ഈ വര്‍ഷത്തെ ഏറ്റവും വലിയ ട്രോള്‍ മെറ്റീരിയലായി മാറിയിരിക്കുകയാണ് തെലുങ്ക് ചിത്രം അഖണ്ഡ 2. നന്ദമൂരി ബാലകൃഷ്ണ ഇരട്ടവേഷത്തിലെത്തിയ ചിത്രം ആദ്യദിനം തന്നെ മോശം അഭിപ്രായം സ്വന്തമാക്കി പരാജയത്തിലേക്ക് വീണു. ലോജിക്കില്ലാത്ത ഫൈറ്റ് സീനുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറി.
ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ചുള്ള ട്രോളുകളില്‍ പ്രതികരിക്കുകയാണ് തെലുങ്ക് താരം ശിവജി. ഈ വര്‍ഷത്തെ വന്‍ വിജയങ്ങളിലൊന്നായ കോര്‍ട്ടിലെ മങ്കാപതി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ശിവാജി. അഖണ്ഡ 2വില ഫൈറ്റ് സീനുകളെക്കുറിച്ചുള്ള ട്രോളുകള്‍ അനാവശ്യമാണെന്ന് ശിവജി പറഞ്ഞു.
‘ഇതിനെല്ലാം ആളുകള്‍ ലോജിക്കും നോക്കിയിറങ്ങുന്നത് കഷ്ടമാണ്. ഹോളിവുഡ് സിനിമകള്‍ കാണുന്നവരാണല്ലോ നമ്മള്‍, ഹള്‍ക്ക് എന്ന കഥാപാത്രം എങ്ങനെയാണ് അത്രയും വലുതാകുന്നതെന്നും അത്രയും ആളുകളെ ഇടിച്ചിടുന്നതെന്നും ആരും ചോദിക്കാറില്ല. അത്തരം സിനിമകളില്‍ ആര്‍ക്കും ലോജിക്ക് നോക്കുകയും വേണ്ട.
അഖണ്ഡയിലെ ബാലയ്യയുടെ കഥാപാത്രം എത്രമാത്രം പവര്‍ഫുള്ളാണെന്ന് ആദ്യഭാഗത്തില്‍ കാണിക്കുന്നുണ്ട്. അതേ രീതിയില്‍ തന്നെയാണ് ആ കഥാപാത്രത്തെ രണ്ടാം ഭാഗത്തില്‍ കാണിച്ചിട്ടുള്ളത്. അതില്‍ ലോജിക്കൊന്നും നോക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് എന്റെ അഭിപ്രായം. ഇത്രയും ട്രോളിന്റെ ആവശ്യവുമില്ല’ ശിവജി പറയുന്നു.
ബോയപ്പാട്ടി ശ്രീനുവും ബാലകൃഷ്ണയും ഒന്നിച്ച അഞ്ചാമത്തെ ചിത്രമാണ് അഖണ്ഡ 2. ആദ്യ ഭാഗത്തിന്റെ വിലകളയാനായി പുറത്തിറങ്ങിയ ചിത്രമെന്നാണ് ഈ സീക്വലിനെ പലരും വിശേഷിപ്പിച്ചത്. ബാലകൃഷ്ണയുടെ ഗെറ്റപ്പടക്കം ട്രോളിന് ഇരയായി. താരത്തിന്റെ ആക്ഷന്‍ രംഗങ്ങളും, വി.എഫ്.എക്‌സും ട്രോള്‍ മെറ്റീരിയലായിരുന്നു.
ശൂലം കൊണ്ട് മെഷീന്‍ ഗണ്‍ ഫയര്‍ ചെയ്യുന്നതും വില്ലന്മാരെ ഇടിച്ച് പറപ്പിക്കുന്നതുമെല്ലാം ട്രോള്‍ പേജുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ചിത്രത്തിലെ ഡയലോഗുകളും ട്രോളന്മാര്‍ ഏറ്റെടുത്തു. ബാലകൃഷ്ണ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളുടെ ഐ.ക്യൂ 220 ആണെന്ന് പറയുന്ന ഡയലോഗടക്കം ട്രോളന്മാര്‍ വലിച്ചുകീറുന്നുണ്ട്. അഖണ്ഡ 2വിനൊപ്പം ശിവജിയുടെ വാക്കുകളും ട്രോളന്മാരുടെ ഇരയായി മാറി.