| Tuesday, 11th February 2025, 1:41 pm

പഴയ ലാലേട്ടനെ ഒരിക്കലും തിരിച്ച് കിട്ടില്ല, ആ മൈൻഡ് സെറ്റ് ആദ്യം മാറ്റണം: തരുൺ മൂർത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഖ്യാപനം മുതൽ വലിയ ശ്രദ്ധ നേടിയ സിനിമയാണ് തുടരും. സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ തരുൺ മൂർത്തി മോഹൻലാലിനൊപ്പം ചെയ്യുന്ന സിനിമയാണ് തുടരും.

പുതിയ സംവിധായകർക്ക് മോഹൻലാൽ ഡേറ്റ് നൽകുന്നില്ലെന്ന് വിമർശനത്തിനിടയിലാണ് തുടരും പ്രഖ്യാപിക്കപ്പെട്ടത്. വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ മോഹൻലാലും ശോഭനയും ഒന്നിക്കുന്ന സിനിമകൂടിയാണ് തുടരും.

കഴിഞ്ഞ കുറച്ചുനാളായി തുടർപരാജയങ്ങളിൽ മുങ്ങി കിടക്കുകയാണ് മോഹൻലാൽ. നേര് എന്ന സിനിമയുടെ വിജയം മാറ്റിനിർത്തിയാൽ വലിയ ഹൈപ്പിൽ എത്തിയ പല സിനിമകളും ബോക്സ് ഓഫീസിൽ മുട്ടുകുത്തി വീണിരുന്നു. മോഹൻലാലിന് ഇനി പഴയപോലെ അഭിനയിക്കാൻ കഴിയില്ലെന്നും പഴയ മോഹൻലാലിനെയാണ് തങ്ങൾക്ക് വേണ്ടതെന്നും പലരും പറയാറുണ്ട്.

എന്നാൽ പഴയ മോഹൻലാലിനെ വേണം എന്ന മൈൻഡ് സെറ്റ് ശരിയല്ലെന്ന് പറയുകയാണ് സംവിധായകൻ തരുൺ മൂർത്തി. പണ്ട് മോഹൻലാൽ ചെയ്ത കഥാപാത്രങ്ങളെല്ലാം വളരെ പുതിയതായിരുന്നുവെന്നും ഇന്ന് അദ്ദേഹത്തിന്റെ അഭിനയത്തിന് മറ്റൊരു ഫ്ലേവർ ഉണ്ടെന്നും തരുൺ പറയുന്നു. തന്റെ അച്ഛനും അമ്മയ്ക്കും മകനുമെല്ലാം ഇഷ്ടമുള്ള നടനാണ് മോഹൻലാലെന്നും എല്ലാ തലമുറയ്ക്കും ഇഷ്ടമാവുന്ന രീതിയിൽ ഒരു സിനിമ ചെയ്യാൻ കഴിഞ്ഞാൽ മാത്രം മതിയെന്നും തരുൺ കൂട്ടിച്ചേർത്തു.

‘പഴയ ലാലേട്ടനെ ഒരിക്കലും നമുക്ക് തിരിച്ച് കിട്ടില്ല. ഞാൻ ഉദ്ദേശിക്കുന്നത് അങ്ങനയൊരു മൈൻഡ് സെറ്റ് നമ്മൾ വെക്കാൻ പാടില്ല. പഴയ ലാലേട്ടൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങൾക്ക് ഒരു ഇമോഷൻ ഉണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ അഭിനയത്തിന് പുതിയൊരു സ്റ്റൈലുണ്ട്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിക്കും അഭിനയത്തിനുമെല്ലാം ഒരു പുതിയ സ്റ്റൈൽ ഫ്ലേവറുണ്ട്.

ലാലേട്ടൻ കിട്ടിയിട്ടുള്ള ഏറ്റവും വലിയ പോസിറ്റീവ് എന്ന് പറയുന്നത്, അദ്ദേഹത്തെ എന്റെ അച്ഛന് ഇഷ്ടമാണ്, അമ്മയ്ക്ക് ഇഷ്ടമാണ്, എന്റെ വൈഫിനും മോനുമൊക്കെ ഇഷ്ടമാണ്. എന്റെ മോൻ ഒരു പുലിമുരുകൻ ഫാനാണ്. അത്രയും തലമുറയെ അദ്ദേഹത്തിന് ഇഷ്ടപ്പെടുത്താൻ പറ്റിയിട്ടുണ്ട്. അപ്പോൾ അത്രയും തലമുറയെ എങ്ങനെ ഇഷ്ടപെടുത്താമെന്ന് മാത്രം നമ്മൾ നോക്കിയാൽ മതി,’തരുൺ മൂർത്തി പറയുന്നു.

Content Highlight: Tharun Moorthy About Mohanlal’s Acting

We use cookies to give you the best possible experience. Learn more