50ാം കിരീടം 2026 ലോകകപ്പ്! ചരിത്ര നേട്ടത്തിന് ലയണല്‍ മെസി
Sports News
50ാം കിരീടം 2026 ലോകകപ്പ്! ചരിത്ര നേട്ടത്തിന് ലയണല്‍ മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th December 2025, 8:29 am

കരിയറിലെ 48ാം കിരീടവുമായാണ് ഇതിഹാസ താരം ലയണല്‍ മെസി ഫുട്‌ബോള്‍ ചരിത്രത്തിലെ സ്വന്തം റെക്കോഡ് വീണ്ടും തകര്‍ത്തെറിഞ്ഞത്. മേജര്‍ ലീഗ് സോക്കര്‍ ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സ് ജേതാക്കളായതിന് പിന്നാലെ എം.എല്‍.എസ് കിരീടവും മെസിയുടെ ചിറകിലേറി ഹെറോണ്‍സ് സ്വന്തമാക്കി. പിങ്ക് ആര്‍മിയുടെ ആദ്യ മേജര്‍ ലീഗ് കിരീടമാണിത്.

കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ കരുത്തരായ വാന്‍കൂവര്‍ വൈറ്റ് ക്യാപ്‌സിനെ പരാജയപ്പെടുത്തിയാണ് മെസിയും സംഘവും കിരീടമണിഞ്ഞത്. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു തോമസ് മുള്ളറിന്റെ കരുത്തില്‍ കളത്തിലിറങ്ങിയ വൈറ്റ്ക്യാപ്‌സിനെ ഇന്റര്‍ മയാമി തകര്‍ത്തുവിട്ടത്.

കിരീടവുമായി ഇന്‍റർ മയാമി. Photo: Inter Miami/x.com

തന്റെ കരിയറിലെ 48ാം കിരീവും ഇന്റര്‍ മയാമിക്കൊപ്പം നാലാം കിരീടവുമാണ് സ്വന്തം തട്ടകത്തില്‍ മെസി സ്വന്തമാക്കിയത്.

2026 ലോകകപ്പിന് മുമ്പ് മെസി തന്റെ 49ാം കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങും. മാര്‍ച്ച് 27ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിസിമ കിരീടപ്പോരാട്ടത്തിനാണ് മെസിയും അര്‍ജന്റീനയും കളത്തിലിറങ്ങുക. സ്‌പെയ്‌നാണ് എതിരാളികള്‍.

ഫൈനലിസിമ കിരീടം. Photo: Bleacher Report/Facebook.com

2024 കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനലിസിമയ്ക്ക് യോഗ്യത നേടിയത്.

2022 ലോകകപ്പിന് മുമ്പ് നടന്ന മത്സരത്തില്‍ അന്നത്തെ യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയെയാണ് അര്‍ജന്റീനയ്ക്ക് നേരിടാനുണ്ടായിരുന്നത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആല്‍ബിസെലസ്റ്റ്‌സ് അസൂറികളെ തോല്‍പ്പിച്ചുവിട്ടത്. ലൗട്ടാരോ മാര്‍ട്ടീനസ്, ആന്‍ഹല്‍ ഡി മരിയ, പോലോ ഡിബാല എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ കണ്ടെത്തിയത്.

ഫൈനലിസിമ കിരീടവുമായി അർജന്‍റീന. Photo: Heute.at

പിന്നാലെ നടന്ന ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടി കരിയര്‍ സമ്പൂര്‍ണമാക്കാനും മെസിക്ക് സാധിച്ചു.

ഇപ്പോള്‍ സമാനമായ സാഹചര്യമാണ് മെസിക്ക് മുമ്പിലുള്ളത്. ഇത്തവണ ഫൈനലിസിമയും ലോകകപ്പും സ്വന്തമാക്കാന്‍ സാധിച്ചാല്‍ 50 കിരീടമെന്ന ചരിത്ര നേട്ടം സ്വന്തമാക്കാന്‍ മെസിക്ക് സാധിക്കും. ഇതില്‍ ഏറെ പ്രധാനം 50ാം കിരീടം ലോകകപ്പായിരിക്കും എന്നതാണ്.

2022 ലോകകപ്പുമായി അർജന്‍റീന. Photo: FIFA/x.com

എന്നാല്‍ ഇത്തവണ മെസിക്കും സംഘത്തിനും കാര്യങ്ങള്‍ എളുപ്പായിരിക്കില്ല. ഫിഫ റാങ്കിങ്ങില്‍ നിലവില്‍ ഒന്നാമതുള്ള സ്‌പെയ്‌നിനെയാണ് ഫൈനലിസിമയില്‍ ടീമിന് നേരിടാനുണ്ടാവുക. യുവരക്തങ്ങളുടെ കരുത്തിലാണ് ലാ റോജ മുമ്പോട്ട് കുതിക്കുന്നത്.

അതേസമയം, അത്രകണ്ട് കടുപ്പമല്ലാത്ത ഗ്രൂപ്പ് ജെ-യിലാണ് അര്‍ജന്റീന ലോകകപ്പില്‍ ഇടം പിടിച്ചിരിക്കുന്നത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

 

Content Highlight: The 2026 World Cup could be Messi’s 50th career title