| Monday, 12th May 2025, 8:57 am

12 വര്‍ഷം മുമ്പ് ഈ കഥയിലെ വില്ലന്റെ പേര് പൊതുവാള്‍ എന്നായിരുന്നു, സുനില്‍ പറഞ്ഞ വിശേഷണങ്ങള്‍ ചേരുന്നയാളായി മനസില്‍ കണ്ടത് ആ നടനെ: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ പുതിയ നാഴികക്കല്ലായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. എമ്പുരാന്റെ വിജയത്തിന് പിന്നാലെ തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസ് വേട്ട നടത്തി മുന്നേറുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ നിന്ന് മാത്രം 95 കോടി നേടി ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും സ്വന്തമാക്കി.

ചിത്രത്തില്‍ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചത് വില്ലന്‍ കഥാപാത്രമായ ജോര്‍ജ് മാത്തനാണ്. പുതുമുഖ താരം പ്രകാശ് വര്‍മയാണ് ജോര്‍ജ് മാത്തനായി വേഷമിട്ടത്. കാഡ്ബറി ഡയറിമില്‍ക്ക്, വോഡഫോണ്‍ സൂസൂ, ദുബായ് ടൂറിസം, മഹീന്ദ്ര ഥാര്‍ തുടങ്ങിയവയുടെ പരസ്യങ്ങള്‍ സംവിധാനം ചെയ്തത് പ്രകാശ് വര്‍മയായിരുന്നു. ചില രംഗങ്ങളില്‍ മോഹന്‍ലാലിന് മുകളില്‍ പെര്‍ഫോം ചെയ്യാന്‍ പ്രകാശ് വര്‍മക്ക് സാധിച്ചു.

ജോര്‍ജ് മാത്തന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ചിത്രത്തിന്റെ കഥ 12 വര്‍ഷം മുമ്പ് പൂര്‍ത്തിയായതാണെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. അന്ന് വില്ലന്‍ കഥാപാത്രത്തിന്റെ പേര് പൊതുവാള്‍ എന്നായിരുന്നെന്നും കഥാപാത്രത്തിന്റെ സവിശേഷതകള്‍ ഇപ്പോള്‍ കാണുന്നതുപോലെ തന്നെയായിരുന്നെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാവരോടും കളിച്ച് ചിരിച്ച് സംസാരിക്കുന്ന ഒരാളായിരുന്നു പൊതുവാളെന്നും കാണുമ്പോള്‍ ആര്‍ക്കും സംശയം തോന്നാത്ത ആളായിരുന്നെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.

വണ്ടിയില്‍ പോകുമ്പോള്‍ പാട്ടൊക്കെ പാടി താളം പിടിക്കുന്ന ഒരാളായിട്ടാണ് സുനില്‍ തന്നോട് പൊതുവാളിനെക്കുറിച്ച് പറഞ്ഞതെന്നും അതെല്ലാം കേട്ടപ്പോള്‍ തന്റെ മനസില്‍ വന്നത് നെടുമുടി വേണുവിന്റെ മുഖമായിരുന്നെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകര്‍ക്ക് ഒരു പ്രെഡിക്ടബിളിറ്റി തോന്നാതിരിക്കാനാണ് താന്‍ പിന്നീട് അത് മാറ്റിയതെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.

‘സുനില്‍ ഈ കഥയെഴുതിയത് 12 വര്‍ഷം മുമ്പാണ്. ഇപ്പോള്‍ കാണുന്നതില്‍ നിന്ന് ഒരുപാട് വ്യത്യാസം അന്ന് ഉണ്ടായിരുന്നു. വില്ലന്റെ പേര് പൊതുവാള്‍ എന്നായിരുന്നു. ആ കഥാപാത്രത്തിന്റെ സവിശേഷതകള്‍ ഏറെക്കുറെ ഇപ്പോള്‍ കാണുന്നതുപോലെയൊക്കെ തന്നെയായിരുന്നു. കണ്ടാല്‍ നല്ലവനാണെന്ന് തോന്നുന്ന ഒരാള്‍ തന്നെയാണ് പൊതുവാള്‍.

വണ്ടിയിലൊക്കെ പോകുമ്പോള്‍ താളം പിടിച്ച് പാട്ട് പാടുന്ന, എല്ലാവരോടും ചിരിച്ചുകളിച്ച് സംസാരിക്കുന്ന ഒരു കഥാപാത്രമായിരുന്നു അത്. സുനില്‍ ഈ കാര്യങ്ങള്‍ പറയുമ്പോള്‍ എന്റെ മനസില്‍ വന്നത് നെടുമുടി വേണുച്ചേട്ടന്റെ മുഖമാണ്. പ്രേക്ഷകര്‍ക്ക് ഒരു പ്രെഡിക്ടബിളിറ്റി തോന്നാതിരിക്കാന്‍ വേണ്ടി പിന്നീട് പല കാര്യങ്ങളും മാറ്റുകയായിരുന്നു,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content Highlight: Tharun Moorthy says Nedumudi Venu was in mind of him as Villain when he read the story of Thudarum movie

We use cookies to give you the best possible experience. Learn more