| Thursday, 5th June 2025, 3:17 pm

അന്ന് ജോക്കറിലെ ആ മ്യൂസിക് പ്ലേ ചെയ്തു; ആ പോയിന്റില്‍ എനിക്ക് ജോര്‍ജിനെ കിട്ടി: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരുമിലെ സി.ഐ ജോര്‍ജ് എന്ന വില്ലന്റെ കഥാപാത്ര സൃഷ്ടിയെ കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.

കാട്ടില്‍വെച്ച് മോഹന്‍ലാല്‍ പ്രകാശ് വര്‍മയുടെ കൊങ്ങയ്ക്ക് പിടിക്കുന്ന സീനുണ്ടെന്നും അതില്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ ബട്ടണ്‍ പൊട്ടിപോകുന്നുണ്ടെന്നും തരുണ്‍ പറയുന്നു. അതേ ഷര്‍ട്ട് തുന്നി, അത് ധരിച്ചാണ് മോഹന്‍ലാലിന്റെ ഷണ്‍മുഖനെ ലോക്ക് ചെയ്യാന്‍ വരുന്നതെന്നും അദ്ദേഹം പറയുന്നു.

തനിക്ക് ജോര്‍ജ് എന്ന കഥാപാത്രത്തെ എങ്ങനെയാണ് പ്ലേസ് ചെയ്യണ്ടതെന്ന് ഒരു ഐഡിയയും കിട്ടുന്നില്ലായിരുന്നുവെന്നും ജോക്കറിലെ ഒരു മ്യൂസിക് കേട്ടപ്പോള്‍ തനിക്ക് ഈ കഥാപാത്രത്തെ എങ്ങനെ പ്ലേസ് ചെയ്യണമെന്ന് മനസിലായെന്നും തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. ജോക്കറിലെ ആ മ്യൂസിക് കട്ടിലില്‍ ഇരുന്ന് പ്രകാശ് വര്‍മ കേള്‍ക്കുന്ന പോയിന്റില്‍ തനിക്ക് ജോര്‍ജ് എന്ന കഥാപാത്രത്തെ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. കാര്‍ത്തിക് സൂര്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരുണ്‍.

‘ലാലേട്ടന്‍ കാട്ടില്‍വെച്ച് ജോര്‍ജിന്റെ കൊങ്ങയ്ക്ക് കുത്തിപിടിക്കുമ്പോള്‍ ഷര്‍ട്ടിന്റെ ബട്ടന്‍സ് അടക്കം പൊട്ടിപോകുന്നുണ്ട്. ആ ഷര്‍ട്ടിലാണ് അദ്ദേഹം കോടതിയില്‍ ലാലേട്ടനെ ലോക്ക് ചെയ്യാന്‍ വരുന്നത്. അങ്ങോട്ട് പോകുമ്പോള്‍ ഈ ഷര്‍ട്ട് തുന്നിയാണ് അയാള്‍ പോകുന്നത്. ആ സീക്വന്‍സ് എടുക്കാന്‍ ഈസിയാണല്ലോ. കാരണം തുന്നുകയാണ്. അതുകൊണ്ട് അദ്ദേഹത്തിനും കംഫര്‍ട്ടായിരിക്കും. തുന്നുന്ന സമയത്ത് എനിക്ക് ഒരു ഐഡിയ കിട്ടുന്നില്ല ജോര്‍ജ് എന്താണെന്ന്.

ഇതെല്ലാം കഴിഞ്ഞ് നമ്മള്‍ ജോക്കറിലെ ഒരു മ്യൂസിക് ഇങ്ങനെ സെറ്റില്‍ പ്ലേ ചെയ്തുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു ‘ചേട്ടാ ഇതാണ് അയാളുടെ ബ്രെയിനില്‍ കൂടി പോകേണ്ട ഒരു മ്യൂസിക്കല്‍ സ്‌പേയ്‌സ്’. ഒരാള്‍ തന്റെ ട്രാപ്പില്‍ വന്ന് വീണതിന്റെ വല്ലാത്ത ഒരു എക്സ്റ്റസി. അതാണ് വേണ്ടതെന്ന് പറഞ്ഞപ്പോള്‍ പുള്ളി ആ മ്യൂസിക് ഇങ്ങനെ പ്ലേ ചെയ്തിട്ട്, കട്ടിലില്‍ രണ്ട് കാലും വിരിച്ചൊരു ഇരുത്തം അങ്ങോട്ട് ഇരുന്നു. ആ പോയിന്റില്‍ എനിക്ക് ജോര്‍ജിനെ കിട്ടി.

പിന്നെ ഈ കഥാപാത്രം ഒരു ലോക്കല്‍ കണ്ണാടിയാണ് എപ്പോഴും വെക്കുന്നത്. ഇപ്പോള്‍ കോര്‍ട്ടിലും മീഡിയയുടെ മുമ്പിലും ഒക്കെ ഒരു സ്റ്റാറാണ്. ‘ഒരു റെയ്ബാന്റെ പോലത്തെ കണ്ണാടി എടുത്ത് വെക്ക് ചേട്ടാ’എന്ന് ഞാന്‍ പറഞ്ഞു. പുള്ളി കണ്ണാടിയൊക്ക മാറ്റിയിട്ട് ഒരു റെയ്ബാന്‍ ടൈപ്പ് ഫ്രെയിം ഒക്കെയുള്ള കണ്ണാടി വെച്ചിട്ട് ഇങ്ങനെ ഒരു ചിരിയുണ്ട്. എന്നിട്ട് കണ്ണാടിയുടെ മുന്നില്‍ നെഞ്ചൊക്കെ വിരിച്ച് ഒരു നില്‍പ്പുണ്ട്. ഇതെല്ലാം കഴിഞ്ഞിട്ട് ഞാനിങ്ങനെ ആ മ്യൂസിക് ഇട്ടു തന്നെ സ്‌പോട്ടില്‍ എഡിറ്റ് ചെയ്ത് കണ്ടുകൊണ്ടിരിക്കുകയാണ്. പ്രകാശേട്ടന്‍ എന്റെ ബാക്കില്‍ വന്ന് നില്‍പ്പുണ്ട്. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഇതാണ് ജോര്‍ജ്,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: Tharun Moorthy  talking about the character creation of the villain character in thudarum 

We use cookies to give you the best possible experience. Learn more