| Friday, 5th December 2025, 6:17 pm

ലാലേട്ടനെ വെച്ച് എങ്ങനെയാണ് ഇത്രയും ചെറിയ ബഡ്ജറ്റില്‍ സിനിമ ചെയ്യുന്നതെന്ന് ആമിറും സൂര്യയും അജയ് ദേവ്ഗണും ചോദിച്ചു: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ തുടരും സമാനതകളില്ലാത്ത വിജയമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. 240 കോടിയോളം രൂപ ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ നിന്നും നേടിയ ചിത്രം കേരള ബോക്‌സ് ഓഫീസില്‍ നിന്നും മാത്രം നൂറു കോടി നേടുന്ന ആദ്യ ചിത്രമായി മാറിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം പലരും തന്നോട് എങ്ങനെയാണ് ഇത്രയും ചെറിയ ബഡ്ജറ്റില്‍ തുടരും പോലൊരു ചിത്രം ചെയ്യുന്നതെന്ന് ചോദിച്ചുവെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

മോഹന്‍ലാല്‍. Photo: OTT PLAY

ന്യൂസ് ടുഡേ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘സിനിമയുടെ വിജയത്തിന് ശേഷം രാജ്യത്തിന്റെ പല ഭാഗത്തു നിന്നും പലരും വിളിച്ച് അഭിനന്ദിച്ചിരുന്നു. തമിഴില്‍ നിന്നും സൂര്യയും നോര്‍ത്തില്‍ നിന്ന് അജയ് ദേവ്ഗണ്ണിന്റെയും ആമിറിന്റെയും കമ്പനിയില്‍ നിന്നും വിളിച്ചിരുന്നു. അവരൊക്കെ ചോദിച്ചത് എങ്ങനെയാണ് ലാല്‍ സാറിനെ പോലെ ഒരു ആക്ടറെ വെച്ച് ഇത്രയും വലിയ സ്‌കെയിലിലുള്ള സിനിമ കുറഞ്ഞ ബഡ്ജറ്റില്‍ ചെയ്തു തീര്‍ക്കാന്‍ പറ്റുന്നത് എന്നാണ്.

പക്ഷേ നമ്മള്‍ മലയാളികള സംബന്ധിച്ച് ഇത് വലിയ പുതുമയുള്ള കാര്യമല്ല. ലാല്‍ സാറിനെ വച്ചൊരു സിനിമ ചെയ്യാന്‍ ഇത്ര ബഡ്ജറ്റേ ആയുള്ളൂ എന്ന് പറയുമ്പോള്‍ അവര്‍ക്കെല്ലാവര്‍ക്കും ഷോക്കാണ്. അതെങ്ങനെയാണ് സാധ്യമാകുന്നത് എന്നാണ് അവരുടെയെല്ലാം ചോദ്യം. നമ്മള്‍ ലാല്‍ സാറിനെ വച്ച് ഒരു പടം ചെയ്യാമെന്ന് വിചാരിച്ചാല്‍ ഒരു പരിധി വരെ നമ്മളുദ്ദേശിച്ചതിന്റെ പകുതിയായിരിക്കും അതിന്റെ ബഡ്ജറ്റ്.

അജയ് ദേവ്ഗണ്‍. Photo: The Hans India

ബഡ്ജറ്റ് ഇത്ര കുറക്കുന്നതില്‍ ഒരുപാട് ഫാക്ടേഴ്‌സ് ഉണ്ട്. മുഴുവന്‍ ടീമും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വര്‍ക്ക് ചെയ്തതും സീനിയര്‍ താരങ്ങളുടെ കമ്മിറ്റ്‌മെന്റും എടുത്തുപറയേണ്ടതാണ്. ലാലേട്ടന്‍ തന്നെ അദ്ദേഹത്തിന്റെ പ്രായമോ സ്റ്റാര്‍ഡമോ ഒന്നും തന്നെ നോക്കാാതെ ഞങ്ങള്‍ ആവശ്യപ്പെടുന്ന അത്രയും നേരം നമ്മുടെ കൂടെ നിന്നിട്ടുണ്ട്,’ തരുണ്‍ പറഞ്ഞു.

എല്ലാവരുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സഹകരണമുള്ളത് കൊണ്ടാണ് ബഡ്ജറ്റ് കുറക്കാന്‍ സാധിക്കുന്നതെന്നും പുറത്തുള്ള നടന്മാരുടെ ജോലിസമയുവുമായി നമുക്ക് യോജിച്ച് പോവാന്‍ സാധിക്കില്ലെന്നും തരുണ്‍ പറഞ്ഞു.

l365 അനൗണ്‍സ്‌മെന്റ്‌. Photo: ashik usman/ facebook.com

തുടരും സിനിമയുടെ റീമേക്കിനായി ആരെങ്കിലും സമീപിച്ചിരുന്നോ എന്ന ചോദ്യത്തിനും സംവിധായകന്‍ മറുപടി നല്‍കി.

‘ ചിത്രത്തിന്റെ റീമേക്കിനായി ഒരുപാട് പേര്‍ തെലുങ്കില്‍ നിന്നും ഹിന്ദിയില്‍ നിന്നും ബന്ധപ്പെടാറുണ്ട്. ഹിന്ദിയില്‍ എനിക്ക് തന്നെ സംവിധാനം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു. പക്ഷേ തീരുമാനമെടുത്തിട്ടില്ല. കാരണം മലയാളത്തില്‍ തന്നെ ഒരുപാട് കമ്മിറ്റ്‌മെന്റ്‌സ് ഉള്ളതുകൊണ്ട് എങ്ങനെയാണ് ഇതിനായി സമയം കണ്ടെത്തുക എന്നത് വലിയ ചോദ്യമാണ്.

ഹിന്ദി വേര്‍ഷനില്‍ നായകനാവാന്‍ അജയ് ദേവ്ഗണുമ്മായി ചര്‍ച്ച നടക്കുന്നുണ്ട്. അദ്ദേഹത്തിനായിരിക്കും ഈ കഥാപാത്രം കൂടുതല്‍ കണക്ടാവുക എന്ന് തോന്നിയിട്ടുണ്ട്. കാരണം അദ്ദേഹവും അച്ഛനുമെല്ലാം ഒരു സ്റ്റണ്ട് മാസ്റ്റര്‍ ബാക്ക്ഗ്രൗണ്ടില്‍ നിന്നും വരുന്നവരാണ്. ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളു, ഫൈനല്‍ സ്റ്റേജിലേക്കൊന്നും എത്തിയിട്ടില്ല,’ തരുണ്‍ പറയുന്നു.

വീണ്ടും മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി മറ്റൊരു ചിത്രം കൂടി സംവിധാനം ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. നിര്‍മാതാവ് ആഷിഖ് ഉസ്മാനാണ് ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.

Content Highlight: tharun moorthy talks about thudarum movie budget and hindi remake with ajay devgun

We use cookies to give you the best possible experience. Learn more