അവിശ്വാസിയും, ജമാഅത്ത് വിമര്‍ശകനുമായ എനിക്ക് ഹലാല്‍ ലൗ സ്റ്റോറി ഇഷ്ടപ്പെട്ടതിന്റെ 10 കാരണങ്ങള്‍
D-Review
അവിശ്വാസിയും, ജമാഅത്ത് വിമര്‍ശകനുമായ എനിക്ക് ഹലാല്‍ ലൗ സ്റ്റോറി ഇഷ്ടപ്പെട്ടതിന്റെ 10 കാരണങ്ങള്‍
രാജീവ് രാമചന്ദ്രന്‍
Friday, 16th October 2020, 7:41 pm

അവിശ്വാസിയും, ജമാഅത്ത് വിമര്‍ശകനുമായ എനിക്ക് ഹലാല്‍ ലൗ സ്റ്റോറി ഇഷ്ടപ്പെട്ടതിന് പല കാരണങ്ങളുണ്ട്. പരവിദ്വേഷം പൊരുളാക്കിയ ഫാഷിസത്തിന്റെ രക്തബന്ധുക്കളൊഴികെ ഒരു പ്രത്യയശാസ്ത്രത്തോടും എനിക്ക് അസഹിഷ്ണുതയില്ല എന്നതാണ്
ഏറ്റവും പ്രധാനപ്പെട്ട സിനിമാ ബാഹ്യ കാരണം. ജമാഅത്തുകാര്‍ അടക്കുള്ള ഇസ്‌ലാമിസ്റ്റുകളോട് എനിക്ക് രാഷ്ട്രീയ വിയോജിപ്പുണ്ട്. പക്ഷെ അവര്‍ സംഘപരിവാറിനൊപ്പം തൂക്കമൊപ്പിച്ച് എതിര്‍ക്കപ്പെടേണ്ടവരാണെന്ന് കരുതുന്നില്ല.

സക്കരിയയോ മുഹ്‌സിനോ അവരുടെ രാഷ്ട്രീയ ബോധ്യത്തിനനുസരിച്ച് നിര്‍മിക്കുന്ന സിനിമകളെ അവയുടെ ചരിത്രപരവും രാഷ്ട്രീയവുമായ ഫ്രേംവര്‍ക്കിന് അകത്ത് തന്നെ കാണാനും ആസ്വദിക്കാനും വിലയിരുത്താനും എനിക്ക് പ്രയാസമില്ല എന്നതാണ് മറ്റൊരു കാരണം. ഈ സിനിമ കേരളത്തിലെ/മലബാറിലെ മുസ്ലിം ജീവിതത്തിന്റെ പിരിഛേദമാണെന്നൊന്നും ആരും അവകാശപ്പെടുന്നുണ്ടെന്നും എനിക്ക് തോന്നുന്നില്ല.

ജമാഅത്തെ ഇസ്ലാമി എന്ന അവരുടെ പ്രസ്ഥാനത്തിനകത്ത് ഒരു കാലത്ത് നടന്ന ചില വ്യവഹാരങ്ങളെ സറ്റയറോ സ്പൂഫോ ഒക്കെ ആയി പൊതു സമൂഹത്തിന് മുന്നില്‍ വെക്കുകയാണ് സിനിമ.

ഹലാല്‍ ലൗ സ്റ്റോറി ആ അര്‍ത്ഥത്തില്‍ ഞാന്‍ ആസ്വദിച്ച സിനിമയാണ്. കഥാപാത്രസൃഷ്ടിയിലും ആഖ്യാനത്തിലും എന്നെ ആകര്‍ഷിച്ച ചില ഘടകങ്ങള്‍ ഇവയാണ്.

