| Sunday, 2nd March 2025, 8:23 am

ഈ കാലത്തും ഇത്തരം പാട്ടിനായി കൊതിക്കുന്ന ആളുകളുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ധൈര്യം തന്നു: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് തുടരും. പ്രഖ്യാപനം മുതല്‍ക്ക് തന്നെ വലിയ ശ്രദ്ധ നേടിയ സിനിമയാണ് ഇത്. മോഹന്‍ലാല്‍ നായകനാകുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് തരുണ്‍ മൂര്‍ത്തിയാണ്. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന സിനിമയാണ് തുടരും.

മാസ് ഹീറോ കഥാപാത്രങ്ങളില്‍ നിന്ന് ഇടവേളയെടുത്ത് മോഹന്‍ലാല്‍ ഒരു സാധാരണക്കാരനായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈയിടെയായിരുന്നു സിനിമയിലെ ‘കണ്‍മണിപ്പൂവേ’ എന്നാരംഭിക്കുന്ന ഗാനം പുറത്തിറങ്ങിയത്. ഇപ്പോള്‍ മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ പാട്ടിന്റെ കുറിച്ച് പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

‘മോഹന്‍ലാല്‍ – ശോഭന ടീം ഒന്നിക്കുന്ന സിനിമ ഒരുക്കാനായി ഇറങ്ങുമ്പോള്‍ത്തന്നെ ചിത്രത്തിലെ പാട്ടുകളെക്കുറിച്ച് ആലോചിച്ചിരുന്നു. പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തുവെക്കുന്ന ഗാനങ്ങള്‍ ഉണ്ടാകണമെന്നത് മനസിലുറപ്പിച്ചു. ലാലേട്ടനെയും ശോഭനച്ചേച്ചിയെയും ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ മുന്നില്‍ക്കണ്ടുകൊണ്ട് പാട്ടൊരുക്കണമെന്നാണ് ജേക്‌സിനോട് പറഞ്ഞത്.

മില്യണ്‍ വ്യൂസ് ഉണ്ടാകുന്നതോ ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തുന്നതോ ആയ ഗാനമല്ല, മറിച്ച് പഴയ പ്രണയജോഡികളെ ബിഗ്‌സ്‌ക്രീനില്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ കേള്‍ക്കാന്‍ കൊതിക്കുന്ന സംഗീതം സൃഷ്ടിക്കണമെന്നാണ് നിര്‍ദേശിച്ചത്. പാട്ടുകേട്ട് വീട്ടിലിരിക്കുന്ന പ്രായം ചെന്നവര്‍ പോലും തിയേറ്ററിലേക്കെത്തണം. മനസില്‍ ഗൃഹാതുരത്വം നിറയ്ക്കുന്ന ചിത്രങ്ങള്‍ ഉണരണം. ഈ ആവശ്യങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് ജേക്‌സ് സംഗീതം ചിട്ടപ്പെടുത്തിയത്.

തൊടുപുഴയില്‍ സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോഴാണ് ജേക്‌സ് മൂന്നുനാല് ട്യൂണുകളുമായി എത്തുന്നത്. അതിലൊന്ന് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. സിനിമയിലെ ദൃശ്യങ്ങള്‍ക്ക് അകമ്പടിയായി ഞാന്‍ കേള്‍ക്കാനാഗ്രഹിച്ച സംഗീതംതന്നെയാണ് ജേക്‌സ് പ്ലേചെയ്തത്. വേറെയും ചിലത് കൊണ്ടുവന്നെങ്കിലും എന്റെ മനസ് ഒന്നില്‍ത്തന്നെ ഉടക്കി. ഒപ്പമുള്ളവര്‍ക്കും ആ ട്യൂണ്‍തന്നെ ഇഷ്ടമായതോടെ ഞങ്ങളത് ഉറപ്പിക്കുകയായിരുന്നു.

ജേക്‌സിന്റെ സംഗീതത്തിലേക്ക് ഹരിനാരായണന്റെ വരികള്‍ കൂടിയെത്തിയപ്പോള്‍ പാട്ട് ഇന്ന് നിങ്ങള്‍ കേള്‍ക്കുന്ന രീതിയിലേക്ക് മാറി. ഇന്നത്തെക്കാലത്ത് പൊതുവേ ഉപയോഗിച്ചുവരുന്ന വാക്കുകളും വരികളുമല്ല ഈ പാട്ടില്‍ ചേര്‍ത്തിരിക്കുന്നത്. പുതിയകാലത്തിന്റെ സ്വഭാവത്തില്‍നിന്ന് മാറിനില്‍ക്കുന്ന പാട്ട് സ്വീകരിക്കപ്പെടുമോയെന്ന് തുടക്കത്തില്‍ ചെറിയൊരു ആശങ്കയുണ്ടായിരുന്നു.

ഇക്കാലത്ത് ഇങ്ങനെയൊരു പാട്ടൊരുക്കണോ, ട്രെന്‍ഡുകളോട് ചേര്‍ന്നുനില്‍ക്കാത്ത പാട്ട് സൃഷ്ടിച്ചാല്‍ നമ്മള്‍ ഒറ്റപ്പെട്ടുപോകില്ലേയെന്ന പേടി കൂട്ടത്തില്‍നിന്നുതന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ നിര്‍മാതാവ് രഞ്ജിത്തേട്ടനാണ് പാട്ടുമായി മുന്നോട്ടുപോകാന്‍ ധൈര്യംനല്‍കിയത്. ഈ കാലത്തും ഇത്തരം പാട്ടുകേള്‍ക്കാന്‍ കൊതിക്കുന്ന വലിയൊരുസമൂഹം നമുക്കിടയിലുണ്ടെന്നും അവര്‍ പാട്ടുസ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ആ വാക്കുകള്‍ നല്‍കിയ ഊര്‍ജം ചെറുതായിരുന്നില്ല. പാട്ടിറങ്ങിയതോടെ എല്ലായിടത്തുനിന്നും അഭിനന്ദനപ്രവാഹമാണ്. പടമിറങ്ങിയ ആഘോഷത്തോടെയാണ് പ്രേക്ഷകര്‍ പാട്ടിനെ സ്വീകരിക്കുന്നത്.

ലാലേട്ടന്‍ അവതരിപ്പിക്കുന്ന ഡ്രൈവര്‍ ഷണ്‍മുഖന്‍, ശോഭനച്ചേച്ചിയുടെ കഥാപാത്രം ലളിത, മകന്‍, മകള്‍, കറുത്ത അംബാസഡര്‍ കാര്‍ എന്നിവരടങ്ങുന്ന കുടുംബത്തെ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തിക്കുക എന്നതാണ് പാട്ടിലൂടെ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്.

ഷണ്‍മുഖന്റെയും ലളിതയുടെയും കുടുംബത്തിന്റെ വികാരങ്ങളാണ് സിനിമ പങ്കുവെക്കുന്നത്. പാട്ടിലൂടെ അവരുടെ കുടുംബത്തെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content Highlight: Tharun Moorthy Talks About Thudarum Movie

Latest Stories

We use cookies to give you the best possible experience. Learn more