'ഉപ്പാ, നമുക്ക് സ്റ്റേറ്റ് ബസ്സില്‍ പോകാം' | താഹ മാടായി
Opinion
'ഉപ്പാ, നമുക്ക് സ്റ്റേറ്റ് ബസ്സില്‍ പോകാം' | താഹ മാടായി
താഹ മാടായി
Thursday, 22nd September 2022, 12:19 pm

വളരെ ചെറിയ ആഗ്രഹങ്ങള്‍ പറയുന്നതിനിടയില്‍ നാലാം ക്ലാസുകാരനായ എന്റെ മകന്‍ പറഞ്ഞു: ‘വെള്ളച്ചാട്ടം കാണാന്‍ നമുക്ക് കെ.എസ്.ആര്‍.ടിസിയില്‍ പോകാം, ഉപ്പാ.’

രണ്ടാഴ്ച മുമ്പ് മയ്യിലില്‍ സുഹൃത്ത് രാജീവന്റെ വീട്ടിലേക്കും എഴുത്തുകാരന്‍ ടി.പത്മനാഭനെ കാണാന്‍ ഇടൂരി നമ്പൂതിരിയുടെ വൈദ്യശാലയിലേക്കുമുള്ള കുടുംബ യാത്ര, സ്റ്റേറ്റ് ബസ്സിലായിരുന്നു. വരുമ്പോള്‍ ,ഇരുവശങ്ങളില്‍ നിന്നുമുള്ള തുറസ്സായ ജനാലകളിലൂടെ കയറിയ കാറ്റേറ്റ് അവന്‍ ഉറങ്ങി. വളരെ സ്വച്ഛമായ ഡ്രൈവിങ്ങ്. ആ അനുഭവത്തിലാണ് കുടിയാന്മല ഏഴരക്കുണ്ട് വെള്ളച്ചാട്ടം കാണാനുള്ള യാത്ര സ്റ്റേറ്റ് ബസ്സിലാക്കാന്‍ മകന്‍ പറഞ്ഞത്.

ഞങ്ങള്‍ കയറിയ ബസ്സില്‍ സ്ത്രീ കണ്ടക്ടറായിരുന്നു, വൈകി മാത്രം വരുന്ന ശമ്പളത്തിന്റെ അനിശ്ചിതത്വമുണ്ടാക്കുന്ന പ്രസരിപ്പില്ലായ്മ ആ മുഖത്തുണ്ടായിരുന്നു. എങ്കിലും അവര്‍ സ്‌കൂള്‍ കുട്ടികളോട് വളരെ ഹാര്‍ദ്ദമായി പെരുമാറി. ചെരിഞ്ഞു പെയ്ത മഴയില്‍, ആ ബസ് യാത്രയും മകന് ഏറെ ആഹ്ലാദകരമായ അനുഭവം പകര്‍ന്നു. മരങ്ങള്‍ക്കിടയില്‍ കോടയിറങ്ങുന്നത് ഉമ്മാ, ഉമ്മാ, അതു നോക്ക്… എന്ന് പറഞ്ഞ് അവന്‍ ആഹ്ലാദവാനായി ചൂണ്ടിക്കാണിച്ചു കൊണ്ടിരുന്നു.

മിക്കവാറും, എന്റെ ദീര്‍ഘയാത്രകള്‍ കെ.എസ് ആര്‍.ടി.സിയിലാണ്. തീവണ്ടിയാത്രകള്‍ക്ക് ചങ്ങാതിമാര്‍ നിര്‍ബ്ബന്ധിപ്പിക്കുമ്പോഴും സ്‌റേററ്റ് ബസ്സില്‍, ഏതൊക്കൊയോ ആശയങ്ങളെ മനസ്സിലിട്ട്, അങ്ങനെ ബസ്സിലിരിക്കും. ചതുര ജനാല, മഴ വരുമ്പോള്‍ അടക്കേണ്ടി വരുമെന്നതൊഴിച്ചാല്‍, യാത്രകള്‍ മിക്കവാറും ഹൃദ്യമായിരുന്നു. റോഡിലെ കുഴി, തുടര്‍ ശൃംഖല പോലെ നീളുന്ന ഗതാഗത കുരുക്ക് – ഇതുണ്ടാക്കുന്ന ക്ലേശം ബസ് നല്‍കുന്നതല്ല. അത് റോഡ് യാത്രികരുടെ ജന്മവിധിയാണ്.

കണ്ണൂരില്‍ നിന്ന് തൃശൂരിലേക്ക് പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലിരുന്നാല്‍ ചിലപ്പോള്‍ പാട്ടും കേള്‍ക്കാം. കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍, അല്ലെങ്കില്‍ ഡ്രൈവര്‍ മോശമായി പെരുമാറിയ അനുഭവം, സത്യം പറയാമല്ലൊ, ഇതുവരെയുണ്ടായിട്ടില്ല. എന്നാല്‍, ഒരു ചെടിപ്പിക്കുന്ന അനുഭവം, വളരെ ശാന്തമായി ഉറങ്ങുമ്പോഴായിരിക്കും, സ്‌ക്വാഡ് മൂപ്പന്മാര്‍ കയറി, ടിക്കറ്റ് കാണിക്കാനാവശ്യപ്പെടുക.

