മലയാളത്തിലെ ചരിത്രവിജയമായി മാറിയ ചിത്രമാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കുന്ന ആദ്യ ചിത്രമായി തുടരും മാറി. മോഹന്‍ലാലിലെ താരത്തെയും നടനെയും ഒരുപോലെ ഉപയോഗിച്ച ചിത്രം കൂടിയായി തുടരും മാറി.
ചിത്രത്തില്‍ എല്ലാവരും ഒരുപോലെ പ്രശംസിക്കുന്ന ഒന്നാണ് മോഹന്‍ലാലിന്റെ ഇമോഷണല്‍ രംഗങ്ങള്‍. തന്നിലെ നടന് ഇപ്പോഴും യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് മോഹന്‍ലാല്‍ ഈ രംഗങ്ങളിലൂടെ തെളിയിച്ചു. ട്രെയിനില്‍ കണ്ണീര്‍ തുടച്ച ശേഷം അടുത്തിരിക്കുന്ന കുട്ടിയെ നോക്കി ചിരി വരുത്തുന്ന രംഗം അതിമനോഹരമായിരുന്നു.
ഈ രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. രണ്ടുമൂന്ന് വര്‍ഷം മുമ്പ് ഒരു ട്രെയിന്‍ യാത്രക്കിടെ താന്‍ അത്തരത്തിലൊരു കാഴ്ച കണ്ടിരുന്നെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. ഓപ്പോസിറ്റ് ഇരുന്ന ഒരാള്‍ സങ്കടം അടക്കിപ്പിടിച്ചായിരുന്നു യാത്രയില്‍ ഉടനീളം ഇരുന്നതെന്നും മറ്റുള്ളവരെ നോക്കാന്‍ അയാള്‍ പ്രയാസപ്പെടുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണീര്‍ പുറത്തുവരാതിരിക്കാന്‍ ശ്രദ്ധിക്കുന്ന അയാളുടെ മുഖം മനസില്‍ തങ്ങി നിന്നെന്നും തരുണ്‍ പറയുന്നു. തുടരും സിനിമയുടെ വര്‍ക്കിനിടയില്‍ അന്ന് കണ്ട രംഗം ഓര്‍മ വന്നെന്നും അത്തരത്തിലൊരു സീന്‍ മോഹന്‍ലാല്‍ ചെയ്താല്‍ എങ്ങനെയുണ്ടാകും എന്ന ചിന്തയില്‍ നിന്നാണ് ആ സീന്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. രേഖ മേനോനുമായി സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘കുറച്ചുകാലം മുമ്പ് നടന്ന ട്രെയിന്‍ യാത്രയാണ് ആ സീനിന് കാരണം. അന്ന് എന്റെ ഓപ്പോസിറ്റ് ഇരുന്ന ആളിലേക്കായിരുന്നു ശ്രദ്ധ. ഉള്ളില്‍ എന്തോ സങ്കടം ഉണ്ടായിരുന്ന അയാള്‍ അത് പുറത്തുകാണിക്കാതെ ഇരിക്കുകയായിരുന്നു. ആര്‍ക്കും മുഖം കൊടുക്കാതെയിരുന്ന അയാളുടെ മുഖം മനസില്‍ പതിഞ്ഞു. തുടരും സിനിമയിലേക്ക് എത്തിയപ്പോള്‍ അന്ന് കണ്ട രംഗം മനസില്‍ വന്നു. അതുപോലൊരു സീന്‍ ലാലേട്ടന്‍ ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്ന ചിന്തയാണ് ആ ട്രെയിനിലെ സീനിന് പിന്നില്‍,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
മോഹന്‍ലാലിന് പുറമെ ശോഭന, പ്രകാശ് വര്‍മ, ഫര്‍ഹാന്‍ ഫാസില്‍, ബിനു പപ്പു, തോമസ് മാത്യു തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 230 കോടിയോളം ചിത്രം സ്വന്തമാക്കി. ഈ വര്‍ഷം 200 കോടി കളക്ഷന്‍ നേടുന്ന രണ്ടാമത്തെ മലയാളചിത്രമാണ് തുടരും.
Content Highlight: Tharun Moorthy about the emotional scene of Mohanlal in Thudarum movie