തലൈവര്‍ തമ്പി തലൈമൈയില്‍, ഞങ്ങള്‍ നാല് പേര്‍ക്ക് വേണ്ടി സിനിമ സ്‌ക്രീന്‍ ചെയ്യാന്‍ തയ്യാറായ കോഴിക്കോട് മിറാജ് സിനിമാസിനെ ആദ്യമേ അഭിനന്ദനവും നന്ദിയും അറിയിക്കട്ടെ!
ഫാലിമി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നിര്‍മല്‍ സഹദേവ് സഹരചനയും സംവിധാനവും നിര്‍വഹിച്ച തമിഴ് ചിത്രം തലൈവര്‍ തമ്പി തലൈമൈയില്‍ അഥവാ ടി ടി ടി ചുമ്മാ കണ്ടിരിക്കാവുന്നൊരു തമാശപ്പടമാണ്. ഒരുള്‍നാടന്‍ ഗ്രാമപഞ്ചായത്തിന്റെ യുവ സാരഥിയായ ജീവരത്‌നത്തിന്റെ വേഷത്തില്‍ വരുന്ന ജീവയാണ് ടി ടി ടിയിലെ നായകന്‍.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഇളവരശിന്റെ (ഇളവരശ്) മകള്‍ സൗമ്യയുടെ (പ്രാര്‍ഥന) വിവാഹത്തലേന്ന്, അയാളുടെ ബദ്ധശത്രുവും അയല്‍ക്കാരനുമായ മണിവര്‍ണന്റെ (തമ്പിരാമയ്യ) പിതാവ് നിര്യാതനാകുന്നു. താലികെട്ടും മൃതദേഹസംസ്‌കാരവും പിറ്റേന്ന് രാവിലെ പത്തരയുടെ ശുഭമുഹൂര്‍ത്തത്തില്‍ തന്നെ നടക്കണമെന്ന് ഇരുവരും വാശി പിടിക്കുന്നതോടെ രൂപപ്പെടുന്ന സംഘര്‍ഷവും അതൊഴിവാക്കാന്‍ ഇരുവര്‍ക്കുമിടയില്‍ ജീവരത്‌നം നടത്തുന്ന നെട്ടോട്ടങ്ങളുമാണ് പടത്തിന്റെ പ്രമേയം.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വ്യസന സമേതം ബന്ധുമിത്രാദികള്‍ എന്ന മലയാള സിനിമയുടെ ചുവടുപിടിച്ചുള്ള ചിത്രമാണിത്. പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ കുഴങ്ങിപ്പോകുന്ന കല്യാണപ്പെണ്ണ്, അവളെ കെട്ടാന്‍ കൊതിച്ചു നില്‍ക്കുന്ന വണ്‍വേ കാമുകന്‍, സംസ്‌കാരം കാത്തു കിടക്കുന്ന മൃതദേഹം, അക്രമാസക്തനായ അയല്‍ക്കാരന്‍, കാര്യങ്ങള്‍ പറഞ്ഞൊതുക്കാന്‍ പണിപ്പെടുന്ന പൊതുപ്രവര്‍ത്തകന്‍, അയാള്‍ക്കെതിരെ കരുനീക്കുന്ന എതിര്‍ രാഷ്ട്രീയക്കാര്‍ എന്നിങ്ങനെ വ്യസനസമേതത്തിലെ മിക്ക കഥാപാത്രങ്ങളും ടി ടി ടിയിലുണ്ട്. അതേ ലൈനിലാണ് കഥ പറയുന്നതും.
എന്നിരുന്നാലും ഒരു വാച്ചബിള്‍ എന്റര്‍ടെയ്‌നറായി ടി ടി ടിയെ നിലനിര്‍ത്താന്‍ നിതീഷിന് സാധിക്കുന്നു. കഥ പറയാന്‍ തെരഞ്ഞെടുത്ത തമിഴ് പശ്ചാത്തലം, കഥാവഴിയില്‍ സ്വാഭാവികമായി ഉരുവപ്പെടുന്ന കൊച്ചു തമാശകളുടെയും ബ്ലാക്ക് ഹ്യൂമറിന്റെയും സറ്റയറിന്റെയും ട്രാക്ക്, ജീവയും ഇളവരശും തമ്പിയുമുള്‍പ്പെടെയുള്ള അഭിനേതാക്കളുടെ പ്രകടനം എന്നിവ കൂട്ടത്തില്‍ എടുത്തു പറയാവുന്ന ആകര്‍ഷണങ്ങളാണ്.
ജീവരത്‌നത്തിന്റെ കാരക്റ്ററൈസേഷന്‍ നന്നായിട്ടുണ്ട്. വയനാട്ടിലെ ജനകീയ യുവ-ഇടത് നേതാവും പ്രിയ സുഹൃത്തുമായ ജുനൈദ് കൈപ്പാണിയെ സ്ക്രീനിൽ കാണുന്ന അനുഭവമായിരുന്നു ജീവരത്നമായി ജീവയെ കാണുമ്പോൾ ഉടനീളം എനിക്കുണ്ടായത്.
കല്യാണമായാലും മരണമായാലും തലപ്പന്ത് കളിയായാലും നാടിന്റെ സര്‍വ മേഖലകളിലും സൗമ്യ സൗഹാര്‍ദ സാന്നിധ്യമായി ചെന്നുകയറുകയും എല്ലാ മനുഷ്യരിലേക്കും ഒരു തരത്തിലുള്ള അധികാര ജാഡകളുമില്ലാതെ റീച്ചൗട്ട് ചെയ്യുകയും എന്തിനും പരിഹാരങ്ങള്‍ കണ്ടെത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന, എല്ലാവര്‍ക്കും വേണ്ടപ്പെട്ട, എല്ലാവരോടും ചേര്‍ന്നു നില്‍ക്കുന്ന, സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് പിന്നാലെ പായാത്ത, ഓരോരുത്തരിലും പരസ്പരം പ്രിയപ്പെട്ടവര്‍ എന്ന തോന്നലുളവാക്കുന്ന ഇത്തരം യഥാര്‍ത്ഥ നേതാക്കന്‍മാര്‍, ജനസേവകര്‍, ജനപ്രതിനിധികള്‍, എല്ലാ പ്രദേശങ്ങളിലും കാണാറുണ്ട്.
അവരിലൊരാളിലൂടെ പറഞ്ഞു പോകുന്ന കഥ ലളിതമായി പുള്ളോഫ് ചെയ്യാന്‍ ജീവയ്ക്ക് സാധിക്കുന്നു. മലയാളി നടന്‍ സുര്‍ജിത് ചെറുതെങ്കിലും ശ്രദ്ധേയമായ ഒരു റോളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നല്ല ലുക്കുള്ള സുര്‍ജിത്തിന് മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ തിളങ്ങാന്‍ സാധിക്കും. വിഷ്ണു വിജയ്‌യുടെ സംഗീതം പതിവ് പോലെ മികച്ചത്. ആദ്യ പകുതിയുടെ സ്വാഭാവിക ഭംഗി രണ്ടാം പകുതിയില്‍ നഷ്ടമാകുന്നുണ്ടങ്കില്‍പ്പോലും മോശമല്ലാത്ത പടമാണ് ടി ടി ടി.
Content Highlight: Thalaivar Thambi Thalaimayil movie review