മോളിവുഡിനെ ഹോളിവുഡ് ലെവലിൽ എത്തിച്ച മലയാളത്തിന്റെ 3 അമരക്കാർ
Malayalam Cinema
മോളിവുഡിനെ ഹോളിവുഡ് ലെവലിൽ എത്തിച്ച മലയാളത്തിന്റെ 3 അമരക്കാർ
കെ.എസ് ഷാബിന
Sunday, 28th June 2026, 7:08 pm

മലയാള ചലച്ചിത്ര ലോകം അതിന്റെ സുവർണ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. തിയേറ്ററുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന കാലത്തുനിന്നും മലയാള സിനിമ ഇന്ന് ആഗോള സിനിമാലോകത്ത് തന്നെ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. കഥയിലെ വൈവിധ്യവും, ഹൈ ക്വാളിറ്റി മേക്കിങ്ങും, സംവിധാനമികവും, കുറഞ്ഞ ബജറ്റിലുള്ള മേക്കിങ്ങിനുമപ്പുറം ബോക്സ് ഓഫീസിലെ റെക്കോഡ് കുതിപ്പും എല്ലാം മലയാള സിനിമയെ ലോകസിനിമാ പ്രേമികൾക്കിടയിൽ തരംഗമാക്കി മാറ്റുന്നു.

ഒ.ടി.ടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെ വരവോടെയാണ് മലയാള സിനിമ ലോകത്തിന്റെ നെറുകയിലേക്ക് എത്തിയത്. നായകനെ മാത്രം നോക്കി സിനിമ കണ്ടിരുന്ന ഒരു കാലത്തുനിന്നും, ഇന്ന് സംവിധായകന്റെയും മറ്റ് ടെക്‌നീഷ്യന്മാരുടെയും പേര് നോക്കി സിനിമ തിരഞ്ഞെടുക്കുന്ന പുതിയൊരു സിനിമാസംസ്കാരത്തിലേക്ക് പ്രേക്ഷകർ എത്തിയിരിക്കുന്നു.

അത്തരത്തിൽ മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച മൂന്ന് സംവിധായകരാണ് ദിലീഷ് പോത്തൻ, ചിദംബരം, ബേസിൽ ജോസഫ് എന്നിവർ.

കോടികളുടെ ബജറ്റോ, അതിഭാവുകത്വമുള്ള സൂപ്പർഹീറോ ഫോർമുലകളോ ഇല്ലാതെ തന്നെ, ഭാവതീവ്രമായ മനുഷ്യബന്ധങ്ങളെ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത് സിനിമയാക്കുന്ന സംവിധാന ശൈലിയാണ് ഇവർ മലയാള സിനിമയിൽ പരീക്ഷിച്ച് വിജയം കണ്ടത്.

ദിലീഷ് പോത്തൻ: സാധാരണക്കാരനെ ക്യാമറകണ്ണിലൂടെ കണ്ട ‘പോത്തേട്ടൻസ് ബ്രില്ല്യൻസ്’

 

ദിലീഷ് പോത്തൻ.Photo:X.com

മലയാള സിനിമയിൽ റിയലിസ്റ്റിക് സിനിമാ മേക്കിങ്ങിന് പുതിയ നിർവചനം നൽകിയ സംവിധായകനാണ് ദിലീഷ് പോത്തൻ. സാധാരണക്കാരന്റെ ജീവിതത്തെ ക്യാമറക്കണ്ണിലൂടെ ഭാവതീവ്രമായി ഒപ്പിയെടുക്കുന്നതാണ് പോത്തേട്ടൻസ് സ്റ്റൈൽ. ഫഹദ് ഫാസിൽ നായകനായെത്തിയ ‘മഹേഷിന്റെ പ്രതികാരം’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി ജീവിതത്തെ അതിന്റെ തനിമയോടെ പകർത്താൻ അദ്ദേഹത്തിന് സാധിച്ചു.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘ജോജി’ എന്നിവയാണ് പോത്തേട്ടന്റെ ലിസ്റ്റിലെ മറ്റു രണ്ടു ചിത്രങ്ങൾ. സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരാണ് അദ്ദേഹത്തിന്റെ നായകൻമാർ. അനാവശ്യമായ നാടകീയ രംഗങ്ങളില്ലാതെ, മനുഷ്യജീവിതത്തെ അതിന്റെ സ്വാഭാവികതയോടെ തന്നെ അവതരിപ്പിക്കുന്നതാണ് ദിലീഷ് പോത്തന്റെ സംവിധാനമികവ്. ഇതിലെ ക്യാമറ ആംഗിളുകളും വിഷ്വൽ ഫ്രേമുകളും ഡോക്യുമെന്ററിക്ക് സമാനമായ ഒരു മികച്ച ദൃശ്യാനുഭവമാണ് പ്രേക്ഷകന് നൽകുന്നത്.

