1982ല്‍ ഗ്രൂപ്പ് ഡാന്‍സറായി സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത് 86 മുതല്‍ സ്വതന്ത്രമായി കോറിയോഗ്രാഫിങ് തുടങ്ങിയ വ്യക്തിയാണ് ശാന്തി മാസ്റ്റര്‍. ശാന്തി അരവിന്ദ് എന്നാണ് യഥാര്‍ത്ഥ പേര്. ഇന്ന് അറിയപ്പെടുന്നൊരു കോറിയോഗ്രാഫറാണ് ശാന്തി. 42ലധികം വര്‍ഷങ്ങളിലായി 1000ലധികം സിനിമകളില്‍ അവര്‍ കോറിയോഗ്രാഫി ചെയ്തു. ഇന്ന് മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമാണ് ശാന്തി മാസ്റ്റര്‍.
ഭരതം, കമലദളം, മിഴി രണ്ടിലും, അമൃതം, ബാലേട്ടന്‍, ആറാം തമ്പുരാന്‍, ഹിറ്റ്‌ലര്‍, അനിയത്തിപ്രാവ് ചിത്രത്തിന്റെ തമിഴായ കാതലുക്ക് മര്യാദൈ എന്നിങ്ങനെ നിരവധി സിനിമകള്‍ക്ക് അവര്‍ കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കുഞ്ചാക്കോ ബോബനെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തി മാസ്റ്റര്‍.
കുഞ്ചാക്കോ ബോബനെ ആദ്യമായിട്ട് കാണുന്നത് അനിയത്തിപ്രാവിന്റെ ലൊക്കേഷനില്‍ വെച്ചിട്ടായിരുന്നെന്നും താന്‍ ഡാന്‍സ് സ്റ്റെപ്പുകള്‍ പഠിപ്പിച്ച് കൊടുത്തപ്പോള്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു കുഞ്ചാക്കോ ബോബനെന്നും ശാന്തി മാസ്റ്റര്‍ പറയുന്നു.
അതുകണ്ടിട്ട് താന്‍ അത്ഭുതപ്പെട്ട് പോയെന്നും കുഞ്ചാക്കോ വളരെ ടാലൻ്റഡ് ആയിരുന്നെന്നും അവര്‍ പറഞ്ഞു. പുതിയ മുഖമായിരുന്നിട്ടും അധികം മെനക്കെടേണ്ടി വന്നിട്ടില്ലെന്നും തുടക്കം മുതലേ മിടുക്കനായിരുന്നു അദ്ദേഹമെന്നും ശാന്തി മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഗദ്ദാഫിയോട് സംസാരിക്കുകയായിരുന്നു അവര്‍.
‘ചാക്കോച്ചനെ ഞങ്ങള്‍ ആദ്യമായിട്ട് കാണുന്നത് ലൊക്കേഷനില്‍ ആലപ്പിയിലെ വീട്ടിനകത്ത് ഇരിക്കുമ്പോള്‍ ഒരു പയ്യന്‍ കാറില്‍ വന്ന് ഇറങ്ങുന്നു. ഞാന്‍ ജനല്‍ വഴിയാണ് കാണുന്നത്. എന്നോട് പറഞ്ഞു ആ പയ്യനാണ് ഈ സിനിമയിലെ നായകന്‍ എന്ന്. ദൂരെ നിന്ന് കാണുമ്പോള്‍ ഒരു ചെറിയ പയ്യന്‍.
കുറച്ച് മേക്ക്അപ് ഒക്കെ ഇട്ട് ടെസ്റ്റ് ചെയ്ത് നോക്കി, പിന്നെ രണ്ട് സ്റ്റെപ് നമ്മള്‍ പഠിപ്പിച്ചപ്പോള്‍ അവന്‍ ഭയങ്കര കംഫര്‍ട്ടബിള്‍ ആയിരുന്നു. നമ്മള്‍ അത്ഭുതപ്പെട്ട് പോയി. അവന്‍ നല്ല ടാലന്റഡ് ആയിരുന്നു. ഒരു പുതിയ മുഖമായിരുന്നിട്ടും അധികം മെനക്കെടേണ്ടി വന്നിട്ടില്ല. ഞങ്ങള്‍ എന്താണോ ചിന്തിച്ചിരുന്നത് അതുപോലെ തന്നെ ചാക്കോച്ചന്‍ ചെയ്തു. തുടക്കം തന്നെ മിടുക്കനായിരുന്നു കുഞ്ചാക്കോ ബോബന്‍,’ ശാന്തി മാസ്റ്റര്‍ പറയുന്നു.
Content Highlight: The actor was brilliant from the start; I was amazed to see him dance says Shanti Master