| Monday, 9th June 2025, 1:24 pm

ലാലേട്ടനെക്കൊണ്ട് ഷര്‍ട്ടില്ലാതെ അഭിനയിപ്പിക്കാന്‍ ഞാന്‍ പറഞ്ഞ പോയിന്റ് അതായിരുന്നു: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ സര്‍വകാലവിജയമായി മാറിയിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും. ഇഷ്ടനടനായ മോഹന്‍ലാലിനെ താന്‍ കാണാനാഗ്രഹിച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ മോളിവുഡിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റാണ് പിറവിയെടുത്തത്. മോഹന്‍ലാലിലെ താരവും നടനും ഒരുപോലെ നിറഞ്ഞാടിയ ചിത്രം കൂടിയാണ് തുടരും.

സിനിമയിലെ പല ഭാഗങ്ങളിലും മോഹന്‍ലാലിന് കണ്‍ഫ്യൂഷനുണ്ടായിരുന്നെന്നും അതെല്ലാം താന്‍ മാറ്റിയെന്നും പറയുകയാണ് തരുണ്‍ മൂര്‍ത്തി. ചിത്രത്തിലെ ‘കണ്മണിപ്പൂവേ’ എന്ന ഗാനരംഗത്തില്‍ ഷര്‍ട്ടില്ലാതെ വരുന്ന രംഗമുണ്ടെന്നും ആ സീന്‍ ചെയ്യുന്നതിന് മുമ്പ് എന്തിനാണ് ഷര്‍ട്ടില്ലാതെ വരേണ്ടതെന്ന് മോഹന്‍ലാല്‍ തന്നോട് ചോദിച്ചെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ അച്ഛന്‍ വീട്ടില്‍ പലപ്പോഴും ഷര്‍ട്ടില്ലാതെയാണ് നടക്കാറുള്ളതെന്നും മിക്ക ആളുകളുടെയും വീട്ടില്‍ അങ്ങനെയാണെന്നും താന്‍ മോഹന്‍ലാലിനോട് പറഞ്ഞെന്നും സംവിധായകന്‍ പറയുന്നു. തന്റെ ഡയലോഗില്‍ മോഹന്‍ലാല്‍ കണ്‍വിന്‍സായെന്നും അദ്ദേഹം യാതൊരു മടിയുമില്ലാതെ ആ സീന്‍ ചെയ്‌തെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ത്തിക് സൂര്യയുമായി സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.

‘കണ്മണിപ്പൂവേ എന്ന പാട്ടിനിടയില്‍ ലാലേട്ടന്‍ ഷര്‍ട്ടില്ലാതെ വരുന്ന ഒരു ഭാഗമുണ്ട്. കുളിയൊക്കെ കഴിഞ്ഞ്, ഡ്രസ് അയയിലിടുന്നുണ്ട്. തലയൊക്കെ ഒന്നുകൂടെ തോര്‍ത്തി വീട്ടിനുള്ളിലേക്ക് പോകുന്ന ഒരു ഭാഗം. ലാലേട്ടന്‍ അടുത്തിടക്ക് ഒന്നും ഷര്‍ട്ടില്ലാതെ അഭിനയിച്ചിട്ടില്ല. ആ പോര്‍ഷന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് എന്തിനാണ് അങ്ങനെ ചെയ്യേണ്ടതെന്ന് ലാലേട്ടന്‍ എന്നോട് ചോദിച്ചു.

ഞാന്‍ പറഞ്ഞു, ‘ലാലേട്ടാ, എന്റെ വീട്ടില്‍ എന്റെ അച്ഛന്‍ ഷര്‍ട്ടിടാതെയാണ് പലപ്പോഴും നടക്കാറുള്ളത്. അത് കണ്ടിട്ടാണ് ഞാന്‍ വളര്‍ന്നത്. മാത്രമല്ല, മിക്ക ആളുകളുടെയും വീട്ടില്‍ ഇങ്ങനെ തന്നെയായിരിക്കും, ആ ഒരു ഫീല്‍ കിട്ടാന്‍ വേണ്ടിയാണ്’ എന്ന് പറഞ്ഞു. അതില്‍ അദ്ദേഹം കണ്‍വിന്‍സ്ഡായി. ഈ പ്രായത്തിലും ലാലേട്ടന്റെ ഫിറ്റ്‌നസ്സാണ് ആ സീനില്‍ പലരും ചര്‍ച്ച ചെയ്തത്,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭന തിരിച്ചെത്തിയ സിനിമ കൂടിയായിരുന്നു തുടരും. തോമസ് മാത്യു, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, ഇര്‍ഷാദ്, മണിയന്‍പിള്ള രാജു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Tharun Moorthy shares the shooting experience with Mohanlal in Thudarum movie

We use cookies to give you the best possible experience. Learn more