തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. തരുണ്‍ മൂര്‍ത്തി എന്ന സംവിധായകന്‍ തന്റെ ഇഷ്ടനടനെ പ്രേക്ഷകര്‍ കാണാനാഗ്രഹിച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് തുടരും കുതിക്കുകയാണ്. ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി നേടിയ ചിത്രം കേരളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും സ്വന്തമാക്കി.
ചിത്രത്തില്‍ പ്രേക്ഷകരെ ഏറ്റവും രസിപ്പിച്ച ഭാഗമായിരുന്നു മോഹന്‍ലാലിന്റെ സെല്‍ഫ് ട്രോള്‍ ഡയലോഗുകള്‍. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായ പല ഡയലോഗുകളും മോഹന്‍ലാല്‍ തമാശയോടെ അവതരിപ്പിച്ചത് ആരം പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. അത്തരം ഡയലോഗുകള്‍ ഷൂട്ട് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
ആ ഡയലോഗുകള്‍ക്ക് മോഹന്‍ലാല്‍ ഓക്കെ പറയുമോ എന്ന പേടിയുണ്ടായിരുന്നെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. എന്നാല്‍ യാതൊരു മടിയുമില്ലാതെ അദ്ദേഹം ആ ഡയലോഗ് പറയാമെന്ന് സമ്മതിച്ചെന്നും അത് താന്‍ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ ഡയലോഗുകള്‍ വായിച്ചപ്പോള്‍ എന്താണ് അതിന്റെ അര്‍ത്ഥമെന്ന് ശോഭനക്ക് മനസിലായില്ലെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു.
‘കഞ്ഞി എടുക്കട്ടേ’ എന്ന് വെച്ചാല്‍ എന്താണ് അര്‍ത്ഥമെന്ന് ശോഭന ചോദിച്ചെന്നും താന്‍ യൂട്യൂബ് എടുത്ത് ആ ഡയലോഗിന്റെ ട്രോള്‍ വീഡിയോ കാണിച്ചുകൊടുത്തെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. വെട്ടിയിട്ട വാഴത്തണ്ട് ഡയലോഗിന്റെ ട്രോളും കാണിച്ചെന്നും അപ്പോഴാണ് ശോഭനക്ക് മനസിലായതെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. ജാങ്കോ സ്‌പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘ഈ പടത്തിലെ സെല്‍ഫ് ട്രോള്‍ ഡയലോഗുകള്‍ കണ്ടിട്ട് ലാലേട്ടന്‍ എന്തെങ്കിലും പറയുമോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ, യാതൊരു മടിയുമില്ലാതെ അദ്ദേഹം ആ ഡയലോഗ് പറയാമെന്ന് സമ്മതിച്ചു. അത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, ഈ ഡയലോഗ് വായിച്ചിട്ട് ശോഭന മാമിന് ഒന്നും മനസിലായില്ല.
‘ഈ കഞ്ഞി എടുക്കട്ടേ എന്ന് വെച്ചാല്‍ എന്താ’ എന്നായിരുന്നു മാം ചോദിച്ചത്. അതുപോലെ, വെട്ടിയിട്ട വാഴത്തണ്ട് ഡയലോഗും. അതൊന്നും മാമിന് അറിയില്ലായിരുന്നു. മാം ഈ ട്രോളൊന്നും ഫോളോ ചെയ്യാറില്ല. ഞാന്‍ ഫോണില്‍ യൂട്യൂബെടുത്ത് ആ ഡയലോഗിന്റെയൊക്കെ ട്രോള്‍ വീഡിയോ കാണിച്ചുകൊടുത്തു. ഇങ്ങനെയൊക്കെയാണ് ഇവിടത്തെ ട്രോള്‍ എന്ന് മനസിലാക്കിക്കൊടുത്തു. അപ്പോഴാണ് അതിലെ ഹ്യൂമര്‍ ശോഭന മാമിന് മനസിലായത്,’ തരുണ്‍ മൂര്‍ത്തി പറയുന്നു.
Content Highlight: Tharun Moorthy shares the reaction of Shobana after reading the self troll dialogues in Thudarum movie