| Monday, 16th June 2025, 8:46 am

ആ നടിക്ക് ഭാഗ്യനമ്പറിൽ തന്നെ റൂം വേണം; നിർഭാഗ്യത്താൽ അതേ നമ്പർ റൂമിൽ കിടന്നാണ് അവർ മരണപ്പെട്ടത്: നന്ദു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുപ്പത് വർഷത്തോളമായി സിനിമാരംഗത്ത് സജീവമാണ് നന്ദു. എങ്കിലും മോഹൻലാൽ നായകനായി എത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിലെ കുടിയൻ കഥാപാത്രമാണ് നന്ദുവിനെ കൂടുതൽ പ്രശസ്തനാക്കിയത്. 1986ൽ മോഹൻലാൽ ചിത്രം സർവ്വകലാശാലയിലൂടെയാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്.

സംവിധായകൻ പ്രിയദർശന്റെ പല ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം എമ്പുരാനിലും നന്ദു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ നടി കൽപനയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

കൽപനക്ക് ചില ശീലങ്ങളുണ്ടെന്നും 106 എന്ന നമ്പറില്‍ തന്നെ റൂം വേണമെന്നും നന്ദു പറയുന്നു. രണ്ടുപ്രാവശ്യം ഷോയില്‍ പോയപ്പോഴും താന്‍ തന്നെയായിരുന്നു ഷോയുടെ കോര്‍ഡിനേറ്റര്‍ എന്നും ഹോട്ടലിലേക്കുള്ള ലിസ്റ്റ് താനാണ് കൊടുക്കുന്നതെന്നും നന്ദു പറഞ്ഞു.

റിസപ്ക്ഷനില്‍ ചെല്ലുമ്പോള്‍ ആദ്യം തന്നെ കൽപനക്കുള്ള റൂം ആണ് ആദ്യം കൊടുക്കുന്നതെന്നും ശേഷമാണ് ജഗതി ശ്രീകുമാറിനും നെടുമുടി വേണുവും ഉള്‍പ്പെടെ ഉള്ളവര്‍ക്ക് റൂം കൊടുക്കുന്നതെന്നും നന്ദു വ്യക്തമാക്കി. നിര്‍ഭാഗ്യത്താല്‍ 106ാം നമ്പറില്‍ മുറിയില്‍ കിടന്നാണ് കൽപന മരണപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കല്‍പനക്ക് ചില ശീലങ്ങളുണ്ട്. അതായത് 106 എന്ന നമ്പര്‍ വേണം കല്‍പ്പനക്ക്. 7 ടോട്ടല്‍ വരണം, 0 നടുവിന്‍ വേണം. രണ്ടുപ്രാവശ്യം ഷോയില്‍ പോയപ്പോഴും ഞാന്‍ കോര്‍ഡിനേറ്റര്‍ കൂടിയായിരുന്നു. അപ്പോള്‍ ചെല്ലുന്ന സ്ഥലത്തെല്ലാം ഞാനാണ് ഹോട്ടലില്‍ ലിസ്റ്റ് നേരത്തെ കൊടുക്കുന്നത്.

റിസപ്ക്ഷന്‍ ചെന്നിട്ട് ഹോട്ടലിലെ ലിസ്റ്റ് റൂം അലോക്കേറ്റ് ചെയ്യുമ്പോള്‍ ആദ്യം തന്നെ കല്‍പനക്ക് ഉള്ളതില്‍ നല്ലത് ഏതാ എന്ന് നോക്കിയിട്ട് റൂം കൊടുക്കും.

‘സന്തോഷമായി. നന്ദുവിനെ ഏല്‍പ്പിച്ചത് കൊണ്ട് എനിക്ക് റൂം കിട്ടി’ എന്ന് കല്‍പന പറയും. ആദ്യത്തെ താക്കോല്‍ തന്നെ കല്‍പനക്കാണ് കൊടുക്കുന്നത്. എന്നിട്ടാണ് ഞാന്‍ അമ്പിളി ചേട്ടനും, നെടുമുടി വേണു ചേട്ടനും ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കൊടുക്കുന്നത്.

അവരുടെ ഒരു ഭാഗ്യനമ്പറാണ് എന്ന് പറഞ്ഞിട്ടാണ് അവര്‍ അതില്‍ താമസിച്ചത്. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഹൈദരബാദില്‍ വെച്ച് 106ാം നമ്പറില്‍ മുറിയില്‍ കിടന്നാണ് മരിച്ചത്,’ നന്ദു പറയുന്നു.

കൽപന

മലയാളത്തിലെ ഹാസ്യറാണിയായിരുന്നു കൽപന. എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത മഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമയിലേക്ക് എത്തിയത്. ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. തമിഴ് ചിത്രത്തിൽ അഭിനയിക്കാനായി ഹൈദരബാദിൽ എത്തിയ നടിയെ റൂമിൽ ബോധരഹിതയായി കാണുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു.

Content Highlight: That actress wanted a room with the same lucky number; unfortunately, she died in the same room number says Nandu

We use cookies to give you the best possible experience. Learn more