| Monday, 16th June 2025, 5:27 pm

മെഴ്‌സീഡസ് ബെന്‍സ് കമ്പനിക്കാര്‍ വളരെ മര്യാദയോടുകൂടി അത് നടക്കില്ല എന്ന് ഞങ്ങളോട് പറഞ്ഞു: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും എന്ന സിനിമയ്ക്ക് മുന്‍പ് കണ്ടിരുന്ന പേര് ബെന്‍സ് എന്ന് ആയിരുന്നെന്നും ബെന്‍സ് കമ്പനിയുടെ അനുമതി ലഭിക്കാത്തതിനാല്‍ മാത്രമാണ് മറ്റൊരു പേര് കണ്ടെത്തേണ്ടി വന്നതെന്നും പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

എല്ലാ കാര്യത്തിലും സ്‌ട്രേറ്റ് ഫോര്‍വേഡ് ആയിട്ടുള്ള ആളാണ് തങ്ങളുടെ നിര്‍മാതാവായ രഞ്ജിത് രജപുത്രയെന്നും കള്ളത്തരമൊന്നും അദ്ദേഹം ചെയ്യില്ലെന്നും അദ്ദേഹമായിരുന്നു പേരിന്റെ അനുമതി ചോദിച്ച് ബെന്‍സ് കമ്പനിയെ സമീപിച്ചതെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു.

‘തുടരും എന്നായിരുന്നില്ല സിനിമയുടെ ആദ്യത്തെ പേര്. ഇത് ഞാന്‍ ഒറ്റയ്ക്ക് എഴുതിയ സിനിമയല്ല. സുനിലിന്റെ എഴുത്തുകൂടി ഇതിലുണ്ട്. സുനില്‍ ആദ്യം ഈ സിനിമയ്ക്ക് ഇട്ട പേര് ബെന്‍സ് എന്നായിരുന്നു.

അതുതന്നെയായിരുന്നു ഈ സിനിമയുടെ ആദ്യകാലങ്ങളില്‍ നമ്മള്‍ ഇടാന്‍ വേണ്ടി തീരുമാനിച്ചിരുന്ന പേര്. നിമിത്തം എന്ന് പറയുന്ന പോലെ എന്റെ നിര്‍മാതാവ് രഞ്ജിത്ത് രജപുത്ര, അദ്ദേഹം ഭയങ്കര സിന്‍സിയറാണ്. കള്ളത്തരമൊന്നും കാണിക്കാത്ത സ്‌ട്രെയിറ്റ് ഫോര്‍വേഡാണ്.

അദ്ദേഹം നേരെ ഇവിടുത്തെ മെഴ്‌സിഡസ് കമ്പനിയുടെ മെയിലിലേക്ക് ഒരു മെയില്‍ അയച്ചു. ഞങ്ങള്‍ ഈ പേര് ഉപയോഗിക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം എന്ന് ചോദിച്ചിട്ട്.

അവര്‍ വളരെ മര്യാദയോടുകൂടി നടക്കില്ല എന്ന് പറഞ്ഞ് ഒരു റിപ്ലൈ തന്നു. ആ നടക്കില്ല എന്ന ചിന്തയില്‍ നിന്നാണ് പെട്ടെന്ന് ഒരു പേര് കണ്ടെത്തണമെന്ന അവസ്ഥയില്‍ എത്തിയത്.

അതിനുള്ള നന്ദി മെഴ്‌സിഡസ് ബെന്‍സ് എന്ന കോര്‍പ്പറേറ്റ് കമ്പനിക്കാണ്. ആ പേര് അവര്‍ ഇല്ലാണ്ടാക്കി. അതിന് ശേഷം പല പേരുകളും പല സ്ഥലത്തു നിന്നും നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്.

