| Tuesday, 22nd April 2025, 9:38 am

ഞാന്‍ സീരിയസായി ഓരോന്ന് സംസാരിക്കുമ്പോള്‍ ശോഭന മാം ആ കോമഡി സിനിമയിലെ സ്റ്റിക്കറുകള്‍ എനിക്ക് അയച്ചുതരും: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 16 വര്‍ഷത്തിന് ശേഷം ശോഭന മോഹന്‍ലാലിന്റെ നായികയായെത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

ശോഭനയെക്കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. ശോഭനയുടെ ഫോണില്‍ പല തരത്തിലുള്ള കോമഡി സ്റ്റിക്കറുകളുണ്ടെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. സിനിമയില്‍ ശോഭനയുടെ ഗെറ്റപ്പിനെക്കുറിച്ചും ലുക്കിനെക്കുറിച്ചും സീരിയസായി താന്‍ സംസാരിക്കുമ്പോള്‍ ചാന്തുപൊട്ട് എന്ന സിനിമയിലെ കോമഡി സ്റ്റിക്കറുകളാണ് മറുപടിയായി നല്‍കിയിരുന്നതെന്നും തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

ശോഭനയുടെ കൈയില്‍ അത്തരത്തില്‍ ഒരുപാട് സ്റ്റിക്കറുകളുണ്ടെന്നും അതൊന്നും തനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ലെന്നും തരുണ്‍ പറഞ്ഞു. തന്നെ കംഫര്‍ട്ടാക്കാന്‍ വേണ്ടിയാണ് അതെല്ലാം അയച്ചു തന്നതെന്നും തരുണ്‍ പറയുന്നു. നിങ്ങളെപ്പോലെ സാധാരണ മനുഷ്യന്‍ തന്നെയാണ് ഞാനുമെന്ന് ശോഭന പറയാതെ പറഞ്ഞത് ആ സ്റ്റിക്കറുകളിലൂടെയാണെന്ന് തനിക്ക് തോന്നിയെന്നും തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

സെറ്റിലെത്തി ടീമിനൊപ്പം നില്‍ക്കുന്നതും സമയം മാനേജ് ചെയ്യുന്നതും തന്നെ അത്ഭുതപ്പെടുത്തിയെന്നും തരുണ്‍ പറഞ്ഞു. സെറ്റിലെത്തിയ ശേഷം ഷൂട്ടിനിടയില്‍ തന്റെ ഡാന്‍സ് പരിപാടികളുടെ തയാറെടുപ്പ് ഷൂട്ടിന് ബുദ്ധിമുട്ടില്ലാതെ ചെയ്യാറുണ്ടെന്നും മറ്റ് കാര്യങ്ങളില്‍ അവര്‍ ഇന്‍വോള്‍വാകാറില്ലെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.

‘നമുക്ക് വിശ്വസിക്കാന്‍ പറ്റുമോ, ശോഭന മാമിന്റെ കൈയിലുള്ള വാട്‌സാപ്പ് സ്റ്റിക്കറുകളെപ്പറ്റി. സിനിമയെക്കുറിച്ച് ഞാന്‍ ശോഭന മാമിന് മെസ്സേജയക്കാറുണ്ടായിരുന്നു. ‘ഇങ്ങനെയാണ് ക്യാരക്ടറിന്റെ ലുക്ക്, ഈ രീതിയില്‍ നമുക്ക് ക്യാരക്ടര്‍ പിടിക്കാം’ എന്നൊക്കെ നല്ല റെസ്‌പെക്ടോടെ മെസ്സേജ് അയക്കുമ്പോള്‍ ചാന്തുപൊട്ടിലെ ദിലീപ് ‘ഓക്കേ’ എന്ന് പറയുന്ന സ്റ്റിക്കര്‍ അയച്ചുതരും.

അങ്ങനെയുള്ള ഒരുപാട് സ്റ്റിക്കര്‍ മാമിന്റെ കൈയിലുണ്ട്. അത് നമുക്ക് വിശ്വസിക്കാനേ പറ്റില്ല. ഞാനും നിങ്ങളെപ്പോലെയാണ് എന്ന് പറയാതെ പറയുകയാണ് ശോഭന മാം ആ സ്റ്റിക്കറുകളിലൂടെ. സെറ്റിലും അവര്‍ ടൈം മാനേജ്‌മെന്റിന്റെ കാര്യത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഷൂട്ടിന്റെ ബ്രേക്കില്‍ ഡാന്‍സ് പരിപാടി ചാര്‍ട്ട് ചെയ്യുമായിരുന്നു. വേറൊരു കാര്യങ്ങളിലും മാം ഇന്‍വോള്‍വ് ആകാറില്ല,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: Tharun Moorthy about Shobhana’s WhatsApp stickers

We use cookies to give you the best possible experience. Learn more