുമാര്‍.

ഈ പ്രഖ്യാപനം വെറുമൊരു ക്ഷേമ നിര്‍ദേശം മാത്രമല്ലെന്നും കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വിപ്ലവകരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

കേരളത്തിന്റെ ഇതുവരെയുള്ള സാമ്പത്തിക ചരിത്രത്തോട് നീതി പുലര്‍ത്തുന്ന പ്രഖ്യാപനമാണിതെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘ഡ്രോപ്പൗട്ട് നിരക്ക് കുറയ്ക്കും, എന്നത് മാത്രമല്ല ഇതിന്റെ പ്രയോജനം. വിദ്യാര്‍ത്ഥി ജീവിതത്തിലെ വലിയൊരു അനിശ്ചിതത്വം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഇല്ലാതാക്കുന്ന ഇടപെടല്‍ കൂടിയാണിത്.

ഇതിനു പണമുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ല. അന്താരാഷ്ട്ര തൊഴില്‍ വിപണിയില്‍ അഭ്യസ്തവിദ്യരായ തൊഴില്‍സേനയെ വിന്യസിക്കുന്ന പ്രദേശമായി കേരളം മാറിയപ്പോള്‍ മുതല്‍ സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ള നേട്ടങ്ങള്‍ നിരവധിയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏതു മുതല്‍മുടക്കും സംസ്ഥാനത്തെ സംബന്ധിച്ചേടത്തോളം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമായിരിക്കും,’ അദ്ദേഹം കുറിച്ചു.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സ്വാഭാവികമായും കൂടുതല്‍ പോപ്പുലിസ്റ്റ് ആയ ബജറ്റായിരിക്കും അവതരിപ്പിക്കപ്പെടുകയെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും പക്ഷെ അതിന്റെ ഉള്ളടക്കമാണ് പ്രധാനമെന്നും ടി.ടി ശ്രീകുമാര്‍ പറഞ്ഞു.

‘ ഇത് വളരെക്കാലത്തെക്കുള്ള ഒരു നീക്കിയിരുപ്പാണ്. ഇതിന് ദൂരവ്യാപകമായ ഗുണഫലങ്ങള്‍ ഉണ്ടാവും. മാത്രമല്ല, സ്‌കൂള്‍ വിദ്യാഭ്യാസം പോലെ തന്നെ അടിസ്ഥാനപരമായ ഒരു മനുഷ്യാവകാശമായി ഉന്നത വിദ്യാഭ്യാസത്തെ പരോക്ഷമായി മനസ്സിലാക്കുന്ന ഒരു സമീപനം ഈ നിര്‍ദ്ദേശത്തിലുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2026 2027 സംസ്ഥാന ബജറ്റ് നിയമസഭയില്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് അവതരിപ്പിച്ചിരുന്നു. കേരളം സാമ്പത്തിക അഭിവൃദ്ധിയുടെ ടേക്ക് ഓഫ് ഘട്ടത്തിലാണെന്നും ഏറെ സന്തോഷമുണ്ടെന്നും പത്ത് വര്‍ഷം മുമ്പുള്ള കേരളമല്ല ഇപ്പോഴുള്ളതെന്നും ധനമന്ത്രി എന്ന നിലയില്‍ തന്റെ ആറാമത്തെ ബജറ്റാണിതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ തരുന്ന പിരിമുറുക്കം തെരഞ്ഞെടുപ്പ് കാലത്തെ ഇരുട്ടടി ആയിട്ടേ കാണുന്നുള്ളുവെന്നും മന്ത്രി പറഞ്ഞു.

35നും 60നും ഇടയില്‍ പ്രായമുള്ള ട്രാന്‍സ് വുമണ്‍ അടക്കമുള്ള സ്ത്രീകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷ പദ്ധതിക്കായി 3720 കോടി രൂപ വകയിരുത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. 31 ലക്ഷം പേര്‍ക്കാണ് സ്ത്രീസുരക്ഷ പെന്‍ഷന്‍ ലഭിക്കുക.

കണക്റ്റ് വര്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്കായി 400 കോടി രൂപ മാറ്റിവെച്ചെന്ന് കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

1,27,747 കോടി രൂപയുടെ നികുതി വരുമാന വര്‍ധനയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.

നികുതിയേതര വരുമാനത്തില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും 24898 കോടി രൂപ അധികം ലഭിച്ചെന്നും മന്ത്രി പറഞ്ഞു. ജി.എസ്.ടിയില്‍ കുറവ് വരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: The announcement to make undergraduate education free is revolutionary: TT Sreekumar

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.