| Saturday, 12th April 2025, 12:27 pm

സിനിമയെക്കുറിച്ച് ഒരു ഐഡിയയുമില്ലാതെയാണ് പട്ടാളത്തില്‍ അഭിനയിച്ചത്, ആദ്യത്തെ സീനില്‍ എന്നെ സഹായിച്ചത് ആ രണ്ട് നടന്മാര്‍: ടെസ്സ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാല്‍ ജോസ് മലയാളികള്‍ക്ക് സമ്മാനിച്ച നടിമാരിലൊരാളാണ് ടെസ്സ ജോസഫ്. ചാനല്‍ അവതാരികയായി കരിയര്‍ ആരംഭിച്ച ടെസ്സ മമ്മൂട്ടി നായകനായ പട്ടാളം എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവന്നത്. ആദ്യ ചിത്രത്തിലൂടെ ടെസ്സ ശ്രദ്ധേയയായി. എന്നാല്‍ പട്ടാളത്തിന് ശേഷം സിനിമയില്‍ നിന്ന് ടെസ്സ വലിയ ഇടവേളയെടുത്തിരുന്നു. തിരിച്ചുവരവില്‍ സിനിമകള്‍ക്കൊപ്പം സീരിയല്‍ രംഗത്തും ടെസ്സ സജീവമാണ്.

പട്ടാളം സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ടെസ്സ. കൈരളി ചാനലിലെ പരിപാടി കണ്ടിട്ടാണ് ലാല്‍ ജോസ് തന്നെ പട്ടാളത്തിലേക്ക് വിളിച്ചതെന്ന് ടെസ്സ ജോസഫ് പറഞ്ഞു. പ്രായത്തെക്കാള്‍ പക്വത തോന്നിക്കുന്നതുകൊണ്ടാണ് വിമല എന്ന കഥാപാത്രത്തിലേക്ക് തന്നെ വിളിച്ചതെന്നും ടെസ്സ കൂട്ടിച്ചേര്‍ത്തു. ‘ആരൊരാള്‍ പുലര്‍മഴയില്‍’ എന്ന പാട്ടായിരുന്നു ആദ്യം ഷൂട്ട് ചെയ്തതെന്നും അതിന് ശേഷമാണ് ഡയലോഗുകള്‍ തന്നതെന്നും ടെസ്സ പറഞ്ഞു.

ആദ്യം തന്നെ ഇമോഷണല്‍ സീനായിരുന്നു ഷൂട്ട് ചെയ്തതെന്നും അത് അഭിനയിച്ചു ഫലിപ്പിക്കാന്‍ കുറച്ച് പ്രയാസമായിരുന്നെന്നും ടെസ്സ കൂട്ടിച്ചേര്‍ത്തു. സായ് കുമാറും ജഗതി ശ്രീകുമാറുമായിരുന്നു ആ സമയത്ത് തന്നെ ഓക്കെയാക്കിയതും തനിക്ക് വേണ്ട നിര്‍ദേശങ്ങള്‍ തന്നതെന്നും ടെസ്സ ജോസഫ് പറഞ്ഞു. ആ കഥാപാത്രം വലിയ ശ്രദ്ധ നേടിയെന്നും ഇന്നും പലരും തന്നെ ഓര്‍ക്കുന്നത് പട്ടാളത്തിലെ വിമല എന്ന പേരിലാണെന്നും ടെസ്സ കൂട്ടിച്ചേര്‍ത്തു.

തിരിച്ചുവരവിന് ശേഷം സിനിമ ഒരുപാട് മാറിയെന്നും ടെസ്സ പറയുന്നു. സിനിമാസെറ്റുകള്‍ കുറച്ചുകൂടി സൗഹൃദപരമായെന്നും പഴയതുപോലെ ഡയലോഗ് അതുപോലെ പറഞ്ഞുവെക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും ടെസ്സ കൂട്ടിച്ചേര്‍ത്തു. ഓരോ ദിവസവും സെറ്റിലേക്ക് പോകാന്‍ ഇഷ്ടമാണെന്നും ഷൂട്ടിന് മുമ്പുള്ള ആക്ടിങ് വര്‍ക്ക് ഷോപ്പുകള്‍ നല്ല ആശയമാണെന്നും ടെസ്സ ജോസഫ് പറഞ്ഞു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു ടെസ്സ.

‘കൈരളി ചാനലിലെ ഹലോ ഗുഡ് ഈവനിങ് എന്ന പരിപാടി കണ്ടിട്ടാണ് എനിക്ക് സിനിമയിലേക്കുള്ള വഴി തെളിഞ്ഞത്. ലാല്‍ ജോസ് സാറും പട്ടാളത്തിന്റെ തിരക്കഥാകൃത്ത് റെജിയും ചേര്‍ന്നാണ് എന്നെ സെലക്ട് ചെയ്തത്. വിമല എന്ന കഥാപാത്രത്തിന് എന്നെ തെരഞ്ഞെടുത്തത് പ്രായത്തെക്കാള്‍ കൂടുതല്‍ പക്വത കാഴ്ചയില്‍ തോന്നിക്കുന്നതുകൊണ്ടാണ്. ആരൊരാള്‍ പുലര്‍മഴയില്‍ എന്ന പാട്ടാണ് ആദ്യം ഷൂട്ട് ചെയ്തത്. അതിന് ശേഷമായിരുന്നു ഡയലോഗുകള്‍ ഷൂട്ട് ചെയ്തത്.

കുറച്ച് ഇമോഷണലായിട്ടുള്ള സീനായിരുന്നു അത്. ചെയ്ത് ഫലിപ്പിക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ സായ് ചേട്ടനും അമ്പിളി ചേട്ടനും ആവശ്യമുള്ള നിര്‍ദേശങ്ങള്‍ തന്ന് സഹായിച്ചു. ആ ക്യാരക്ടര്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്നും പലര്‍ക്കും ഞാന്‍ പട്ടാളത്തിലെ വിമലയാണ്. തിരിച്ചുവരവില്‍ സിനിമയുടെ രീതി മാറി. പേപ്പറില്‍ എഴുതിവെച്ചത് അതുപോലെ പറയേണ്ട കാര്യമില്ല. ഓരോ ദിവസവും സെറ്റില്‍ പോകാന്‍ ഇഷ്ടമാണ്. ഷൂട്ടിന് മുമ്പുള്ള വര്‍ക്ക് ഷോപ്പുകള്‍ എന്ന ഐഡിയ നല്ലതായിട്ട് തോന്നുന്നുണ്ട്,’ ടെസ്സ ജോസഫ് പറഞ്ഞു.

Content Highlight: Tessa Joseph shares the shooting experience of Pattalam movie

We use cookies to give you the best possible experience. Learn more