Thappad FilM Review സൗകര്യപൂര്‍വ്വം മറക്കുന്ന സത്യങ്ങളെ തുറന്നുകാണിക്കുന്ന ഥപ്പട്
Film Review
Thappad FilM Review സൗകര്യപൂര്‍വ്വം മറക്കുന്ന സത്യങ്ങളെ തുറന്നുകാണിക്കുന്ന ഥപ്പട്
അന്ന കീർത്തി ജോർജ്
Saturday, 29th February 2020, 3:10 pm

എല്ലാവര്‍ക്കും അറിയുന്ന, എന്നാല്‍ എല്ലാവരും സൗകര്യപൂര്‍വ്വം മറക്കുന്ന, ഉറക്കെ പറയുന്നതെന്തിനെന്ന് പോലും ചിന്തിക്കുന്ന വിഷയങ്ങളാണ് ഥപ്പടിന്റെ കഥ. തപ്‌സി പന്നു, അമൃത എന്ന ഹൗസ് വൈഫിന്റെ റോളില്‍ എത്തുന്ന ചിത്രം ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഗാര്‍ഹിക പീഡനം എന്നതില്‍ ഊന്നിക്കൊണ്ട് കഥ പറയുന്ന ചിത്രം പാട്രിയാര്‍ക്കിയുടെ വ്യത്യസ്തമായ വശങ്ങളുടെ കൃത്യമായ ചിത്രം കാണിച്ചു തരുന്നു.

ദാമ്പത്യബന്ധങ്ങളില്‍, കുടുംബങ്ങളില്‍, പ്രണയങ്ങളില്‍ എല്ലാം സമൂഹം നിശ്ചയിച്ചുവെച്ചിട്ടുള്ള സ്ത്രീയുടെ സ്ഥാനവും കടമകളും വ്യക്തമായി കാണിച്ചുതരുന്നുണ്ട് ചിത്രത്തില്‍. ഗാസ് ലൈറ്റിങ്ങും മാന്‍സ്‌പ്ലെയിനിങ്ങും ഡൊമസ്റ്റിക് വയലന്‍സ് തുടങ്ങി അതിനെ നോര്‍മലൈസ് ചെയ്യുന്ന കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൊട്ടിഘോഷിക്കപ്പെടുന്ന കെട്ടുറുപ്പും കൃത്യതയോടെ പറയുന്നിടത്താണ് ഥപ്പടിന്റെ വിജയം.

അടുത്ത കാലത്തായി ഇറങ്ങിയ മുല്‍ക്ക്, ആര്‍ട്ടിക്കിള്‍ 15 എന്നീ ചിത്രങ്ങളിലൂടെ സാമൂഹ്യപ്രധാനമായ വിഷയങ്ങള്‍ അവയുടെ ഉള്‍ത്തട്ടിലേക്കി ഇറങ്ങിച്ചെന്ന അവതരിപ്പിക്കാനുള്ള കഴിവ് അനുഭവ് സിന്‍ഹ എന്ന സംവിധായകന്‍ കാണിച്ചു തന്നിട്ടുണ്ട്. ഥപ്പട് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. കൂടാതെ അപാരമായ നിരീക്ഷണപാടവമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ അനുഭവും എഴുത്തുകാരിയായ മൃണ്‍മയി ലഗോയും കാഴ്ച വെച്ചിട്ടുള്ളത്.

ചിത്രത്തിലെ ഒട്ടുമിക്ക സീനുകളും യാഥാര്‍ത്ഥ്യത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്നുണ്ട്. വീടുകളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളെ വ്യക്തമായി രേഖപ്പെടുത്തുന്നതാണ് ഇവയോരൊന്നും.

