തെരഞ്ഞെടുപ്പിൽ തരൂരിന്റെ മുഖം കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ഉണ്ടാകും: വി.ഡി സതീശൻ
Kerala
തെരഞ്ഞെടുപ്പിൽ തരൂരിന്റെ മുഖം കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ഉണ്ടാകും: വി.ഡി സതീശൻ
ശ്രീലക്ഷ്മി എ.വി.
Friday, 30th January 2026, 12:15 pm

തിരുവനന്തപുരം: കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ശശി തരൂരിന്റെ മുഖം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

ശശി തരൂർ നേരത്തെ തന്നെ കോൺഗ്രസിൽ സജീവമാണെന്നും കോൺഗ്രസിന്റെ അഭിമാനമായിട്ടുള്ളൊരാളാണെന്നും വി.ഡി സതീശൻ പറഞ്ഞു.

കെ.പി.സി.സി ആസ്ഥാനത്ത് മഹാത്മാഗാന്ധി അനുസ്മരണ പരിപാടിയിൽ പങ്കെടുത്തതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ സർവീസിൽ വന്നൊരാളാണെന്നും ലോകം അറിയപ്പെടുന്ന എഴുത്തുകാരനാണെന്നും ശശി തരൂരിനെ ഇഷ്ടപ്പെടുന്ന വലിയൊരു സമൂഹം കേരളത്തിലെ ജനങ്ങളുടെ ഇടയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവരുടെ ഇടയിലേക്ക് യു.ഡി.എഫിന് പിന്തുണയുമായാണ് ശശി തരൂർ വരുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതും തെറ്റായതുമാണെന്നും വെറുതെ എൽ.ഡി.എഫ് ക്യാമ്പിൽ നിന്നും പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

100 സീറ്റുകൾ വാങ്ങി യു.ഡി.എഫിനെ തിരിച്ചുകൊണ്ടുവരാനുള്ള തങ്ങളുടെ പോരാട്ടത്തിന്റെ മുൻ നിരയിലുള്ള ആളാണ് ശശി തരൂരെന്നും സതീശൻ പറഞ്ഞു.

വി.ഡി സതീശനോടൊപ്പം കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, കെ.സി വേണുഗോപാൽ, ശശി തരൂർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

പാർട്ടിയുമായുള്ള അനുനയത്തിന് ശേഷം തരൂർ പങ്കെടുക്കുന്ന പരിപാടിയായിരുന്നു ഇന്ന് കെ.പി.സി.സി ആസ്ഥാനത്ത് നടന്നത്.

കഴിഞ്ഞ ദിവസസമായിരുന്നു ദൽഹിയിൽ വെച്ച് എ.ഐ.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയത്.

കൂടികാഴ്ചയിൽ ഇതുവരെ നടന്ന പ്രശ്നങ്ങൾ, അഭിപ്രായ വ്യത്യാസങ്ങൾ എന്നിവ വ്യക്തമാക്കുകയും എ.ഐ.സി.സി നേതൃത്വം വിശദമായ മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ശശി തരൂർ കെ.പി.സി.സി ആസ്ഥാനത്ത് എത്തുകയും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തത്.

Content Highlight: Tharoor’s face will be present in all 140 constituencies in Kerala in the elections: V.D. Satheesan

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.