| Monday, 31st March 2025, 9:02 am

പട്ടാളത്തിലെ ഇമോഷണല്‍ രംഗം അഭിനയിക്കാന്‍ പാടുപെട്ടപ്പോള്‍ സഹായിച്ചത് ആ രണ്ടുനടന്മാര്‍: ടെസ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാല്‍ ജോസ് ചിത്രത്തിലൂടെ സിനിമാ മേഖലയിലേക്ക് വന്ന താരമാണ് ടെസ ജോസഫ്. 2003ല്‍ പുറത്തിറങ്ങിയ പട്ടാളമായിരുന്നു ടെസയുടെ ആദ്യ ചിത്രം. എന്നാല്‍ ഈ ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് താരം ഒരു വലിയ ഇടവേളയെടുത്തിരുന്നു. 2015ല്‍ ബാലചന്ദ്രമേനോന്റെ ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന സിനിമയിലൂടെയാണ് ടെസ ജോസഫ് വീണ്ടും സിനിമയിലേക്ക് വരുന്നത്.

പട്ടാളം എന്ന സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ടെസ ജോസഫ്. കൈരളി ചാനലില്‍ അവതാരകയായി വര്‍ക്ക് ചെയ്യുമ്പോഴാണ് സംവിധായന്‍ ലാല്‍ ജോസ് തന്നെ പട്ടാളം സിനിമയിലേക്ക് വിളിക്കുന്നതെന്ന് ടെസ പറയുന്നു. കാഴ്ചയില്‍ തനിക്ക് പ്രായത്തേക്കാള്‍ പക്വത തോന്നുമെന്നും അതുകൊണ്ടാണ് പട്ടാളത്തിലെ വിമല എന്ന കഥാപാത്രമായി തെരഞ്ഞെടുത്തതെന്നും ടെസ പറഞ്ഞു.

സിനിമയിലെ ഗാനമാണ് ആദ്യം ഷൂട്ട് ചെയ്തതും ഡയലോഗുകള്‍ ഉള്ള ഭാഗമെല്ലാം പിന്നീടാണ് എടുത്തതെന്നും ഒരു ഇമോഷണല്‍ രംഗം ഉണ്ടായിരുന്നുവെന്നും അത് അഭിനയിച്ചു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടിയെന്നനും നടി കൂട്ടിച്ചേര്‍ത്തു. സായ്കുമാറും ജഗതി ശ്രീകുമാറും തനിക്ക് അപ്പോള്‍ അഭിനയത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയെന്നും ടെസ പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടെസ.

‘കൈരളി ചാനലില്‍ ഹലോ ഗുഡ് ഈവനിങ് എന്ന തത്സമയ പരിപാടി അവതരിപ്പിക്കുമ്പോഴാണ് ലാലുവേട്ടനും (സംവിധായകന്‍ ലാല്‍ജോസ്) തിരക്കഥാകൃത്ത് റെജി നായരും പട്ടാളത്തിലേക്ക് വിളിക്കുന്നത്. കാഴ്ചയില്‍ എനിക്ക് പ്രായത്തെക്കാള്‍ പക്വത തോന്നിക്കും. അതുകൊണ്ടാണ് വിമലയായി തെരഞ്ഞെടുത്തത്.
‘ആരൊരാള്‍ പുലര്‍മഴയില്‍’ എന്ന പാട്ടായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. പിന്നീടാണ് ഡയലോഗുകള്‍ അഭിനയിക്കുന്നത്. ഒരു ഇമോഷണല്‍ രംഗം ഉണ്ടായിരുന്നു. അത് അഭിനയിച്ചു ഫലിപ്പിക്കാന്‍ കുറച്ച് ബുദ്ധിമുട്ടി. സായിച്ചേട്ടനും (സായ്കുമാര്‍) അമ്പിളിച്ചേട്ടനും (ജഗതി ശ്രീകുമാര്‍) അഭിനയം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ തന്നു. ആളുകള്‍ ഇപ്പോഴും പട്ടാളത്തിലെ വിമലയല്ലേ എന്ന് ചോദിക്കാറുണ്ട്. ഇപ്പോഴും ഓര്‍ക്കുന്നതില്‍ സന്തോഷം,’ ടെസ ജോസഫ് പറയുന്നു.

Content Highlight: Tessa Joseph talks about Pattalam Movie

We use cookies to give you the best possible experience. Learn more