തുടരും സിനിമയുമായി ബന്ധപ്പെട്ട് വന്ന നടന്‍ മോഹന്‍ലാലിന്റെ അഭിമുഖത്തെ കുറിച്ചും അതില്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
ദൃശ്യം മോഡല്‍ സിനിമയാണ് തുടരുമെന്ന് മോഹന്‍ലാല്‍ പറഞ്ഞതായിട്ട് വാര്‍ത്ത വന്നെന്നും ദൃശ്യവുമായിട്ടുള്ള കമ്പാരിസണ്‍ തുടരുമിന് ഗുണം ചെയ്യില്ലെന്ന് വിശ്വസിച്ച ആളാണ് താനെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരുണ്‍.
‘തുടരും സിനിമയെ കുറിച്ച് ഇന്ന് ഇതുവരെ ഒരു അഭിമുഖവും ലാലേട്ടന്‍ കൊടുത്തിട്ടില്ല. അതിനിടെ ലാലേട്ടന്‍ ഭരദ്വാജ് രംഗന് ഒരു അഭിമുഖം കൊടുത്തിരുന്നു. അതില്‍ അദ്ദേഹം എങ്ങനെയുണ്ട് തുടരും എന്ന് ചോദിച്ചപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു, ഇറ്റ്‌സ് എ കൈന്‍ഡ് ഓഫ് ദൃശ്യം മൂവി എന്ന്.
അവര്‍ നല്ല ടീമാണ് അവര്‍ നന്നായിട്ട് എടുത്തിട്ടുണ്ട് എന്ന രീതിയില്‍ സംസാരിച്ചു. അതിന് ശേഷം ഇദ്ദേഹം ചോദിച്ചു ഈസ് എ ക്രൈം ത്രില്ലര്‍ എന്ന്. ലാലേട്ടന്‍ വളരെ കൃത്യമായിട്ട് ഇറ്റ് ഈസ് എ ഫാമിലി ഡ്രാമ എന്ന് പറഞ്ഞു.
എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഓണ്‍ലൈനിലുള്ള ചിലര്‍ ഇറ്റ് ഈസ് എ കൈന്‍ഡ് ഓഫ് ദൃശ്യം എന്ന് പറഞ്ഞത് വെട്ടിയെടുത്ത് ആഘോഷിച്ചു.
ദൃശ്യവുമായുള്ള കംപാരിസണ്‍ വരുന്നത് ഈ സിനിമയ്ക്ക് ദോഷമാണെന്ന് പേഴ്‌സണലി വിശ്വസിക്കുന്ന ആളാണ് ഞാന്‍. ലാലേട്ടനും അത് ഉദ്ദേശിച്ച് പറഞ്ഞതല്ല.
ഇതൊരു ഫാമിലി കൈന്‍ഡ് ഓഫ് സിനിമ എന്ന നിലയില്‍ പറഞ്ഞതാണ്. എടാ കള്ളാ നീ ദൃശ്യം മോഡല്‍ പടമാണല്ലേ ഉണ്ടാക്കി വെച്ചത് എന്ന് ചോദിച്ച് കമന്റ് വന്നു.
പിന്നെ തുടരുമിന്റെ മാര്‍ക്കറ്റിങ്ങിനെ പറ്റി പറയുമ്പോള്‍ അത് പൂര്‍ണമായും പ്രൊഡ്യൂസറിന്റെ കോളാണ്. എന്ത് മാര്‍ക്കറ്റ് ചെയ്യണം, എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്നതൊക്കെ രഞ്ജിത്തേട്ടന്റെ വിഷനായിരുന്നു.
ഓണ്‍ലൈനില്‍ അല്ല പുറത്താണ് ഈ സിനിമ മാര്‍ക്കറ്റ് ചെയ്യേണ്ടത് എന്ന് പുള്ളി പറഞ്ഞിരുന്നു. പത്രങ്ങളില്‍, പോസ്റ്ററുകളില്‍ എല്ലാം. സാധാരണ നാട്ടുമ്പുറങ്ങളില്‍ ഫ്‌ളക്‌സ് പൊങ്ങണം. എന്റെ നാട്ടില്‍ ഒരു ഫ്‌ളക്‌സ് വന്നെടാ എന്ന് നാട്ടുകാര്‍ പറയണം.
അത് അദ്ദേഹത്തിന്റെ തോട്ടാണ്. നമ്മുടെ കയ്യിലുള്ള സിനിമ ഇതാണ്. ഇതിന്റെ ടാര്‍ഗറ്റ് ഓഡിയന്‍സ് ആരാണ്. 35 പ്ലസായിരുന്നു ടാര്‍ഗറ്റ് ഓഡിയന്‍സ്.
പിന്നെ മോഹന്‍ലാല്‍-ശോഭന എന്ന നിലയില്‍ തന്നെയാണ് സിനിമ പുഷ് ചെയ്തുകൊണ്ടിരുന്നത്. ഇത് കാണാന്‍ ആളുകള്‍ തീരുമാനിക്കുമെന്ന് ഉറപ്പായിരുന്നു,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
Content Highlight: Tharun Moorthy about Mohanlal Comment on Thudarum and how it mis quoted