1. ജീവിതത്തില്‍ താന്‍ ഭാര്യയുടെ റോള്‍ അഭിനയിക്കുകയാണെന്ന കൃത്യമായ ബോധ്യമുള്ള സുഹ്‌റ എന്ന നായിക. ഇത് അവരുടെ സിനിമയാണ്. സട്ട്‌ലായ എക്‌സ്പ്രഷന്‍സും ബോഡി ലാംഗ്വേജും കൊണ്ട് ഗ്രേസ് ആന്റണി എന്ന നടി സുഹ്‌റയെ അവിസ്മരണീയമാക്കിയിട്ടുണ്ട്.

2. വാങ്ങിക്കാത്ത സ്ത്രീധനം കടമാണെന്ന് വിശ്വസിക്കുന്ന ധനികനും ദീനിയുമായ യുവ പ്രാസ്ഥാനികന്‍, ‘ശെരീ’ഫ് എന്ന കഥാപാത്രം. (ഈ ‘ശെരി’യെ ഞാന്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് ആയി വായിക്കുന്നു) സംഘടനക്കാര്‍ നടത്തേണ്ടുന്ന സ്വയം വിമര്‍ശത്തിന് ബുള്‍ഗാന്‍ താടി വച്ചു കൊടുത്താല്‍ ഇന്ദ്രജിത്തിന്റെ ശെരീഫാകും.

3. പ്രാസ്ഥാനികര്‍ക്കിടയില്‍ സിറാജ് എന്ന ‘പൊതു’വിന് തൗഫീഖ് നേടിക്കൊടുക്കുന്ന സ്വീകാര്യത. അവിശ്വാസിയായ സിറാജിന്റെ കുടുംബം തകര്‍ന്നത് സത്യായിട്ടും എന്റെ കണ്‍സേണല്ല. കള്ളും കഞ്ചാവും അടിച്ച് നടക്കുന്ന കലാകാരന്റെ ഭാര്യ കൊച്ചിനേം കൊണ്ട് ഇറങ്ങിപ്പോകുന്നത് മലയാള സിനിമയില്‍ ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ!

എന്നെ സംബന്ധിച്ചിടുത്താളം എങ്ങനെ നോക്കിയാലും ഹിപോക്രാറ്റായ ശെരീഫിനേക്കാൾ ജെനുവിനായ സിറാജ് തന്നെയാണ് ഒരു തട്ട് മുകളിൽ നിൽക്കുന്നത്.

4. വാതക – ദ്രാവക സേവകരായ മുസ്‌ലിം നാമധാരികളോടുള്ള ദീനികളുടെ സമീപനം. അവര്‍ അസ്പൃശ്യരല്ല, പൊതുവാണെന്നേ ഉള്ളൂ. അവരെ കാണാന്‍ ദീനികള്‍ ബാറില്‍ പോവുന്നതിലും തെറ്റില്ല. അങ്ങനെ കയറുന്നത് Paradise ല്‍ ആണെന്നതു പോലും ഞാന്‍ നോട്ട് ചെയ്തു.

5. വൃത്തിക്ക് ഒരു ജോയിന്റുണ്ടാക്കി വലിക്കാനും നിമിഷങ്ങളോളം അനന്തതയിലേക്ക് നോക്കി നില്‍ക്കാനും അതിന്റെ ട്രിപ്പില്‍, ഹറാമാകുമായിരുന്ന ഷോട്ടിനെ ഹലാലാക്കി കട്ട് ചെയ്യാനുള്ള ബോധം സൂക്ഷിക്കാനും പറ്റുന്ന സിനിമാ ക്രൂവിനെ 15 കൊല്ലം മുമ്പുള്ള ഒരു പ്രാസ്ഥാനിക സെറ്റിംഗിനകത്ത് ഇമാജിന്‍ ചെയ്തത്. ഈ സിനിമയിലൂടെ ആരെങ്കിലും എന്തെങ്കിലും ‘ഒളിച്ചു കടത്തുകയോ’ ‘വെളുപ്പിക്കുകയോ’ ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രസ്തുത വാതക ദ്രാവക സേവയാണ്.

