മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനാഫലം; ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകട കേസില്‍ ക്ലീന്‍ചീറ്റ്
Kerala
മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനാഫലം; ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകട കേസില്‍ ക്ലീന്‍ചീറ്റ്
നിഷാന. വി.വി
Sunday, 19th April 2026, 8:51 am

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ വെച്ച് നടന്ന വാഹനാകട കേസില്‍ നടന്‍ മണിയന്‍പ്പിള്ള രാജുവിന് ക്ലീന്‍ചീറ്റ്. മണിയന്‍പിള്ള രാജു ഓടിച്ച വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
നിലവിന്‍ ഹിറ്റ് ആന്‍ഡ് റണ്‍ കേസ് മാത്രമാണുള്ളത്. സത്യം തെളിഞ്ഞതില്‍ സന്തോഷമെന്നായിരുന്നു മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം.

ഫെബ്രുവരിയിലായിരുന്നു കേസിനാാസ്പദമായ സംഭവം. ഫെബ്രുവരി അഞ്ചിന് രാത്രി തിരുവനന്തപുരം വഴുതക്കാടുള്ള ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് റോഡിലേക്കിറങ്ങിയ മണിയന്‍പ്പിള്ള രാജുവിന്റെ കാര്‍ ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു.

വണ്ടിയോടിച്ചത് നടനാണെന്ന് അറിഞ്ഞിട്ടും പൊലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല എന്നത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

ഭയംകൊണ്ടായിരുന്നു വാഹനം നിര്‍ത്താതിരുന്നതെന്നും സുഹൃത്തുക്കളെ വിളിച്ച് ആംബുലന്‍സ് എത്തിക്കാന്‍ പറഞ്ഞതായും മണിയന്‍പിള്ള രാജു പിന്നീട് പ്രതികരിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ മണിയന്‍പിള്ള രാജു സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. ഇതിന് ശേഷമായിരുന്നു വൈദ്യപരിശോധന നടന്നത്.

ഇതിന് പിന്നാലെ മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലെ അപകടവുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ക്ലബ്ബിന്റെ പാര്‍ക്കിങ്ങില്‍ നിന്ന് മണിയന്‍പിള്ള രാജു വാഹനം പുറത്തേക്ക് ഇറക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

കാറിന്റെ മുന്‍ഭാഗത്ത് ബൈക്ക് വന്ന് ഇടിക്കുന്നതും യുവാക്കള്‍ റോഡിലേക്ക് തെറിച്ചു വീഴുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ഇന്‍ഡികേറ്റര്‍ ഇട്ട് പതിയെ ആണ് പ്രധാന റേഡിലേക്ക് മണിയന്‍പിള്ള രാജു വാഹനം എടുക്കുന്നത്. പിന്നാലെ ബൈക്ക് വന്ന് ഇടിക്കുകയും മണിയന്‍പിള്ള വാഹനം നിര്‍ത്താതെ എടുത്തുപോകുകയായിരുന്നു.

അപകടത്തില്‍ ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവര്‍ക്കായിരുന്നു പരിക്കേറ്റത്. സൂരജിനെ എസ്.പി ഫോര്‍ട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമേറ്റിരുന്നു.

Content Highlight: Test results show that Maniyanpilla Raju was not drunk; Clean chit in the car accident case in front of the Trivandrum club

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.