‘എടുത്ത ‘ ടിക്കറ്റ് വീണ്ടും ‘എടുത്തു ‘കാണിക്കേണ്ടി വരുന്നത് മഹാ ബോറായി തോന്നാറുണ്ട്. പ്രത്യേകിച്ചും ഉറങ്ങുമ്പോള്‍ തോണ്ടി വിളിച്ചു ചോദിക്കുമ്പോള്‍. ടിക്കറ്റ് ബസിറങ്ങും വരെ സൂക്ഷിച്ചില്ലെങ്കില്‍, മാനം പോയതു തന്നെ. ഒരിക്കല്‍ ടിക്കറ്റ് കണ്ടക്ടറില്‍ നിന്നു വാങ്ങുമ്പോള്‍ ചതുര ജനാലയിലൂടെ പുറത്തേക്ക് ഒരു തൂവല്‍ പോലെ പറന്നു പോയി. അപ്പോള്‍ തന്നെ കണ്ടക്ടറോട് പറഞ്ഞു, ദാ, ടിക്കറ്റ് പറന്നു. സ്‌ക്വാഡ് കേറിയാല്‍ പറന്നൂന്ന് തന്നെ പറയണം’ കണ്ടക്ടര്‍ ചിരിച്ചു.

കണ്ണൂരില്‍ നിന്ന് കട്ടപ്പനയിലേക്കുള്ള രാത്രിയാത്ര, വയനാട്ടിലേക്കുള്ള പല പല യാത്രകള്‍, തിരുവനന്തപുരത്തു നിന്നു കണ്ണുരേക്കുള്ള യാത്രകള്‍, ഇടക്കിടെയുള്ള കോഴിക്കോടന്‍, കാസര്‍ക്കോടന്‍ യാത്രകള്‍… ഈ റൂട്ടുകളിലൊക്കെ സ്വപ്ന സഞ്ചാരിയെപ്പോലെ സ്റ്റേറ്റ് ബസ് ഇരിപ്പിലോടിയൊപ്പം നിന്നു.

എത്രയെത്ര മനോഹരമായ ഉള്‍നാടുകള്‍, വയനാട്ടില്‍ നിന്ന് കൊട്ടിയൂര്‍ വഴി ഇരിട്ടിയിലേക്കുള്ള യാത്ര, ചെറുപുഴ, പുളിങ്ങോം ,കമ്പല്ലൂര്‍ യാത്ര…. നിത്യ ബസ് സഞ്ചാരിയായ എനിക്ക് കെ.എസ്.ആര്‍.ടി.സി യെ ഇഷ്ടപ്പെടാന്‍ പല കാരണങ്ങളുണ്ട്. ഒരു പ്രധാന കാരണം, സ്റ്റേറ്റ് എന്ന സങ്കല്പത്തെ അല്‍പമെങ്കിലും ചലനാത്മകമാക്കുന്നത് കെ.എസ്.ആര്‍.ടിസിയാണ്. എ.അയ്യപ്പന്റെയും വിജയന്‍ മാഷുടെയും കൂടെയുള്ള സ്റ്റേറ്റ് ബസ് യാത്രകള്‍ മറക്കുന്നതെങ്ങനെ?

പ്രൈവറ്റ് ബസ്സുകളിലെ കണ്ണഞ്ചിപ്പിക്കുന്ന ‘മങ്ങലപ്പൊര’ പോലെ തോന്നിക്കുന്ന ലൈറ്റിങ്ങും കാതിന് ഔചിത്യമല്ലാത്ത ശബ്ദത്തില്‍ വെക്കുന്ന പാട്ടും, പല പ്രൈവറ്റ് ബസ് കണ്ടക്ടര്‍മാരില്‍ കാണുന്ന ധാര്‍ഷ്ട്യവും, സ്‌റ്റേറ്റ് ബസ് ജീവനക്കാരില്‍ നിന്നുമുണ്ടായിട്ടില്ല.

പക്ഷെ, മകളുടെ മുന്നില്‍ വെച്ച് അച്ഛനെ കെ.എസ്.ആര്‍.ടി സി ജീവനക്കാരായ രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് അടിച്ചപ്പോള്‍, രണ്ട് കുട്ടികളുടെ അച്ഛനായ എന്റെ കവിളും നൊന്തു. നാം എപ്പോഴും രക്ഷിക്കാളുടെ മുന്നില്‍ വെച്ച് കുട്ടികളോട് അനുഭാവത്തോടെയും തുല്യമായ പൗരബോധത്തോടെയും പെരുമാറേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ , ഉരുക്കുമുഷ്ടിയുടെ ശൈലിയാണ്, രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും ഒരു രീതിശാസ്ത്രം.

ശമ്പളത്തിന് യാചിക്കേണ്ടി വരുന്ന ഒരവസ്ഥയില്‍, തൊഴില്‍ പരമായ അധിക്ഷേപവും, നാവു കൊണ്ടുള്ള തൊഴിയാണ്. പക്ഷെ, ഒരാളെ രണ്ടു പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് ഒരു നിലക്കും ഒരു തൊഴില്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല.

‘ഉപ്പാ, നമുക്ക് സ്‌റേററ്റ് ബസ്സില്‍ പോകാം’ എന്നു പറയുന്ന മകന്, ആ വാര്‍ത്ത വന്ന പത്രം ഞാന്‍ മറച്ചുവെച്ചു. അവനും അത് വായിച്ചാല്‍ നോവാതിരിക്കില്ല.

Content Highlight: Thaha Madayi Write up About KSRTC

താഹ മാടായി
എഴുത്തുകാരന്‍