| Sunday, 14th September 2025, 4:18 pm

സുരേഷ് ഗോപിയുടെ പ്രതികരണം പ്രയാസമുണ്ടാക്കി; പ്രതികരിക്കാതിരുന്നത് മന്ത്രിയെ അവഹേളിക്കേണ്ടെന്ന് കരുതി: കൊച്ചുവേലായുധൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: നിവേദനം തടഞ്ഞുള്ള കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപിയുടെ പെരുമാറ്റം പ്രയാസമുണ്ടാക്കിയെന്ന് പൊതുമധ്യത്തിൽ അപമാനിതനായ തയ്യാട്ട് കൊച്ചുവേലായുധൻ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൊച്ചുവേലായുധൻ.

രണ്ടു വർഷം മുമ്പ് തെങ്ങ് വീണ് തകർന്ന വീടിന്റെ അറ്റകുറ്റപ്പണിക്ക് സഹായം തേടിയാണ് എം.പിയുടെ അടുത്ത് അപേക്ഷയുമായി ചെന്നത്. സഹായം നൽകിയില്ലെങ്കിലും മന്ത്രിക്ക് അപേക്ഷയെങ്കിലും വാങ്ങാമായിരുന്നെന്ന് കൊച്ചുവേലായുധൻ പറഞ്ഞു.

‘എനിക്ക് ഒന്നും തന്നില്ലെങ്കിലും കുഴപ്പമില്ല എന്റെ അപേക്ഷ വാങ്ങിച്ചാൽ മതി. പാർട്ടിക്കാർ ചെയ്തുതരാം എന്ന് പറഞ്ഞു. പരമാവധി ഒരു കൊല്ലം ഞാൻ നോക്കി, രണ്ടു കൊല്ലമായി ഈ വീട്ടിൽ കഴിയുന്നു.’ വീടിന്റെ അവസ്ഥയെ കുറിച്ച് കൊച്ചുവേലായുധൻ പറഞ്ഞു.

തൃശൂരിലെ പുള്ളിൽ വച്ച് നടന്ന ‘കലുങ്ക് സംവാദം ജനകീയ സദസ്സ്’ എന്ന പരിപാടിയിലാണ് കൊച്ചുവേലായുധൻ അപേക്ഷ നൽകിയത്. എന്നാൽ ഇതൊന്നും എം.പിയുടെ ജോലിയല്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ജനങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ജനങ്ങളുമായി നേരിട്ട് സംവാദം നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നു പരിപാടിയുടെ ഉദ്ദേശം. എന്നാൽ ഈ പരിപാടിയിൽ തന്നെയാണ് നിവേദനവുമായി വന്ന കൊച്ചുവേലായുധനെ നിരസിച്ചു കൊണ്ടുള്ള എം.പിയുടെ പെരുമാറ്റം ഉണ്ടായത്.

കേന്ദ്രമന്ത്രിയുടെ പെരുമാറ്റം പ്രയാസമുണ്ടാക്കിയെന്നും സംഭവത്തിൽ തിരിച്ച് പ്രതികരിക്കാത്തത് പൊതുമധ്യത്തിൽ മന്ത്രിയെ അവഹേളിക്കേണ്ടെന്നു കരുതിയാണെന്നും കൊച്ചുവേലായുധൻ പറഞ്ഞു.

കൊച്ചുവേലായുധൻ നടത്തിയ പ്രതികരണങ്ങൾക്ക് ശേഷം സുരേഷ്‌ ഗോപിക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറി ഈ വിഷയത്തിൽ കേന്ദ്രമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്നു.

Content Highlight: Thayyat Kochuvelayudhan, who was publicly humiliated, said that the behavior of Union Minister of State Suresh Gopi

We use cookies to give you the best possible experience. Learn more