സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പര നാളെ (നവംബര്‍ 30ന്) റാഞ്ചിയിലാണ് അരങ്ങേറുന്നത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും സ്‌ക്വാഡിലുള്ളതാണ് ഇന്ത്യയ്ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നത്.
ആവേശകരമായ ഒരു പരമ്പരയായിരിക്കുമിതെന്നും രണ്ട് ഇതിഹാസങ്ങളും കളിക്കുന്നത് കാണാന്‍ ആരാധകര്‍ ആവേശത്തിലാണെന്നും ബാവുമ പറഞ്ഞു. മറ്റേതൊരു കളിക്കാരെയും പോലെ രോഹിത്തിനേയും വിരാടിനേയും നേരിടുമെന്നും തങ്ങള്‍ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിയെന്നും പ്രോട്ടിയാസ് ക്യാപ്റ്റന്‍ പറഞ്ഞു.
‘ഇത് വളരെ ആവേശകരമായ ഒരു പരമ്പരയായിരിക്കും. രണ്ട് ഇതിഹാസങ്ങളും തിരിച്ചുവന്ന് ഇടവേളയ്ക്ക് ശേഷം കളിക്കുന്നത് കാണാന്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ആ രണ്ട് വലിയ താരങ്ങള്‍ക്കൊപ്പം കളിക്കുമ്പോള്‍ ലഭിക്കുന്ന ഒരു വ്യത്യസ്തമായ ഊര്‍ജ്ജത്തിന്റെ ഭാഗമാകുന്നതില്‍ ഞങ്ങളും ആവേശത്തിലാണ്.
അതിന് വേണ്ടി വളരെ ആകാംക്ഷയോടെയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. മറ്റേതൊരു കളിക്കാരെയും പോലെ ഞങ്ങള്‍ രോഹിത്തിനെയും വിരാടിനെയും നേരിടും. ഞങ്ങള്‍ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ഏത് തന്ത്രവും ഞങ്ങള്‍ കണ്ടെത്തും. ഇരുവരുമുള്ളതിനാല്‍ മത്സരം അല്‍പം വ്യത്യസ്തമായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാം,’ ബാവുമ സ്റ്റാര്‍സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
പ്രോട്ടിയാസിനെതിരെ കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല.