| Tuesday, 3rd June 2025, 12:35 pm

ഒരു ബസ് യാത്രയിൽ സുനിലേട്ടൻ കണ്ട ആ കാഴ്ച്ചയിൽ നിന്നാണ് തുടരുമിന്റെ കഥയുണ്ടായത്: തരുൺ മൂർത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളിൽ ഗംഭീര വിജയം നേടിയിരിക്കുകയാണ് തരുൺ മൂർത്തിയും കെ.ആർ സുനിലും ചേർന്ന് അണിയിച്ചൊരുക്കിയ തുടരും. ഇപ്പോൾ എങ്ങനെയാണ് തുടരും സിനിമയുടെ കഥയുണ്ടായതെന്ന് പറയുകയാണ് തരുൺ മൂർത്തി.

സിനിമയുടെ കഥയുണ്ടാക്കാൻ സുനിലിനെ പ്രേരിപ്പിച്ചത് എന്താണെന്ന് താൻ ചോദിച്ചിരുന്നുവെന്നും തന്റെ യാത്രയിൽ കാണാനിടയായ ഒരു ചെറിയ സീനാണ് ആ കഥക്ക് പിന്നിലെന്ന് കെ.ആർ സുനിൽ പറഞ്ഞുവെന്നും തരുൺ പറയുന്നു. ഒരു ബസ് യാത്രയിൽ വെച്ച് രണ്ടാളുകൾ പൊലീസ് സ്റ്റേഷന്റെ മതിലിന് പുറകിലായി നിന്ന് സംസാരിക്കുന്നത് കണ്ടെന്നും ആ കാഴ്ച്ചയിൽ നിന്നാണ് കഥ ഡെവലപ്പ് ആകുന്നതെന്നും തരുൺ പറയുന്നു.

ട്രെയ്‌ലറിൽ ആദ്യം കാണിച്ചത് ആ ഷോട്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഫോട്ടോഗ്രാഫിക് ഫ്രെയിമിലാണ് അദ്ദേഹം എല്ലാം കാണുകയെന്നും ആ ഒരു സീൻ ചെയ്തുകൊണ്ടാണ് തങ്ങൾ സിനിമയിലേക്കും കഥയിലേക്കുമെല്ലാം കടക്കുന്നതെന്നും തരുൺ മൂർത്തി പറഞ്ഞു. റേഡിയോ മാംഗോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്താണ് സുനിലേട്ടനെ ഈ കഥയുണ്ടാക്കാൻ പ്രേരിപ്പിച്ചതെന്ന് ഞാൻ ചോദിച്ചിരുന്നു. അപ്പോൾ സുനിലേട്ടൻ പറഞ്ഞു. ‘ഞാൻ പറവൂര് കൂടി ബസിൽ പോകുമ്പോൾ ഒരു മതിലിന്റെ ബാക്കിൽ രണ്ടുപേര് ഒരു പൊലീസ് സ്‌റ്റേഷനിൽ നോക്കി വർത്തമാനം പറഞ്ഞു നിൽക്കുന്നത് കണ്ടു. അതിൽ എനിക്കൊരു കഥ തോന്നി’ എന്ന്. അതാണ് നമ്മൾ ഇപ്പോൾ ട്രെയ്‌ലറിൽ കാണുന്ന ഫസ്റ്റ് ഷോട്ട്. അങ്ങനെ ഒരു കഥ ആലോചിക്കാമെന്നും അങ്ങനെ ഒരു കഥ നമുക്ക് എഴുതാമെന്നുമൊക്കെ തീരുമാനിച്ചത് രണ്ട് പേര് ഇങ്ങനെ ബാക്ക് ഷോട്ടിൽ തിരിഞ്ഞുനിന്ന് എന്തൊക്കെയോ പറയുന്നത് കണ്ടിട്ടാണ്.

ഒരു പാവത്താനായ മനുഷ്യൻ, അയാൾക്ക് എന്തൊക്കെയോ പറയാനുണ്ട്. പുള്ളിയുടെ ഒരു ഫോട്ടോഗ്രാഫിക് ഫ്രെയിമാണ് അത്. പുള്ളി പറയുന്നതും അങ്ങനെ തന്നെയാണ്. ഒരു ബാക്ക് ഷോട്ട്, ഫോട്ടോ എടുത്ത് കഴിഞ്ഞാൽ അതിൽ ഒരു സ്‌റ്റോറി ടെലിങ് ഉണ്ട്. എനിക്കിത് മതി നിങ്ങൾ പൊലീസ് സ്‌റ്റേഷനിൽ നോക്കി നിൽക്കുന്ന രണ്ടാളുകൾ. എനിക്കതിന്റെ ക്യാരക്ടർ കിട്ടി. എനിക്കിത് ലൈഫിൽ സംഭവിക്കാൻ പോകുന്ന കാര്യമാണെന്നും കിട്ടി.

അങ്ങനെയാണെങ്കിൽ നമുക്ക് ഈ സീൻ ആദ്യം എഴുതാം എന്ന് പറഞ്ഞാണ് നമ്മൾ ആ സീൻ എഴുതിയത്. പിന്നീട് റൈറ്റർക്കും ഡയറക്ടർക്കും അത് ഓക്കെയായി. കഥയിലെ ഏറ്റവും വിശ്വസിനീയമായിട്ടുള്ള പോയിന്റ് ഇതാണെന്ന് മനസിലാക്കി. പിന്നീട് സെറ്റിൽ ഷൂട്ട് ചെയ്യുമ്പോൾ ലാലേട്ടനോട് ഞാൻ പറഞ്ഞിരുന്നു. ഇതാണ് സുനിലിനെ കഥയിലേക്ക് എത്തിച്ചത് എന്ന്. അതുകൊണ്ടാണ് ഇത് നമ്മൾ ഷൂട്ട് ചെയ്തത് എന്ന് പറഞ്ഞു,’ തരുൺ മൂർത്തി പറയുന്നു.

Content Highlight: Tharun moorthy says that the story of Thudarum was came  from the sight K.R sunil  saw on a bus journey

We use cookies to give you the best possible experience. Learn more