അമൃതയുടെ മുഖത്തേറ്റ അടിയിലേക്ക് എത്തുന്ന പാര്‍ട്ടിയിലെ ഭാഗം, അതിന് ശേഷമുള്ള ഭര്‍ത്താവിന്റെ അമ്മയുടെ പ്രതികരണം, പിറ്റേ ദിവസമുള്ള ഭര്‍ത്താവായ വിക്രത്തിന്റെ ന്യായീകരണവും അതില്‍ നിന്നും അയാള്‍ വളരെ സ്വഭാവികമായി തന്റെ ജീവിതത്തെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും വാചാലനാകുന്നത് ഈ സീനുകളെല്ലാം ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്. ട്രെയിലറില്‍ തന്നെ സിനിമയുടെ കഥയും പ്രധാന ആശയവുമെല്ലാം ആളുകള്‍ക്ക് മനസ്സിലായി കഴിഞ്ഞിട്ടും സിനിമയെ ആസ്വാദ്യമാക്കുന്നത് ഈ കൃത്യമായി ക്രാഫ്റ്റ് ചെയ്‌തെടുത്ത ഇത്തരം സീനുകളാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ട്രെയിലയറില്‍ നിന്നു തന്നെ തപ്‌സിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഥപ്പടിലേതെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നു. ഈ പ്രതീക്ഷകള്‍ക്കൊപ്പമെത്തുന്നതാണ് തപ്‌സിയുടെ പ്രകടനം. മികച്ച ഡയലോഗുകള്‍ വളരെ ഭംഗിയായി അവതരിപ്പിച്ചതിനോടൊപ്പമോ അതില്‍ കൂടുതലോ ആയി മനസ്സില്‍ നില്‍ക്കുന്നത് ഒരു വാക്ക് പോലും പറയാതെ ദുഖവും ദേഷ്യവും കണ്‍ഫ്യൂഷനും ഒക്കെ നിറഞ്ഞ സങ്കീര്‍ണ്ണമായ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ തപ്‌സി കാണിച്ച കൈയ്യടക്കമാണ്.

കരിയറിന് പിന്നില്‍ പായുന്ന സ്വന്തം കാര്യങ്ങളില്‍ പൂര്‍ണ്ണമായും മുഴുകിയ വിക്രത്തിന്റെ ഭര്‍ത്താവ് കഥാപാത്രം പവൈല്‍ ഗുലാട്ടിയുടെ കൈകളില്‍ ഭദ്രമാണ്. മനസ്സില്‍ മായാതെ നില്‍ക്കുന്ന മറ്റൊരു കഥാപാത്രം മകള്‍ക്കൊപ്പം നില്‍ക്കുന്ന കുമുദ് മിശ്രയുടെ അച്ഛന്‍ കഥാപാത്രമാണ്.

തപ്‌സി പന്നുവിന്റെ അമൃതയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോഴും അമൃതയുമായി ബന്ധപ്പെട്ട മറ്റു കഥാപാത്രങ്ങളുടെ കൂടി കാഴ്ചപ്പാടും ജീവിതവും ഥപ്പട് പറയുന്നുണ്ട. അമൃതയുടെ മാതാപിതാക്കളായി എത്തിയ രത്‌ന പതക് ഷായും കുമുദ് മിശ്രയും ഭര്‍ത്താവിന്റെ അമ്മയായ തന്‍വി അസ്മിയും അഭിഭാഷകയായ മായ സരാവോ വേലക്കാരി ഗീതിക അയല്‍ക്കാരിയുടെ റോളിലെത്തുന്ന ദിയ മിര്‍സ തുടങ്ങി ഒരുപിടി കഥാപാത്രങ്ങള്‍. പക്ഷെ ചില സമയത്തെങ്കിലും ഈ കഥാപാത്രങ്ങളെ കഥയില്‍ കൈവിട്ടുപോകാതിരിക്കാന്‍ ഒരല്പം കഷ്ട്‌പ്പെടുന്നുണ്ട് സംവിധായകന്‍. ഓരോ കഥാപാത്രങ്ങള്‍ക്കും കൃത്യമായ വ്യക്തതിത്വവും ഷെയ്ഡുകളും നല്‍കുമ്പോഴും പറയുന്ന വിഷയത്തിലെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ബന്ധബുദ്ധിയാണോ ഇത്രയും കഥാപാത്രങ്ങളിലെത്തിച്ചതെന്ന സംശയം കല്ലുകടിയാകുന്നുണ്ട്.

