മലയാളസിനിമയില്‍ ചരിത്രവിജയമായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ നിന്ന് മാത്രം 100 കോടി കളക്ഷന്‍ എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിക്കഴിഞ്ഞു. ഫാമിലി ഡ്രാമ എന്ന ലേബലിലെത്തിയ ചിത്രം മോഹന്‍ലാലിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗപ്പെടുത്തി.
ചിത്രത്തിന്റെ കഥ ഒരുക്കിയത് കെ.ആര്‍. സുനിലാണ്. 2012ല്‍ പൂര്‍ത്തിയാക്കിയ തിരക്കഥ സിനിമയാക്കാനായി 12 വര്‍ഷത്തോളം കെ.ആര്‍. സുനിലും നിര്‍മാതാവ് രഞ്ജിത്തും കാത്തിരിക്കുകയായിരുന്നു. പല സംവിധായകരും മാറി വന്നതിന് ശേഷമാണ് തരുണ്‍ മൂര്‍ത്തിയുടെ പക്കല്‍ തുടരും സിനിമ എത്തിയത്. മുമ്പ് പല പേരില്‍ ഈ പ്രൊജക്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
അന്നത്തെ കാലത്ത് താന്‍ അഭിനയം തലക്ക് പിടിച്ച് നടക്കുന്ന സമയമായിരുന്നെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായിരുന്നു താനെന്നും അദ്ദേഹത്തിന്റെ ഓരോ സിനിമയെക്കുറിച്ചും വരുന്ന റിപ്പോര്‍ട്ടുകളെല്ലാം കണ്ട് ആസ്വദിച്ചിരുന്നെന്നും ആ സമയത്ത് സംവിധാനം തന്റെ സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. അന്ന് ബെന്‍സ് വാസു എന്നായിരുന്നു ഈ പ്രൊജക്ടിന്റെ പേരെന്നും അതിന്റെ കുറച്ച് ഫാന്‍മെയ്ഡ് പോസ്റ്ററുകള്‍ ഒരുപാട് പുറത്തുവന്നിരുന്നെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.
2016-17 കാലത്തിലായിരുന്നു അതെന്നും ഫേസ്ബുക്കില്‍ ആ പോസ്റ്ററുകള്‍ കണ്ട് കോരിത്തരിച്ച് ലൈക്ക് ചെയ്തിട്ടുണ്ടെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. കാലങ്ങള്‍ക്കിപ്പുറം താന്‍ സംവിധായകനായി മാറിയെന്നും അന്ന് ലൈക്ക് ചെയ്ത പ്രൊജക്ട് മോഹന്‍ലാലിനെ വെച്ച് സംവിധാനം ചെയ്‌തെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘ഈ പടത്തിന്റെ കഥ 12 വര്‍ഷം മുമ്പ് പൂര്‍ത്തിയായതാണ്. സുനിലേട്ടനും രഞ്ജിത്തേട്ടനും ഇത്രയും കാലം ഈ കഥയും കൊണ്ട് കാത്തിരുന്നു. പല സംവിധായകരും ഇതിലേക്ക് വന്നുപോയി. അന്നൊക്കെ ഞാന്‍ അഭിനയത്തിന്റെ പിന്നാലെ പോവുകയായിരുന്നു. ആ സമയത്ത് സംവിധായകനാകുമെന്ന് വിചാരിച്ചതേയില്ല. അങ്ങനെയിരിക്കുമ്പോഴാണ് ബെന്‍സ് വാസു എന്ന പേരില്‍ ഈ പ്രൊജക്ടിന്റെ ചില ഫാന്‍മെയ്ഡ് പോസ്റ്ററുകള്‍ റിലീസായത്.
2016-17 സമയത്തായിരുന്നു ഇത്. അന്നൊക്കെ ലാലേട്ടന്റെ ഏത് സിനിമയുടെ അനൗണ്‍സ്‌മെന്റ് വന്നാലും അതെല്ലാം ഫോളോ ചെയ്യാറുണ്ട്. അങ്ങനെ ഈ പോസ്റ്റര്‍ എന്റെ ഫീഡില്‍ വന്നു. ബെന്‍സ് വാസു എന്ന പേര് എനിക്ക് ഇഷ്ടമായി. ഞാന്‍ ആ പോസ്റ്ററിന് ലൈക്കും കമന്റുമൊക്കെ ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കഥ, അതേ നടനെ വെച്ച് ഞാന്‍ സംവിധാനം ചെയ്തു. വിശ്വസിക്കാന്‍ പറ്റുന്നില്ല,’ തരുണ്‍ മൂര്‍ത്തി പറയുന്നു.
Content Highlight: Tharun Moorthy about Benz Vasu movie fan made poster and Thudarum movie