ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സൗത്ത് ആഫ്രിക്ക കഴിഞ്ഞ ദിവസം ജേതാക്കളായിരുന്നു. ഫൈനലുകളിൽ അപരാജിത കുതിപ്പ് തുടർന്ന ഓസ്ട്രലിയൻ ടീമിനെ അഞ്ച് വിക്കറ്റിന് തകർത്തെറിഞ്ഞാണ് പ്രോട്ടിയാസ് ഐ.സി.സി ഇവന്റിലെ ആദ്യ കിരീടത്തിൽ മുത്തമിട്ടത്.
വിജയത്തോടെ തങ്ങളുടെ 27 വർഷങ്ങളുടെ കാത്തിരിപ്പിനും കണ്ണീരിനും കൂടിയായിരുന്നു പ്രോട്ടിയാസ് വിരാമം കുറിച്ചത്. ഒപ്പം കിരീടത്തിന് തൊട്ടരികിൽ തോറ്റ് തോറ്റ് ചാർത്തപ്പെട്ട ചോക്കേഴ്‌സ് എന്ന ചീത്തപേരും മാറ്റിയെടുത്തു ബാവുമയുടെ സംഘം.
സെഞ്ച്വറി പ്രകടനവുമായി ക്രീസിൽ ഉറച്ച് നിന്ന ഏയ്ഡന്‍ മര്‍ക്രമിന്റെയും ക്യാപ്റ്റൻ ബാവുമയുടെയും കരുത്തിലാണ് പ്രോട്ടിയാസ് തങ്ങളുടെ സ്വപ്നം സഫലീകരിച്ചത്. നീണ്ട വർഷങ്ങളുടെ കിരീട വരൾച്ചയ്ക്ക് പ്രോട്ടിയാസ് വിരാമമിട്ടത് ക്രിക്കറ്റിന്റെ മക്കയായ ലോർഡ്‌സിലാണെന്നത് ചരിത്രനിയോഗമാണ്.
സൗത്ത് ആഫ്രിക്കയുടെ ചരിത്ര നേട്ടത്തോടൊപ്പം തന്നെ ഒരു അപൂർവ ചരിത്ര നേട്ടവും പ്രോട്ടിയാസ് ക്യാപ്റ്റൻ തെംബ ബാവുമ സ്വന്തം പേരിലെഴുതി. ടെസ്റ്റിൽ ക്യാപ്റ്റനായി അരങ്ങേറി തോൽവികളില്ലാതെ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയ നായകൻ എന്ന നേട്ടമാണ് താരം അക്കൗണ്ടിലാക്കിയത്.
തോൽവിയറിയാതെ ഒമ്പത് വിജയങ്ങൾ നേടിയാണ് ബാവുമ ഈ നേട്ടത്തിലെത്തിയത്. 1920 – 21 ഓസ്‌ട്രേലിയൻ നായകനായ വാർവിക്ക് ആംസ്ട്രോങിന്റെ എട്ട് വിജയങ്ങളുടെ റെക്കോഡാണ് താരം തകർത്തത്.
കൂടാതെ, ക്യാപ്റ്റനായി അരങ്ങേറി ആദ്യ പത്ത് മത്സരങ്ങളിൽ ഒമ്പത് വിജയം സ്വന്തമാക്കുന്ന രണ്ടാമത്തെ നായകൻ എന്ന നേട്ടവും ബാവുമയ്ക്ക് നേടാനായി. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരുന്ന പെഴ്‌സി ചാപ്മാനാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് നായകൻ ഒരു മത്സരത്തിൽ തോൽവി അറിഞ്ഞെങ്കിൽ ബാവുമ അപരാജിതനായാണ് ഇത്ര വിജയങ്ങൾ നേടിയത്.