വർഷങ്ങൾക്ക് മുമ്പ് വിഷുദിനത്തിൽ വൈറലായ ഒരു വീഡിയോ ഇന്ന് വീണ്ടും ചർച്ചയാകുകയാണ്. ഗേറ്റിന് സമീപം പടക്കം കത്തിക്കാൻ ശ്രമിക്കുന്ന ഒരാൾ അത് പൊട്ടുമ്പോൾ പേടിച്ച് ഓടുന്നതിനിടെ വീഴുന്നതാണ് വീഡിയോയിലെ പ്രധാന ഭാഗങ്ങൾ.
ഓരോ വിഷുവിനും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്ന ഈ വീഡിയോ, പതിവായി പ്രേക്ഷകർക്ക് ചിരി പകർന്നിരുന്നു. എന്നാൽ ഇപ്പോൾ ആ വീഡിയോ എല്ലാവർക്കും മനസിൽ ഒരു വേദന നൽകുന്ന അനുഭവമായി മാറിയിരിക്കുകയാണ്.
സവിൻ സ സംവിധാനം ചെയ്ത ‘വാഴ 2 ‘ റിലീസിന് പിന്നാലെയാണ് ഈ മാറ്റം. ചിത്രത്തിൽ ഈ വൈറൽ വീഡിയോയുടെ ഒരു പുനരാവിഷ്കാരം ഉൾപ്പെടുത്തിയിട്ടുണ്ട്. ബിജുക്കുട്ടനാണ് ആ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.
പക്ഷേ, സിനിമയിൽ അത് വെറും തമാശയായല്ല അവതരിപ്പിച്ചിരിക്കുന്നത്. പടക്കം പൊട്ടുമ്പോൾ പേടിച്ച് വീഴുന്ന അച്ഛനെ കണ്ട് മകൻ അനുഭവിക്കുന്ന വേദനയും സങ്കടവും , അതിനൊപ്പം അവന്റെ മനസിൽ ഉണ്ടാകുന്ന വിഷമവും വളരെ ഇമോഷണലായി ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
തിയേറ്ററിൽ ഈ രംഗം കണ്ടപ്പോൾ അന്ന് ആ വീഡിയോ കണ്ട് ചിരിച്ചിരുന്ന പ്രേക്ഷകർ കണ്ണുനിറഞ്ഞ് ഇരിക്കുന്ന കാഴ്ചയാണ് കാണാനിടയായത്. ഒരിക്കൽ ചിരിക്കാൻ ഇടയാക്കിയ ഈ വീഡിയോയുടെ മറുവശം കാണിച്ചപ്പോളാണ് വീഡിയോയുടെ പിന്നിലെ യഥാർത്ഥ സങ്കടം ഓരോ മലയാളിയും തിരിച്ചറിഞ്ഞത്.
സ്വന്തം അച്ഛൻ കൂട്ടുകാരുടെ മുന്നിൽ പരിഹസിക്കപ്പെടുന്നത് കാണേണ്ടി വരുന്ന മകന്റെ വേദന, ഓരോ പ്രേക്ഷകന്റെയും മനസിൽ തൊടുന്ന തരത്തിലാണ് ചിത്രീകരിച്ചത്. അതുകൊണ്ടുതന്നെ, ഇനി ഒരിക്കലും ആ വീഡിയോ കണ്ട് ആരും ചിരിക്കില്ലെന്ന് ഉറപ്പാണ്.
ആ അച്ഛനായി ജീവിച്ച ബിജുക്കുട്ടന്റെ പ്രകടനവും ഏറെ പ്രശംസ നേടുകയാണ്. ചെറിയൊരു രംഗമായിരുന്നുവെങ്കിലും അതിലൂടെ വലിയൊരു മാറ്റം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തിയറ്റർ വിട്ടിറങ്ങുമ്പോൾ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ ചിലർ മറന്നേക്കാമെങ്കിലും, ഈ അച്ഛൻ-മകൻ കൂട്ടുകെട്ട് പ്രേക്ഷകരുടെ മനസിൽ ദീർഘകാലം നിലനിൽക്കുമെന്ന് ഉറപ്പാണ്.
ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ ഹാഷിറും ടീമുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവാക്കളുടെയും അവരുടെ സൗഹൃദത്തിന്റെയും ജീവിതത്തിലെ ഉയർച്ചതാഴ്ചകളുടെയും കഥ പറയുന്ന ‘വാഴ 2 ‘, ഇമോഷനും ഹാസ്യവും ചേർന്നൊരു അനുഭവമായി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
Content Highlight: That scene in Vazha that touched the audience emotionally
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.