| Thursday, 8th May 2025, 5:56 pm

ലാലേട്ടനും ശോഭന മാമും പ്രൊമോഷന് വന്നാല്‍ എല്ലാവരും ആ പാട്ട് എടുത്ത് സ്റ്റാറ്റസിടും, എന്റെ കണ്മണിപ്പൂവിനെ ആരും മൈന്‍ഡ് ചെയ്യില്ല: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി തന്റെ ഇഷ്ടനടനെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളില്‍ ഒന്നായി തുടരും മാറി. ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കി.

ചിത്രത്തിന്റെ റിലീസിന് മുമ്പ് വെറുമൊരു ഫാമിലി ചിത്രം എന്ന സൂചന മാത്രമായിരുന്നു സംവിധായകന്‍ തരുണ്‍ മൂര്‍ത്തി എല്ലാ അഭിമുഖങ്ങളിലും പറഞ്ഞിരുന്നത്. പുറത്തുവന്ന അപ്‌ഡേറ്റുകളും അത് ശരിവെക്കുന്നതായിരുന്നു. മോഹന്‍ലാല്‍- ശോഭന കോമ്പോയില്‍ ഒരു ഫാമിലി ചിത്രമായിരുന്നു പലരും പ്രതീക്ഷിച്ചത്. എന്നാല്‍ എല്ലാ പ്രൊമോഷന്‍ പരിപാടികളിലും തരുണ്‍ മൂര്‍ത്തി മാത്രമായിരുന്നു വന്നിരുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ മോഹന്‍ലാലും ശോഭനയും പങ്കെടുക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. സിനിമയില്‍ ആകെ അരമണിക്കൂര്‍ മാത്രമേ മോഹന്‍ലാലും ശോഭനയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളുള്ളൂവെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. പിന്നീട് സിനിമ മറ്റൊരു ഴോണറിലേക്ക് പോവുകയാണെന്നും ആ കോമ്പോയ്ക്ക് പിന്നീട് പ്രാധാന്യം കുറയുമെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു.

അവരെ പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചാല്‍ കാണാന്‍ ഒരുപാട് ആളുകളുണ്ടെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോമ്പോയാണ് മോഹന്‍ലാല്‍- ശോഭനയെന്നും അവരുടെ ഇന്റര്‍വ്യൂ വന്നാല്‍ അതിനെ കട്ട് ചെയ്ത് ‘വൈശാഖ സന്ധ്യേ’ എന്ന പാട്ട് മിക്‌സ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പലരും ഷെയര്‍ ചെയ്യുമെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ‘കണ്മണിപ്പൂവേ’ എന്ന പാട്ട് ആര്‍ക്കും വേണ്ടാതാകുമെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. രേഖ മേനോനോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.

‘ഈ പടത്തിന്റെ പ്രൊമോഷന് എന്തുകൊണ്ടാണ് ലാലേട്ടനെയും ശോഭന മാമിനെയും കൊണ്ടുവരാത്തതെന്ന് പലരും എന്നോട് ചോദിച്ചു. ഒന്നാമത്തെ കാര്യം ഈ പടത്തില്‍ അവരുടെ സീനുകള്‍ ആകെ അര മണിക്കൂര്‍ മാത്രമേയുള്ളൂ. അതിന് ശേഷം പടം വേറൊരു ഴോണറിലേക്ക് ഷിഫ്റ്റാവുകയാണ്. പക്ഷേ, അപ്‌ഡേറ്റിലെല്ലാം ലാലേട്ടനും ശോഭന മാമും മാത്രമേയുള്ളൂ.

അവര്‍ രണ്ടുപേരും ഇന്റര്‍വ്യൂവിന് വരും. അത് കാണാന്‍ ആളുകള്‍ ഉണ്ടാവുകയും ചെയ്യും. കാരണം, മലയാളികള്‍ക്ക് ഒരുപാട് ഇഷ്ടമുള്ള കോമ്പോയാണ് അവരുടേത്. പക്ഷേ, ആ ഇന്റര്‍വ്യൂവില്‍ അവരുടെ ക്ലിപ്പുകളില്‍ ‘വൈശാഖ സന്ധ്യേ’ പാട്ട് മിക്‌സ് ചെയ്ത് ഷെയര്‍ ചെയ്യും. പിന്നെ എന്റെ കണ്മണിപ്പൂവിനെ ആരും ശ്രദ്ധിക്കില്ലെന്നറിയാം(ചിരിക്കുന്നു). അതുകൊണ്ടാണ് അവരെ പ്രൊമോഷന് ഇറക്കാത്തത്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content Highlight: Tharun Mooerthy explains why Mohanlal and Shobhana didn’t attend any promotional events of Thudarum movie

We use cookies to give you the best possible experience. Learn more