സിനിമ തുടങ്ങുന്നതിന് മുന്‍പായിട്ട് അഞ്ചോ ആറോ ദിവസങ്ങള്‍ക്ക് മുന്‍പായി രഞ്ജിത്തേട്ടന് ഞാന്‍ ഒരു വോയ്‌സ് മെസ്സേജ് അയക്കുകയാണ്. ചേട്ടാ സിനിമയുടെ പേര് തുടരും എന്നായാല്‍ എങ്ങനെ ഉണ്ടാകും എന്ന് ചോദിച്ചിട്ട്.

അതിന് മുന്‍പ് വന്ന പേരുകളൊക്കെ ഭയങ്കര വൈകൃതമായ പേരുകളായിരുന്നു നമുക്ക് തന്നെ അയ്യേ എന്ന് തോന്നുന്ന പേരുകളായിരുന്നു ചിന്തയില്‍ വന്നത്.

പെട്ടെന്ന് തുടരും എന്ന പേര് വന്നപ്പോള്‍ ഒരു ലഡു പൊട്ടിയപോലെ തോന്നി. ഇത് കൊള്ളാം, വേറേയും ആലോചിക്ക് എന്ന് അദ്ദേഹത്തിന്റെ റിപ്ലൈ.

ഇനി തുടരും എന്ന് തന്നെയാക്കാമെന്ന് ഞാന്‍ ഉറപ്പിച്ചു. അതിന് ശേഷമാണ് പടം തുടങ്ങുമ്പോഴും ഇന്റര്‍വെല്ലിലും അവസാനിക്കുമ്പോഴുമെല്ലാം തുടരുമെന്ന വാക്കിന്റെ സാധ്യതകള്‍ ചിന്തിച്ചുതുടങ്ങിയത്.

തുടരും എന്നത് ഓരോ ദിവസം കഴിയുന്നതിന് അനുസരിച്ച് ഞങ്ങള്‍ ഉറപ്പിച്ച് ഉറപ്പിച്ച് പോവുകയാണ്. ആ സമയത്ത് എമ്പുരാനില്‍ കൂടി ലാലേട്ടന്‍ വര്‍ക്ക് ചെയ്യുന്നതുകൊണ്ട് പലപ്പോഴും നമ്മുടെ സിനിമയുടെ പോസ്റ്ററുകള്‍ പിന്നത്തേക്ക് വെച്ചു.

എമ്പുരാനായിരുന്നല്ലോ ആദ്യം ഇറങ്ങിയത്. പിന്നെ തുടരും ഞങ്ങള്‍ക്ക് തന്നെ കണ്‍ഫ്യൂഷനായി. മോശമാകുമോ സിംപിള്‍ ആയിപ്പോകുമോ എന്നൊക്കെ തോന്നി.

ഒരു ദിവസം എല്ലാവരും കൂടി തീരുമാനിച്ചു ഈ പേര് ഒന്ന് മാറ്റിപ്പിടിക്കാം. അപ്പോഴും മോഹന്‍ലാല്‍ എന്ന നടന്‍ പറഞ്ഞു ഇത്രയും നല്ലൊരു മലയാള വാക്ക് മലയാളത്തില്‍ ഉണ്ടെന്ന് നമുക്ക് ഇപ്പോഴാണ് മനസിലായത്. പിന്നെ എന്തിന് ഇത് മാറ്റണമെന്ന് ചോദിച്ചു.

മോനെ അത് മാറ്റണ്ട, നല്ല പേരാണ് എന്ന് പറഞ്ഞത് ലാലേട്ടനാണ്. ആ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ കുറേ ആള്‍ക്കാര്‍ വിളിച്ചു ചോദിച്ചു ഇത്രയും നല്ല വാക്ക് മലയാളത്തിന്റെ നിഘണ്ടുവില്‍ ഉണ്ടായിട്ടും ആരും ഓര്‍ത്തില്ലേ എന്ന്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content Highlight: Tharun Moorthy about the name Thudarum and Benz

Latest Stories

We use cookies to give you the best possible experience. Learn more