6. ശെരീഫിനെയും സുഹ്‌റയേയും സെക്‌സിനെ കുറിച്ചുള്ള തുറന്ന ചര്‍ച്ചയിലേക്ക് പറഞ്ഞു വിട്ടത്. ‘കെട്ടിപ്പിടുത്തത്തില്‍ തുടങ്ങിയല്ലേ നമ്മളതിലേക്കെത്താറ്’ എന്ന മട്ടിലുള്ള സംഭാഷണം മലയാള സിനിമയില്‍ ഒരു പൊതുവും ഇത്ര സ്വാഭാവികതയോടെ ഉപയോഗിച്ചു കണ്ടിട്ടില്ല.
‘ശ്ശോ’!
‘ആരെങ്കിലും കാണും’, ‘പിള്ളേരുറങ്ങട്ടെ’,
തുടങ്ങിയ വ്രീളാവിവശമായ ദാമ്പത്യശബ്ദങ്ങളില്‍ നിന്ന് ലൗ സ്റ്റോറി മുന്നോട്ട് നടന്നു എന്നത് സിനിമയുടെ കൊലാറ്ററല്‍ പ്രോഫിറ്റാണ്.
(പ്രസ്ഥാനം നടത്തുന്ന പത്രം മുല എന്ന വാക്കൊന്നും ഇപ്പോഴും അച്ചടിക്കില്ല എന്നോര്‍ക്കണം. മുലയെന്നു കണ്ടാല്‍ വെട്ടി മാറിടമാക്കും, കഥയായാലും വാര്‍ത്തയായാലും. ചിത്രമാണെങ്കില്‍ ബ്ലൗസിട്ടു കൊടുക്കും.)

7. ‘സോളിഡാരിറ്റിയുള്ള കേരളം’ ജനിക്കുന്നതിനും പതിറ്റാണ്ടുകള്‍ മുമ്പേ ‘പൊതു’വായിത്തീര്‍ന്ന നിലമ്പൂര്‍ ആയിഷാത്തയേയും മാമുക്കോയയേയും സീനത്തിനേയും അഭിനയിപ്പിച്ചത്.

8. നാസര്‍ മാഷ് എന്ന നടനെ വീണ്ടും വീണ്ടും കാണിച്ചു തന്നത്.

9. തൗഫീഖ് മാസ്റ്ററും റഹീം സാഹിബും നിര്‍മ്മിച്ച് സിറാജെന്ന ‘പൊതു’ സംവിധാനം ചെയ്ത ‘മൂന്നാമതും ഉമ്മ’ ഹലാലാക്കിയത് കെട്ടിപ്പിടുത്തം കട്ട് ചെയ്താണ്. പക്ഷെ ആഷിഖ് അബു എന്ന പൊതു നിര്‍മ്മിക്കുന്ന സക്കരിയയുടേയും മുഹ്‌സിന്റെയും സിനിമയില്‍ കെട്ടിപ്പിടുത്തം ഹറാമാവുന്നില്ല.

10. Last but not the least ചരിത്രത്തിലെ ചെന്നായ്ക്കളെ പേടിക്കാതെ ഒറ്റക്കിറങ്ങി നടക്കാന്‍ ശ്രമിച്ചത്.

പിന്നെ, ആ ബസ്സ് ചുരമിറങ്ങിയോ ഇല്ലയോ എന്നെനിക്ക് തീര്‍ച്ചയില്ല. ഇപ്പോഴും ചുരത്തിന്മേല്‍ തന്നെയാണെങ്കില്‍ കുറച്ചു കൂടി കഴിയട്ടെ, മേപ്പാടി തുരങ്കപ്പാതയിലൂടെ ആനക്കാംപൊയില്‍ വഴി വന്ന് ഹിറാ സെന്ററില്‍ പാര്‍ക്കാം

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ten Reasons why I loved Halal Love Story