ആരംഭിക്കലാമാ.....കാത്തിരിപ്പിന് വിരാമം, തലൈവര്‍ 173 അടുത്ത വര്‍ഷം പൊങ്കലിന്; സംവിധാനം സിബി ചക്രവര്‍ത്തി
Indian Cinema
ആരംഭിക്കലാമാ.....കാത്തിരിപ്പിന് വിരാമം, തലൈവര്‍ 173 അടുത്ത വര്‍ഷം പൊങ്കലിന്; സംവിധാനം സിബി ചക്രവര്‍ത്തി
ഐറിന്‍ മരിയ ആന്റണി
Saturday, 3rd January 2026, 12:01 pm

സിനിമാപ്രേമികള്‍ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് രജിനികാന്തും കമല്‍ഹാസനും ഒന്നിക്കുന്ന തലൈവര്‍ 173. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയിലെ അതികായരായ ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ഒരോ അപ്‌ഡേറ്റും ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.

സുന്ദര്‍ സി സംവിധാനം ചെയ്യുമെന്നറിയിച്ച പ്രൊജക്ടില്‍ നിന്ന് പല കാരണങ്ങളാല്‍ അദ്ദേഹം പിന്മാറിയിരുന്നു. പിന്നീട് ലോകേഷ് കനകരാജ് അടക്കുമുള്ള സംവിധായകരുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ധനുഷാണ് സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നതെന്നുള്ള അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു.

ഇപ്പോള്‍ സിബി ചക്രവര്‍ത്തി തലൈവര്‍ 173 സംവിധാനം ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 2022ല്‍ തിയേറ്ററുകളില്‍ ഹിറ്റായി തീര്‍ന്ന ഡോണിന്റെ സംവിധായകനാണ് സിബി ചക്രവര്‍ത്തി. ശിവകാര്‍ത്തികേയന്‍ നായകനാത്തെിയ ചിത്രം കോമഡി ഴോണറിലാണ് ഒരുക്കിയത്.

അനിരുദ്ധ് രവിചന്ദറാണ് തൈലവര്‍ 173യുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം 2027ല്‍ പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ‘എവരി ഹീറോ ഹാസ് എ ഫാമിലി’ എന്ന അടിക്കുറിപ്പോടെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച പോസ്റ്റ് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു. അതേസമയം സിബി ചക്രവര്‍ത്തിക്ക് ഇത്തരമൊരു പ്രൊജകട് ചെയ്യാന്‍ കഴിയില്ലെന്നുള്ള അഭിപ്രായങ്ങള്‍ എക്‌സില്‍ നിറയുന്നുണ്ട്.

കമല്‍ ഹാസന്‍ നിര്‍മിക്കുന്ന തലൈവര്‍ 173 വന്‍ ഹൈപ്പിലാണ് ഒരുങ്ങുന്നത്. അനൗണ്‍സ്‌മെന്റിന് ശേഷം പല സംവിധായകരുടെയും പേര് രജിനി- കമല്‍ പ്രൊജക്ടില്‍ ഉയര്‍ന്നു കേട്ടിരുന്നു. ലോകേഷ് കനകരാജിന്റെ പേരായിരുന്നു ഇതില്‍ മുന്‍പന്തിയില്‍. എന്നാല്‍ കൂലി പ്രതീക്ഷക്കൊത്ത് ഉയരാത്തത് തിരിച്ചടിയായി മാറി.

നെല്‍സണ്‍, കാര്‍ത്തിക് സുബ്ബരാജ് എന്നിവരുടെ പേരും പ്രചരിച്ചെങ്കിലും ഏറ്റവുമൊടുവില്‍ സുന്ദര്‍ സിയ്ക്ക് നറുക്ക് വീഴുകയായിരുന്നു.അനൗണ്‍സ്‌മെന്റ് ചെയ്ത് കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ സുന്ദര്‍ സി പ്രൊജക്ടില്‍ നിന്ന് പിന്‍മാറി. ഒഴിവാക്കാനാകാത്തതും അപ്രതീക്ഷിതവുമായ സാഹചര്യങ്ങള്‍ കാരണം തലൈവര്‍ 173ല്‍ നിന്ന് താന്‍ പിന്മാറുന്നു എന്നായിരുന്നു സുന്ദര്‍ സി അറിയിച്ചത്.

Content Highlight: Thalaivar 173 will be directed by Cibi Chakravarthy

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.