മലയാളക്കര കണ്ട ഗംഭീര വിജയമായി മാറിയിരിക്കുകയാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കിയ ആദ്യ ചിത്രമായി തുടരും മാറി. ഒ.ടി.ടി റിലീസിന് ശേഷവും ചിത്രത്തിന് പ്രശംസകള്‍ കൂടുകയാണ്.
ചിത്രത്തില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. മണിയനെ അന്വേഷിച്ച് അവന്റെ വീട്ടിലേക്ക് ഷണ്മുഖനും കൂട്ടുകാരും പോകുന്ന സീന്‍ സിനിമയില്‍ കോമഡിയായാണ് ചിത്രീകരിച്ചതെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. ആ സീനിന്റെ അവസാനം മണിയന്റെ അമ്മ ബെന്‍സിനെ പ്രാകുന്നുണ്ടെന്നും അതുപോലെയാണ് പിന്നീട് സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതുപോലെ മകന്റെ കൂട്ടുകാര്‍ കാറിനെ പൊക്കിപ്പറയുന്ന സീനില്‍ മകനോട് ഡിക്കിയില്‍ പോയി കേറാന്‍ ബെന്‍സ് പറയുന്നുണ്ടെന്നും അതും പിന്നീട് സിനിമയില്‍ സംഭവിച്ചെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. ഇതൊന്നും വലിയ ബ്രില്യന്‍സായിട്ട് താന്‍ ചേര്‍ത്തതല്ലെന്നും കഥയുടെ ആ ഒരു ഫ്‌ളോയില്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ത്തിക് സൂര്യയോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘ഈ പടത്തില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങളുണ്ട്. ബെന്‍സും ടീമും മണിയനെ അന്വേഷിച്ച് അവന്റെ വീട്ടിലേക്ക് പോകുന്ന സീനുണ്ടല്ലോ. അവിടന്ന് മണിയന്റെ അച്ഛന്‍ അവരെയെല്ലാം ആട്ടിവിടും. ബെന്‍സ് അവിടെത്തന്നെ കറങ്ങിനിന്നിട്ട് മണിയന്റെ അമ്മയോടും ചോദിക്കും. അവരും ദേഷ്യപ്പെടും. ‘നീയും നിന്റെ വണ്ടിയും നശിച്ചുപോകുമെടാ’ എന്ന് പ്രാകുന്നുണ്ട്. പിന്നീട് നടക്കുന്നത് അത് തന്നെയാണ്.
അതുപോലെ പവിയുടെ കൂട്ടുകാര്‍ ബെന്‍സിന്റെ വണ്ടിയെക്കുറിച്ച് പൊക്കിപ്പറയുന്ന സീനിലും മറ്റൊരു കാര്യമുണ്ട്. അവരെല്ലാം കാറിനെപ്പറ്റി നന്നായി സംസാരിക്കുന്നത് കണ്ട് ബെന്‍സ് ഹാപ്പിയാകുന്നുണ്ട്. അന്ന് പരിഹസിച്ച മകന്റെ മുന്നില്‍ ഷൈന്‍ ചെയ്യുകയാണ്. അവനോട് ‘ഡിക്കിയില്‍ കേറെടാ’ എന്നാണ് പറയുന്നത്. അത് തന്നെ പിന്നീട് സംഭവിച്ചു. ഇതൊന്നും മനഃപൂര്‍വം വെച്ചതല്ല. ആ ഒരു ഫ്‌ളോയില്‍ വന്നതാണ്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭന തിരിച്ചെത്തിയ സിനിമ കൂടിയായിരുന്നു തുടരും. തോമസ് മാത്യു, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, ഇര്‍ഷാദ്, മണിയന്‍പിള്ള രാജു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മിച്ചത്.
Content Highlight: Tharun Moorthy about the hidden brilliance in Thudarum movie