വാജി വാഹനം; തന്ത്രിയ്ക്ക് കുരുക്ക് മുറുകുന്നു; ദേവസ്വം ബോർഡ് സ്വത്തായി സൂക്ഷിക്കണമെന്ന് 2012ലെ ഉത്തരവ്
Kerala
വാജി വാഹനം; തന്ത്രിയ്ക്ക് കുരുക്ക് മുറുകുന്നു; ദേവസ്വം ബോർഡ് സ്വത്തായി സൂക്ഷിക്കണമെന്ന് 2012ലെ ഉത്തരവ്
ശ്രീലക്ഷ്മി എ.വി.
Friday, 16th January 2026, 1:41 pm

പത്തനംതിട്ട: ശബരിമല വാജി വാഹന വിവാദത്തിൽ തന്ത്രിക്കും ദേവസ്വം ബോർഡിനും കുരുക്കായി 2012 ലെ ഉത്തരവ്.

ശബരിമലയിലെ ഭൗതിക വസ്തുക്കള്‍ ദേവസ്വം ബോർഡ് സ്വത്തായി സൂക്ഷിക്കണമെന്നാണ് 2012ലെ ഉത്തരവിൽ പറയുന്നത്. വാജി വാഹനം തന്ത്രിയ്ക്ക് കൈമാറാനുള്ള വ്യവസ്ഥയില്ലെന്നും ഉത്തരവിൽ പറയുന്നു.

2017ൽ മാറ്റി സ്ഥാപിച്ച കൊടിമരത്തിന്റെ വാജിവാഹനമാണ് 2019ൽ തന്ത്രി കണ്ഠരര് രാജീവർക്ക് കൈമാറിയത്. കഴിഞ്ഞ ആഴ്ചയാണ് തന്ത്രിയുടെ വീട്ടിൽ നിന്നും വാജിവാഹനം അന്വേഷണ സംഘം കണ്ടെടുത്തത്.

വാജി വാഹനം കൊണ്ടുപോയതെന്തുകൊണ്ടെന്ന ചോദ്യമുയർന്നപ്പോൾ ശബരിമലയിലെ ഭൗതിക വസ്തുക്കൾ തന്ത്രിയ്ക്ക്
അവകാശപ്പെട്ടതാണെന്നും തന്ത്രിയ്ക്ക് കൈമാറുന്നതാണ് കീഴ്‌വഴക്കമെന്നുമായിരുന്നു മുൻ ദേവസ്വം ബോർഡ് അംഗങ്ങൾ പറഞ്ഞത്.

എന്നാൽ അത് ശരിയല്ലെന്നും ദേവസ്വം ഉത്തരവിന്റെ ലംഘനമാണെന്നും വ്യക്തമാക്കുന്ന 2012 സെപ്റ്റംബർ 17 ന് ഇറങ്ങിയ ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എല്ലാ ക്ഷേത്രങ്ങളുമായും ബന്ധപ്പെട്ട ഉത്തരവാണിത്. എല്ലാ ക്ഷേത്രങ്ങളിലെയും ഭൗതിക വസ്തുക്കൾ ദേവസ്വം ബോർഡുകൾ സൂക്ഷിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ അജയ് തറയിൽ അംഗമായിട്ടുള്ള ദേവസ്വം ബോർഡായിരുന്നു വാജി വാഹനം സൂക്ഷിക്കേണ്ടിയിരുന്നത്. എന്നാൽ അത് തന്ത്രി കണ്ഠരര് രാജീവർക്ക് കൊടുത്തുവിടുകയായിരുന്നു.

വാജി വാഹനം കൊടുത്തുവിട്ടത് തന്ത്രവിധി പ്രകാരമായിരുന്നെന്നാണ് മുൻ ദേവസ്വം ബോർഡ് അംഗമായിരുന്ന അജയ് തറയിൽ മനോരമ ന്യൂസിനോട് പ്രതികരിച്ചത്. ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും തന്ത്രിയ്ക്ക് കൊടുത്തതിൽ തെറ്റില്ലായെന്നും അദ്ദേഹം പറഞ്ഞു.

വാജി വാഹനം തന്ത്രിയ്ക്ക് അവകാശപ്പെട്ടതാണെന്നും തന്ത്രിയ്ക്ക് കൈമാറുന്നതാണ് കീഴ്‌വഴക്കമെന്നും അദ്ദേഹം നേരത്തെയും അവകാശപ്പെട്ടിരുന്നു.

Content Highlight: The 2012 order has embroiled the Thantri and the Devaswom Board in the Sabarimala Vajivahana controversy

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.