മലയാളസിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായി മാറിയിരിക്കുകയാണ് തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ ചിത്രം ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. നടനായും താരമായും മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ മലയാളചിത്രമായി മാറി.
ചിത്രത്തിന്റെ സെറ്റില്‍ തമിഴ് താരം അര്‍ജുന്‍ ദാസ് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. മോഹന്‍ലാലിനെ കോടതിയില്‍ നിന്ന് കൊണ്ടുപോകുന്ന രംഗം ഷൂട്ട് ചെയ്യുന്ന ദിവസമായിരുന്നു അര്‍ജുന്‍ ദാസ് സെറ്റിലെത്തിയത്. തരുണ്‍ മൂര്‍ത്തിയുടെ അടുത്ത ചിത്രമായ ടോര്‍പ്പെഡോയില്‍ അര്‍ജുന്‍ ദാസും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
ടോര്‍പ്പെഡോയായിരുന്നു ആദ്യം ഷൂട്ട് ചെയ്യാന്‍ പ്ലാന്‍ ചെയ്തതെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. എന്നാല്‍ അതിനിടയിലാണ് തുടരും സിനിമയിലേക്ക് താനെത്തിയതെന്നും അതോടെ ടോര്‍പ്പെഡോയുടെ ഷൂട്ട് മാറ്റിവെക്കേണ്ടി വന്നെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. ടോര്‍പ്പെഡോയുടെ കാസ്റ്റിങ്ങും ലൊക്കേഷനും ശരിയാക്കിയ ശേഷമാണ് താന്‍ തുടരും സിനിമയിലേക്കെത്തിപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.
ഇക്കാര്യം അര്‍ജുന്‍ ദാസിനോട് പറഞ്ഞപ്പോള്‍ അയാള്‍ക്ക് ഒരു കണ്ടീഷന്‍ ഉണ്ടായിരുന്നെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. താന്‍ മോഹന്‍ലാലിന്റെ ഒരു ഷോട്ട് സംവിധാനം ചെയ്യുന്നത് കാണണമെന്നും മോഹന്‍ലാലിനെ എങ്ങനെ ഡെലിവര്‍ ചെയ്യുന്നു എന്നത് കണ്ട് മനസിലാക്കണമെന്നും പറഞ്ഞെന്ന് അദ്ദേഹം പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘സത്യം പറഞ്ഞാല്‍ ടോര്‍പ്പെഡോയുമായി ബന്ധപ്പെട്ട് നടത്തിയ മീറ്റിങില്‍ വെച്ചാണ് ഞാന്‍ അര്‍ജുന്‍ ദാസിനെ ആദ്യമായി പരിചയപ്പെടുന്നത്. ആ സിനിമ ആദ്യം ചെയ്യാനായിരുന്നു പ്ലാന്‍. കാസ്റ്റിങ്ങും ബാക്കി കാര്യങ്ങളുമൊക്കെ സെറ്റായി വന്നപ്പോഴാണ് ഞാന്‍ തുടരും സിനിമയുടെ ഭാഗമായത്. അപ്പോള്‍ ടോര്‍പ്പെഡോയുടെ ഡേറ്റ് കുറച്ച് അപ്പുറത്തേക്ക് മാറ്റിവെക്കണമെന്ന് അര്‍ജുനോട് പറയണമല്ലോ.
അങ്ങനെ അവനോട് കാര്യം പറഞ്ഞപ്പോള്‍ ഒരൊറ്റ കാര്യമായിരുന്നു ഇങ്ങോട്ട് ആവശ്യപ്പെട്ടത്. ഒരു ഷോട്ടെങ്കിലും ഞാന്‍ ലാലേട്ടനെ ഡയറക്ട് ചെയ്യുന്നത് കാണണം. ലാലേട്ടനെ എങ്ങനെയാണ് ഡെലിവര്‍ ചെയ്യുന്നതെന്ന് മനസിലാക്കണം. അത് ഞാന്‍ സമ്മതിച്ചു. അങ്ങനെ ആ കോടതിയിലെ സീന്‍ ഷൂട്ട് ചെയ്യുന്ന ദിവസം അര്‍ജുന്‍ ദാസ് സെറ്റില്‍ വന്നു,’ തരുണ്‍ മൂര്‍ത്തി പറയുന്നു.
Content Highlight: Tharun Moorthy about Arjun Das visit in Thudarum movie set