| Sunday, 4th May 2025, 3:33 pm

വിജയ്‌യോട് പറഞ്ഞ കഥ അദ്ദേഹത്തിന് ഇഷ്ടമായി, തെലുങ്ക് സംവിധായകനായതുകൊണ്ട് മാത്രം അവസാനനിമിഷം എന്നെ അവര്‍ ഒഴിവാക്കി: ഗോപിചന്ദ് മല്ലിനേനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ഗോപിചന്ദ് മല്ലിനേനി. 2010ല്‍ പുറത്തിറങ്ങിയ ഡോണ്‍ സീനു എന്ന ചിത്രത്തിലൂടെയാണ് ഗോപിചന്ദ് സംവിധാനരംഗത്തേക്കെത്തിയത്. രവി തേജയെ നായകനാക്കി ഒരുക്കിയ ക്രാക്ക്, ബാലകൃഷ്ണ നായകനായെത്തിയ വീര സിംഹ റെഡ്ഡി എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഗോപിചന്ദിന്റേതാണ്. സണ്ണി ഡിയോള്‍ നായകാനായെത്തിയ ജാട്ട് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു.

തമിഴ് താരം വിജയ്‌യോടൊപ്പം ഒരു പ്രൊജക്ട് ചെയ്യേണ്ടതായിരുന്നെന്ന് പറയുകയാണ് ഗോപിചന്ദ് മല്ലിനേനി. വീര സിംഹ റെഡ്ഡിക്ക് ശേഷം വിജയ് തന്നെ സമീപിച്ചിരുന്നെന്ന് ഗോപിചന്ദ് പറഞ്ഞു. ആദ്യ സിറ്റിങ്ങില്‍ വിജയ്ക്ക് താന്‍ പറഞ്ഞ കഥ ഇഷ്ടമായിരുന്നെന്നും ആ പ്രൊജക്ട് ചെയ്യാമെന്ന് ഏറെക്കുറെ ഉറപ്പായെന്നും ഗോപിചന്ദ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആ സമയത്ത് വിജയ്ക്ക് മറ്റ് രണ്ട് പ്രൊജക്ടുകള്‍ തീര്‍ക്കാനുണ്ടായിരുന്നെന്നും അതിന് ശേഷം താനുമായുള്ള സിനിമ ചെയ്യാമെന്നുമായിരുന്നു ധാരണയെന്നും ഗോപിചന്ദ് പറഞ്ഞു. പിന്നീട് രാഷ്ട്രീയ പ്രഖ്യാപനം നടത്തുകയും രണ്ട് സിനിമകള്‍ക്ക് ശേഷം സിനിമാജീവിതത്തിന് ഇടവേളയെടുക്കുമെന്ന് വിജയ് പ്രഖ്യാപിച്ചെന്നും ഗോപിചന്ദ് കൂട്ടിച്ചേര്‍ത്തു.

അവസാന സിനിമയായി തന്റെ പ്രൊജക്ട് ഉണ്ടാകുമെന്ന് വിചാരിച്ചെന്നും എന്നാല്‍ വിജയ്‌യുടെ ക്ലോസ് സര്‍ക്കിളില്‍ നിന്ന് ചില സമ്മര്‍ദങ്ങള്‍ ഉണ്ടായെന്നും ഗോപിചന്ദ് പറഞ്ഞു. തെലുങ്ക് സംവിധായകനായതുകൊണ്ട് അവര്‍ അവസാനനിമിഷം തന്നെ ഒഴിവാക്കിയെന്നും ഗോപിചന്ദ് പറയുന്നു. തെലുഗു ചിത്രലു എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഗോപിചന്ദ് മല്ലിനേനി.

‘വീര സിംഹ റെഡ്ഡി റിലീസായ സമയത്ത് വിജയ്‌യെ കാണാന്‍ അവസരം കിട്ടി. കഥ ഡിസ്‌കസ് ചെയ്യാന്‍ വേണ്ടിയാണ് വിജയ് വിളിച്ചത്. ആദ്യത്തെ സിറ്റിങ്ങില്‍ ഞാന്‍ പറഞ്ഞ കഥ അദ്ദേഹത്തിന് ഇഷ്ടമായി. കമ്മിറ്റ് ചെയ്ത പ്രൊജക്ടുകള്‍ക്ക് ശേഷം ചെയ്യാമെന്ന് ഏകദേശ ധാരണയായി. പിന്നീടാണ് വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന് അനൗണ്‍സ് ചെയ്തത്.

ആദ്യം കമ്മിറ്റ് ചെയ്ത പ്രൊജക്ടുകള്‍ തീര്‍ത്ത ശേഷം വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുമെന്ന് പ്രഖ്യാപിച്ചു. അപ്പോള്‍ അവസാനത്തെ സിനിമ ആരുടെ കൂടെയാകുമെന്ന് വലിയ ചര്‍ച്ച തന്നെ നടന്നു. വിജയ്‌യുടെ ക്ലോസ് സര്‍ക്കിളില്‍ നിന്ന് പ്രഷര്‍ ഉണ്ടായിരുന്നു. തെലുങ്ക് സംവിധായകനായതുകൊണ്ട് എന്നെ അവര്‍ ഒഴിവാക്കി,’ ഗോപിചന്ദ് മല്ലിനേനി പറഞ്ഞു.

Content Highlight: Telugu director Gopichand Mallineni saying he discussed a project with Vijay

We use cookies to give you the best possible experience. Learn more