വെറും മൂന്ന് സിനിമകള്‍ കൊണ്ട് മലയാളസിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലൂടെയാണ് തരുണ്‍ സംവിധാനരംഗത്തേക്ക് കടന്നത്. ആദ്യചിത്രം കൊണ്ട് തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്ക നിരവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു.
മലയാളത്തിന്റെ മോഹന്‍ലാലിനെ നായകനാക്കിക്കൊണ്ട് ഒരുക്കിയ തുടരും ആണ് തരുണിന്റെ മൂന്നാമത്തെ ചിത്രം. മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തുകൊണ്ട് ഇന്‍ഡസ്ട്രി ഹിറ്റായി തുടരും മാറി. കേരളത്തില്‍ നിന്ന് 100 കോടി നേടുന്ന ആദ്യ സിനിമയെന്ന നേട്ടവും ചിത്രം സ്വന്തമാക്കി.
തന്നിലെ ഫിലിംമേക്കറെ ഉണര്‍ത്തിയ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയാണ് തന്നിലെ ഫിലിംമേക്കറെ ഉണര്‍ത്തിയ ചിത്രമെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു.
സിനിമയെ സീരിയസായി കണ്ടുതുടങ്ങിയത് അതിന് ശേഷമാണെന്നും തിരക്കഥ എഴുതിത്തുടങ്ങിയ കാലത്ത് ആ സിനിമയുടെ സ്‌ക്രിപ്റ്റിന്റെ ബുക്ക് വാങ്ങി വായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘എന്നിലെ ഫിലിംമേക്കറെ ഉണര്‍ത്തിയ സിനിമ ബ്ലെസി സാറിന്റെ കാഴ്ചയാണ്. വല്ലാത്തൊരു സിനിമയാണത്. നമ്മളെ അതിലേക്ക് വലിച്ചടുപ്പിക്കും. ആ പടത്തില്‍ മിന്നാമിനുങ്ങുകളെ വെച്ചിട്ടുള്ള ഒരു ഷോട്ടുണ്ട്. ഒരു മാജിക്കല്‍ ഫീലാണ് ആ ഒരു പോര്‍ഷനൊക്കെ. അതുപോലെ തന്നെ ആ സിനിമയുടെ ക്ലൈമാക്‌സും.
ആ കുട്ടിയെ കൊണ്ടുപൊയ്‌ക്കോളാമെന്നും വളര്‍ത്താമെന്നും മമ്മൂക്ക പറയുന്ന ഡയലോഗില്‍ സിനിമ നിര്‍ത്താമായിരുന്നു. പക്ഷേ, ആ ഓഫീസര്‍ നിവേദനം വലിച്ചുകീറി ചവറ്റുകൊട്ടയില്‍ ഇടുന്നത് കാണിച്ചപ്പോള്‍ നമ്മളെ അത് വല്ലാത്തൊരു അവസ്ഥയിലെത്തിച്ചു. പേര് പോലുമറിയാത്ത ആ കഥാപാത്രത്തെ നമ്മള്‍ ഇന്നും ഓര്‍ക്കും. അതാണ് ആ സിനിമയുടെ പ്രത്യേകത.
കുട്ടനാടിന്റെ ഭംഗിയും മമ്മൂക്കയുടെ പെര്‍ഫോമാന്‍സും അങ്ങനെ ആ സിനിമയിലെ പല കാര്യങ്ങളും എനിക്ക് ഒരുപാട് ഇഷ്ടമാണ്. തിരക്കഥ എഴുതാമെന്ന് തീരുമാനിച്ച കാലത്ത് ആദ്യമായി വാങ്ങിയത് കാഴ്ച സിനിമയുടെ തിരക്കഥയായിരുന്നു. ഇന്നും അതെന്റെ കൈയിലുണ്ട്,’ തരുണ്‍ മൂര്‍ത്തി പറയുന്നു.
Content Highlight: Tharun Moorthy says Kazhcha movie changed his vision to cinema