ചിദംബരം

ചിദംബരം.Photo:X.com

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയുടെ ബ്രാൻഡ് നെയ്മായി മാറാൻ ചിദംബരം എന്ന സംവിധായകന് സാധിച്ചു. ‘ജാൻ.എ.മൻ’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘ബാലൻ’ എന്നീ മൂന്ന് സിനിമകളിലൂടെ സ്വന്തം പേര് തന്റെ ചിത്രങ്ങളുടെ യു.എസ്.പി ആക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു.

കണ്ടുമടുത്ത പ്രണയ-കോമഡി മസാല കഥകൾക്ക് പകരം മനുഷ്യബന്ധങ്ങളെയും ജീവിത സാഹചര്യങ്ങളെയും ഭാവതീവ്രമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചു.ഏറ്റവും ഒടുവിൽ ‘ബാലൻ’ എന്ന ചിത്രത്തിലൂടെ ചിദംബരം എന്ന സംവിധായകന്റെ സിഗ്നേച്ചർ ലോകസിനിമയിൽ അദ്ദേഹം അടയാളപ്പെടുത്തിക്കഴിഞ്ഞു.

കഴിവുറ്റ പുതുമുഖങ്ങളെ തെരഞ്ഞുപിടിച്ച് തന്റെ സിനിമയിലൂടെ ജീവനുള്ള കഥാപാത്രങ്ങളാക്കി മാറ്റുകയാണ് ഈ സംവിധായകൻ. ചിദംബരം സിനിമകളിലെ കഥയും കഥാപാത്രങ്ങളും തിയേറ്റർ വിട്ടിറങ്ങിയ ശേഷവും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

തെന്നിന്ത്യൻ സിനിമാലോകം ഏറ്റെടുത്ത ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സെൻസേഷണൽ ഹിറ്റും മലയാളികൾ മറന്നിട്ടില്ല. ഒരു സർവൈവൽ ത്രില്ലറായി എത്തിയ ചിത്രം ഭാഷാ അതിരുകൾ ഭേദിച്ച് ആഗോളതലത്തിൽ ശ്രദ്ധ നേടുകയും ബോക്സ് ഓഫീസിൽ റെക്കോഡ് കളക്ഷൻ സ്വന്തമാക്കുകയും ചെയ്തു.

ബേസിൽ ജോസഫ്: നാടൻ തമാശകളെ ഗ്ലോബൽ ഫാന്റസിയാക്കിയ ബേസിൽ യൂണിവേഴ്‌സ്

ബേസിൽ ജോസഫ്.Photo:X.com

 

തിയേറ്ററിൽ ചിരിയുടെ ‘മിന്നൽ’ പൂരം തീർക്കുന്ന സംവിധായകനാണ് ബേസിൽ ജോസഫ്. നാട്ടിൻപുറത്തെ തനി നാടൻ തമാശകളെ ഹോളിവുഡ് റേഞ്ചിലുള്ള ഫാന്റസി കഥകളോട് ചേർത്തുവെക്കാൻ ബേസിലിന് ഒരു പ്രത്യേക കഴിവുണ്ട്. ‘കുഞ്ഞിരാമായണ’ത്തിലെ കുഗ്രാമവും, ‘ഗോദ’യിലെ ഗുസ്തിക്കളവും കടന്ന് ‘മിന്നൽ മുരളി’യിലൂടെ മലയാളത്തിന്റെ സ്വന്തം സൂപ്പർഹീറോയെ ലോകത്തിന് മുന്നിൽ എത്തിക്കാൻ ബേസിലിന് കഴിഞ്ഞു. വലിയ ബജറ്റുകളോ അനാവശ്യമായ മാസ്സോ ഇല്ലാതെ, തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് ബേസിൽ ജോസഫ് സിനിമകളുടെ മാജിക്.

‘കുഞ്ഞിരാമായണം’, ‘ഗോദ’, ‘മിന്നൽ മുരളി’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളാണ് ബേസിൽ യൂണിവേഴ്സിലുള്ളത്. കളർഫുൾ ഫ്രേമുകളും തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന എൻഗേജിങ് സ്റ്റോറിയുമാണ് ബേസിൽ ജോസഫ് സ്റ്റൈൽ. ഹോളിവുഡ് ശൈലിയിലുള്ള വി.എഫ്.എക്സ് സഹായത്തോടെ നാട്ടിൻപുറത്തെ ഒരു കൊച്ചുഗ്രാമത്തിൽ ഒരു സൂപ്പർഹീറോ മൂവി നിർമിച്ച് അത് വലിയ വിജയമാക്കി മാറ്റാൻ ബേസിലിന് സാധിച്ചു.
അന്താരാഷ്ട്ര തലത്തിൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ‘മിന്നൽ മുരളി’ ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുകയും ഏഷ്യയിലെ തന്നെ മികച്ച സംവിധായകനുള്ള അവാർഡ് ബേസിലിന് നേടിക്കൊടുക്കുകയും ചെയ്തു.

Content Highlight: The 3 directors who took Mollywood to Hollywood standards

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.