സിനിമയാകുമ്പോള്‍ ഹാപ്പിലി എവര്‍ ആഫ്റ്റര്‍ വരെയെത്തിയില്ലേലും എല്ലാ കഥാപാത്രങ്ങളിലും താന്‍ ഉദ്ദേശിക്കുന്ന മാറ്റം അവസാനത്തില്‍ ഓടിച്ചെത്തി കാണിക്കുന്നുണ്ട് സംവിധായകന്‍. ഇതാണ് ഈ സിനിമയിലൂടെ ഞാന്‍ സമൂഹത്തില്‍ ഉദ്ദേശിക്കുന്ന മാറ്റമെന്ന് ആവര്‍ത്തിക്കുന്നത് സിനിമയുടെ അതുവരെ ഉണ്ടായിരുന്ന ഒഴുക്കിനെ ബാധിക്കുന്നുണ്ട്.

സമൂഹത്തില്‍ അത്രമേല്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്ന പാട്രിയാര്‍ക്കി ഇത്രയും വ്യക്തമായി അവതരിപ്പിച്ച ചിത്രം അവസാനത്തില്‍ ഈ കാണിച്ച ധൃതി ഒരു അനാവശ്യമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഥാപാത്രങ്ങളുടെ അഭിനയമികവിലും മികച്ച ഡയലോഗുകളിലും ഊന്നിയ സന്ദര്‍ഭങ്ങളില്‍ നിശബ്ദതയെ ഏറ്റവും മികച്ച പശ്ചാത്തല സംഗീതമാകാന്‍ ബാക്ഗ്രൗണ്ട് മ്യൂസിക് ചെയ്ത മങ്കേഷ് ദക്‌ഡെ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ സൗമ്യമെങ്കിലും പെട്ടെന്ന് പൊട്ടിവീഴുന്ന പല ട്യൂണുകളും ചെറിയ ഒരു അലോസരമാകുന്നുണ്ട്.

നേരത്തെ പറഞ്ഞതു പോലെ ഡയലോഗുകളെല്ലാം കൃത്യമായി വാര്‍ത്തെടുത്തതാണെങ്കിലും പലപ്പോഴും പറയുന്ന ഡയലോഗുകളിലെല്ലാം സാമൂഹ്യ പ്രസക്തമായ പഞ്ചുകളുടെ അതിപ്രസരം വരുന്നത് രണ്ടര മണിക്കൂറുള്ള ചിത്രമാണിതെന്ന് വെറുതെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും. പ്രത്യേകിച്ച് തപ്‌സി തന്റെയും ഭര്‍ത്താവിന്റെയും മുഴുവന്‍ കുടുംബക്കാര്‍ക്കും മുന്നില്‍ നടത്തുന്ന നീണ്ട മോണോലോഗ്.

പക്ഷെ അതേ സമയം, so just one slap? അമൃതയുടെ വിവാഹമോചനം എന്ന തീരുമാനത്തിന് നേരെ എല്ലാവരും ഉന്നയിക്കുന്ന ഈ സംശയത്തിനുള്ള മറുപടി പല തവണ അമൃതക്ക് ആവര്‍ത്തിക്കേണ്ടി വരുന്നത് സമൂഹത്തിന്റെ നേര്‍ചിത്രമാക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുമുണ്ട്.

സിനിമയുടെ പല ഭാഗങ്ങളിലും തിയറ്ററിലുണ്ടായിരുന്നവരെല്ലാം ഒന്നിച്ചാകുന്ന അനുഭവമുണ്ടായിരുന്നു. അമൃതയുടെ ഭര്‍ത്താവായ വിക്രം പറയേണ്ട ഒരു വാക്കിനെ കുറിച്ച് തുടങ്ങി പല സമയത്തും അസ്വസ്ഥമാകുന്ന ഒരു ഗ്രൂപ്പിനൊപ്പമായിരുന്നു ചിത്രം കാണാനായതെന്നത് പേഴ്‌സണലി ഒരു നല്ല അനുഭവമായിരുന്നു. കാഴ്ചക്കാരനെ അസ്വസ്ഥതപ്പെടുത്തി ചിന്തിപ്പിച്ച് സിനിമയിലെ ആരെങ്കിലും ചില കാര്യങ്ങള്‍ പറഞ്ഞേ മതിയാകൂ എന്ന ശക്തമായ ബോധ്യമുണ്ടാക്കാനും അക്കാര്യങ്ങള്‍ കൃത്യം സമയത്ത് കഥാപാത്രങ്ങളിലൂടെ പറയിക്കാന്‍ ഥപ്പട് ഒരുക്കിയവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.