| Saturday, 7th June 2025, 7:05 am

നല്ല നടനാണെന്ന് അറിയാമായിരുന്നു, ആ മലയാളനടന്‍ സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് ഉയര്‍ന്നപ്പോള്‍ സര്‍പ്രൈസ്ഡായി: തലൈവാസല്‍ വിജയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് തലൈവാസല്‍ വിജയ്. 1992ല്‍ തലൈവാസല്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് തെലുങ്ക്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി 300നടുത്ത് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ ഫഹദിനെക്കുറിച്ച് സംസാരിക്കുകയാണ് തലൈവാസല്‍ വിജയ്. കാതലുക്ക് മര്യാദൈ എന്ന സിനിമ ചെയ്യുന്ന സമയം മുതല്‍ക്ക് തന്നെ തനിക്ക് ഫഹദിനെ അറിയാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ വെച്ചായിരുന്നു ആ സിനിമയുടെ ഷൂട്ടെന്നും ആ സമയത്ത് ഫഹദ് ചെറുപ്പമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതിന് ശേഷം ഒരു സിനിമ ചെയ്ത ഫഹദ് വിദേശത്തേക്ക് പോയെന്നും ഒരുപാട് കാലം അവിടെയായിരുന്നെന്നും തലൈവാസല്‍ വിജയ് പറയുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് താന്‍ ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമ കണ്ടതെന്നും ഫഹദ് തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് താന്‍ ഫഹദിനൊപ്പം രണ്ട് സിനിമകള്‍ ചെയ്‌തെന്നും അന്നൊന്നും അയാള്‍ ഇത്ര വലിയ സ്റ്റാറാകുമെന്ന് കരുതിയില്ലെന്‌നും താരം പറയുന്നു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു തലൈവാസല്‍ വിജയ്.

‘ഫഹദ് എന്നെ പല കാര്യത്തിലും അത്ഭുതപ്പെടുത്തിയ നടന്മാരിലൊരാളാണ്. അയാളെ ഞാന്‍ ആദ്യമായി കാണുന്നത് കാതലുക്ക് മര്യാദൈ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ്. അത് ഒരു റീമേക്ക് സിനിമയായിരുന്നു. ആ പടത്തിന്റെ ഷൂട്ട് മുഴുവന്‍ ഫാസില്‍ സാറിന്റെ നാടായ ആലപ്പുഴയില്‍ വെച്ചായിരുന്നു. അദ്ദേഹം എന്റെ നല്ലൊരു സുഹൃത്താണ്. ഫഹദ് പിന്നീട് ഒരു സിനിമ ചെയ്ത ശേഷം വിദേശത്തേക്ക് പോയെന്ന് കേട്ടു.

ഒരുപാട് കാലം അവിടെയായിരുന്നെന്ന് അറിയാന്‍ കഴിഞ്ഞു. ഒരുദിവസം യാദൃശ്ചികമായി ടി.വിയില്‍ ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമ കണ്ടു. അതില്‍ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഫഹദായിരുന്നു. അയാളഉടെ കൂടെ രണ്ട് സിനിമകള്‍ ഞാന്‍ ചെയ്തു. നോര്‍ത്ത് 24 കാതവും ഒളിപ്പോരും. ആ സമയത്ത് അയാള്‍ നല്ലൊരു നടനാണെന്ന് മനസിലായി.

പക്ഷേ, ഇന്ന് കാണുന്ന രീതിയിലേക്ക് ഒരു സ്റ്റാറായി മാറുമെന്ന് ഞാന്‍ കരുതിയില്ല. അത് എനിക്ക് സര്‍പ്രൈസായിരുന്നു. സൂര്യ, ധനുഷ്, അജിത് എന്നിവരെയൊക്കെ കണ്ടപ്പോള്‍ അവര്‍ സ്റ്റാറാകുമെന്ന ചിന്തയുണ്ടായിരുന്നു. പക്ഷേ, ഫഹദ് അങ്ങനെയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല,’ തലൈവാസല്‍ വിജയ് പറയുന്നു.

Content Highlight: Thalaivaasal Vijay saying he surprised when Fahadh Faasil became a Superstar

We use cookies to give you the best possible experience. Learn more