എമ്പുരാന്റെ വിജയത്തിന് പിന്നാലെ തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിയോളം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.
കെ.ആര്‍. സുനിലിനൊപ്പം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. ഷാജി കുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മോഹല്‍ലാലിനെ എന്തുകൊണ്ട് പ്രൊമോഷന്‍ ചെയ്യാന്‍ കൊണ്ടുവന്നില്ല എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് തരുണ്‍ മൂര്‍ത്തി.
മോഹന്‍ലാല്‍ എന്ന വലിയൊരു താരത്തെ വെച്ച് സിനിമ ചെയ്യുമ്പോള്‍ അദ്ദേഹം തന്റെ സിനിമ കാണാന്‍ വരണമെന്ന് മറ്റുള്ളവരുടെ അടുത്ത് പറയേണ്ടതുണ്ടോയെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു. ഈ ചോദ്യത്തിന്റെ അടിസ്ഥാനപരമായ ഉത്തരം ഇതാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം തന്റെ സിനിമ കാണാന്‍ വേണ്ടി എല്ലാവരോടും വരണം എന്ന് പറയുന്നത് വിരോധാഭാസമാണെന്നും വര്‍ക്ക് ഔട്ട് ആകുമെന്ന് ഉറപ്പുള്ള സിനിമയാണെങ്കില്‍ എവിടുന്നും ആളുകള്‍ വന്ന് സിനിമ കാണുമെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. ജാഗോ സ്‌പേയ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിനെ വെച്ച് നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ലാല്‍ സാര്‍ വന്നിരുന്നു പറയണോ, എന്റെ സിനിമ വന്ന് കാണാന്‍. അതാണ് അതിന്റെ ബേയ്‌സിക് ഉത്തരം. അല്ലാതെ ഒരു ബ്രില്‍യന്റായ ചിന്തയാണ് ഇത് എന്നോ അങ്ങനെ ഒന്നും അല്ല.
ലാല്‍ സാറിന്റെ ഒരു സിനിമ വരുമ്പോള്‍ എന്റെ ഒരു സിനിമ കാണാന്‍ വായോ, വായോ എന്ന് അദ്ദേഹം പറയുന്നത് തന്നെ ഭയങ്കര വിരോധാഭാസമാണ്. അദ്ദേഹത്തിന്റെ സിനിമ വര്‍ക്ക് ഔട്ട് ആകുകയാണെങ്കില്‍, തിയേറ്ററില്‍ ആളുകള്‍ക്ക് ഹൈ കിട്ടുന്ന ഒരു സിനിമയാണെങ്കില്‍ അത് ഏത് പാതാളത്തില്‍ നിന്നും ആളുകള്‍ കാണാന്‍ വരും,’ തരുണ്‍ മൂര്‍ത്തി പറയുന്നു.
Content Highlight: Tharun Moorthy says why Mohanlal is not being brought in for the promotion.